കോഴിക്കോട്: ഇന്നലെ കോഴിക്കോടിനെ സാഹിത്യ നഗരമായി സംസ്ഥാനം പ്രഖ്യാപിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയും എംടിയും പങ്കെടുക്കാതിരുന്നത് കാരണം ആറുമാസം മുമ്പത്തെ അകല്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി കമ്മ്യൂണിസം പറഞ്ഞ് പഠിപ്പിച്ചതു മുതലുള്ള അകല്‍ച്ച അത്രയ്ക്ക് വലുതാണ്. ആറുമാസം മുമ്പായിരുന്നു ആ സംഭവം. ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എംടി നടത്തിയ ഭരണ- അധികാരി വിമര്‍ശനം പിണറായിക്ക് വലിയ പ്രഹരമായിരുന്നു.
ഇന്നലെ എംടി ആരോഗ്യപ്രശ്നങ്ങള്‍കൊണ്ട് പങ്കെടുക്കാഞ്ഞതിനാല് മുഖ്യമന്ത്രിയും പരിപാടിയില്‍ പങ്കെടുത്തില്ല എന്നാണ് ചില പ്രചാരണം. കഴിഞ്ഞ ഏതാനും മാസങ്ങളായി എംടി ഒരു പൊതുപരിപാടിയിലും പങ്കെടുക്കുന്നില്ല. ഈ പരിപാടിയിലും സാന്നിധ്യം ഉറപ്പാക്കിയിരുന്നില്ല. എന്നാല്‍, സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപനം നടത്തി. മുഖ്യമന്ത്രിയേയും എംടിയേയും കോഴിക്കോട്ട് ഒരേ വേദിയില്‍ കൊണ്ടുവരാന്‍, അല്ലെങ്കില്‍ അങ്ങനെ പ്രചരിപ്പിക്കാനുള്ള തന്ത്രമാണ് ഇന്നലെ തകര്‍ന്നത്.
തലേന്നുമുതല്‍ കോഴിക്കോട്ടുണ്ടായിരുന്ന മുഖ്യമന്ത്രി ഇത്തരമൊരു വിശേഷ പരിപാടിയില്‍ സംബന്ധിക്കാതെ മടങ്ങിയത് അസ്വാഭാവികതയായി. എംടിക്ക് കോര്‍പ്പറേഷന്റെ വജ്രജൂബിലി പുരസ്കാരം വീട്ടില്‍ എത്തി നല്കാനായിരുന്നെങ്കില് മുഖ്യമന്ത്രിക്കുതന്നെ ചെയ്യാവുന്നതുമായിരുന്നു.
കോര്പ്പറേഷന് സംഘടിപ്പിച്ച, രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത, മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങിനെക്കുറിച്ചും പരാതികള്‍ ഏറെയാണ്. സാഹിത്യ സാംസ്കാരിക നായകന്മാരില് കോഴിക്കോട്ട് നഗരത്തിലുള്ളവരെപ്പോലും ക്ഷണിച്ചില്ല, പകരം രാഷ്ട്രീയ നേതാക്കളുടെ ആധിക്യമായിരുന്നു. സര്‍ക്കാരും സാഹിത്യ-സാംസ്കാരിക നായകന്മാരും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിന്റെ സൂചനകൂടിയാണിത്. പ്രഖ്യാപനത്തിന് വേണ്ടത്ര തയാറെടുപ്പുണ്ടായില്ല, ഈ പദവികൊണ്ട് എന്തുനേട്ടം, എന്താണ് പദ്ധതി എന്നും വിശദീകരിക്കാന്‍ സര്‍ക്കാരിനോ കോര്‍പ്പറേഷനോ കഴിഞ്ഞില്ല. അടുത്ത മാസം മേയറും ഉദ്യോഗസ്ഥവൃന്ദവും പോര്‍ച്ചുഗീസ് സന്ദര്‍ശനം നടത്തുന്നുണ്ട്. അവിടെ പ്രദര്‍ശിപ്പിക്കാന്‍ തയാറാക്കിയ ചില രേഖകളും പദ്ധതികളുമാണ് ഇന്നലെ പ്രദര്‍ശിപ്പിച്ചതെന്ന് ബിജെപി കോര്പ്പറേഷന് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നവ്യാ ഹരിദാസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: