Kerala

സത്യപ്രതിജ്ഞ ചെയ്ത് കേരളത്തില്‍ നിന്നുള്ള എംപിമാരും; ശശി തരൂര്‍ എത്തിയില്ല

Published by

ന്യൂദല്‍ഹി: കേരളത്തില്‍ നിന്ന് ലോക്സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള 18 എംപിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. കേന്ദ്ര സഹമന്ത്രിയായതിനാല്‍ ഉച്ചയ്‌ക്കായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. മറ്റ് എംപിമാര്‍ വൈകീട്ട് അഞ്ചോടെയാണ് സത്യപ്രതിജ്ഞ ചെയ്തത്.

കാസര്‍കോട്ടു നിന്നുള്ള രാജ്മോഹന്‍ ഉണ്ണിത്താനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ കെ. സുധാകരന്‍, ഷാഫി പറമ്പില്‍, എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, വി.കെ. ശ്രീകണ്ഠന്‍, കെ. രാധാകൃഷ്ണന്‍, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ് എന്നിവരും ഇന്നലെ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഷാഫി പറമ്പില്‍, കെ.സി. വേണുഗോപാല്‍, എന്‍.കെ. പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ ഇംഗ്ലീഷിലും ഹൈബി ഈഡന്‍ ഹിന്ദിയിലും മറ്റുള്ളവര്‍ മലയാളത്തിലും സത്യവാചകം ചൊല്ലി.

ദൈവത്തിന്റെ നാമത്തില്‍ എല്ലാവരും പ്രതിജ്ഞയെടുത്തപ്പോള്‍ കെ. രാധാകൃഷ്ണന്‍ ദൃഢപ്രതിജ്ഞയാണ് ചെയ്തത്. വിദേശത്തായതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തില്ല. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നുള്ള എംപിയായാകും സത്യപ്രതിജ്ഞ ചെയ്യുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by