ന്യൂയോർക്ക്: അമേരിക്കയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷം. പഠനം പൂര്‍ത്തിയാക്കി വിദേശത്തെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിരവധി പേര്‍ ദുരിതത്തില്‍. രണ്ടര പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ വലിയൊരു പ്രതിസന്ധിക്ക് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്.
വലിയ പ്രതീക്ഷയോടെ ഉപരിപഠനത്തിന് അമേരിക്കയിലെത്തിയ ആയിരക്കണക്കിന് വിദ്യാർഥികളാണ് ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയിട്ടും വഴിയോരങ്ങളിൽ അലയേണ്ടി വരുന്നത്. ഒരു വശത്ത് ബാങ്കുകളിൽ നിന്നെടുത്ത വായ്‌പ, മറുവശത്ത് ജോലി എപ്പോൾ ലഭിക്കുമെന്നറിയാത്ത ആശങ്ക.
ജോലി ലഭിക്കുന്നില്ലെന്ന് മാത്രമല്ല നാലോ അഞ്ചോ വർഷമായി ജോലി ചെയ്യുന്നവരെ സോഫ്റ്റ്‌വെയർ കമ്പനികൾ പിരിച്ചുവിടുന്നതും വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കിയ പലര്‍ക്കും ആഗ്രഹിച്ച ജോലിയും ലഭിച്ചിട്ടില്ല. പകരം പലരും ഹോട്ടലുകളിലും പെട്രോൾ പമ്പുകളിലും ജോലി ചെയ്യേണ്ട അവസ്ഥയാണ്.
തെലങ്കാനയിൽ നിന്നുള്ള വെങ്കട്ട് ആറ് വർഷം മുമ്പ് ഐഐടിയിൽ നിന്ന് എഞ്ചിനീയറിങ് പാസായി. അമേരിക്കയിൽ നിന്ന് എംഎസ് കഴിഞ്ഞ് അവിടെ ഒരു വലിയ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിയും അതോടൊപ്പം എച്ച്-വൺ ബി വിസയും ലഭിച്ചു. ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഒന്നര വർഷം മുമ്പ് കമ്പനി അദ്ദേഹത്തെ പുറത്താക്കി. മറ്റൊരിടത്തും ജോലി ലഭിക്കാത്തതിനാൽ ഇപ്പോൾ ഒരു വർഷമായി വെങ്കട്ട് ന്യൂജേഴ്‌സിയിലെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്യുകയാണ്.
ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥിക്ക് എഞ്ചിനീയറിങ് പൂർത്തിയാക്കിയ ശേഷം 40 ലക്ഷം രൂപയുടെ പാക്കേജിൽ ഒരു പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനി ജോലി വാഗ്‌ദാനം ചെയ്‌തു. എന്നാൽ അത് വേണ്ടാന്ന് വച്ചിട്ടാണ് അമേരിക്കയിലേക്ക് പോയത്. ഈയിടെയാണ് എംഎസിൽ പഠനം പൂർത്തിയാക്കിയത്. എന്നാൽ ജോലി ലഭിക്കാതെ ഏതാനും മാസങ്ങളായി പ്രയാസത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: