ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശനെതിരെ അന്വേഷണത്തിനൊരുങ്ങി ആദായ നികുതി വകുപ്പ്. കുറ്റകൃത്യം മറയ്‌ക്കാൻ ദർശൻ 70.4 ലക്ഷത്തിലധികം രൂപ ചെലവിട്ടതായാണ് പോലീസ് കണ്ടെത്തൽ. ഇതിന് തെളിവുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. ദർശന്റെയും കൂട്ടാളികളുടെയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത പണം കുറ്റകൃത്യം മറയ്‌ക്കുവാനായി ഉപയോഗിച്ചതാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഈ പണത്തിന്റെ ഉറവിടം ഇതുവരെ നടൻ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെയാണ് കേസിലെ നിർണായക വിവരങ്ങൾ പോലീസ് ആദായ നികുതി വകുപ്പിന് കൈമാറിയിരിക്കുന്നത്.
ദർശനെതിരെ വകുപ്പ് സമാന്തര അന്വേഷണം നടത്തും. കഴിഞ്ഞദിവസം ദർശന്റെ വീട്ടിൽ നടന്ന പരിശോധനയിൽ 37.4 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ വീട്ടിൽ നിന്ന് 3 ലക്ഷം രൂപയും പിടിച്ചെടുത്തു. രേണുകസ്വാമിയെ കൊലപ്പെടുത്തിയ ശേഷം ദർശൻ ഭാര്യക്ക് നൽകിയതാണ് ഈ പണമെന്ന് പോലീസ് പറഞ്ഞു.
രേണുകസ്വാമിയെ ചില സാമ്പത്തിക ഇടപാടുകളുടെ പേരിൽ കൊലപ്പെടുത്തിയതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ദർശന്റെ പദ്ധതി. ഇതിനായി ചിലരെ ദര്‍ശൻ ഏർപ്പെടുത്തി. 30 ലക്ഷം രൂപയാണ് ഇതിലേക്കായി ദർശൻ ചെലവിട്ടത്. ഈ ഗൂഢാലോചനയുടെ ഭാഗമായി നാല് പേരാണ് പോലീസിൽ കീഴടങ്ങിയത്. ഇവരിൽ രണ്ടുപേർക്ക് 5 ലക്ഷം വീതം ദർശന്റെ കൂട്ടാളികൾ കൈമാറിയിരുന്നു. മറ്റ് രണ്ടുപേരുടെ ബന്ധുക്കൾക്ക് പിന്നീട് പണം കൈമാറുമെന്ന് ഉറപ്പും നൽകിയിരുന്നു.
ഈ ആവശ്യങ്ങൾക്കായി താൻ സുഹൃത്തിൽ നിന്ന് 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി ദർശൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ദർശന് പണം നൽകിയെന്ന് ആരോപിക്കപ്പെടുന്ന സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്യും. പവിത്ര ഗൗഡയുടെ പ്രേരണയാൽ ദർശനും കൂട്ടാളികളും ചേർന്ന് ഗൂഢാലോചന ചെയ്താണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. കേസിൽ ഇതുവരെ 17 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: