Business

ഓഹരിവിപണി കണ്ണുനട്ടിരിക്കുന്നത് ഇനി നിര്‍മ്മല സീതാരാമന്റെ ബജറ്റിനെ; മധ്യേഷ്യയിലെ സംഘര്‍ഷം വിപണിയെ തളര്‍ത്തുമോ?

ഇനി വിപണി കാത്തിരിക്കുന്നത് നിര്‍മ്മല സീതാരാമന്‍റെ ബജറ്റിനെയാണ്. മൂന്നാം മോദി സര്‍ക്കാര്‍ എന്തൊക്കെ അത്ഭുതങ്ങളാണ് കാത്തിവെച്ചിരിക്കുന്നത്? ജൂലായിലാണ് കേന്ദ്രബജറ്റ്.

Published by

ജൂണില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഓഹരി വിപണി അല്‍പം തണുത്ത മട്ടാണ്. ജൂണ്‍ നാലിന് ബിജെപിയ്‌ക്ക് കേവലഭൂരിപക്ഷം കിട്ടിയില്ലെന്നതിന്റെ പേരില്‍ ഓഹരി വിപണി ഇടിഞ്ഞെങ്കിലും മോദി സര്‍ക്കാര്‍ സുസ്ഥിരമായി ഭരണം മുന്നോട്ട് കൊണ്ടുപോകുമെന്ന് വന്നതോടെ പ്രശ്നം തീര്‍ന്നു. ഓഹരി വിപണി ജൂണ്‍ നാലിന്റെ നഷ്ടം നികത്തി കുതിച്ചുയര്‍ന്നു. ഇപ്പോള്‍ സ്വദേശി നിക്ഷേപകര്‍ മാത്രമല്ല, ഒരിടവേളയ്‌ക്ക് ശേഷം വിദേശ നിക്ഷേപകരും വന്‍തോതില്‍ വിപണിയില്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ കുറെ ദിവസത്തെ ഉയര്‍ച്ചയ്‌ക്ക് ശേഷം വെള്ളിയാഴ്ച ഓഹരി വിപണി ഒന്ന് താഴ്ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ ഓളം തീര്‍ന്നതോടെ ഒന്ന് തണുത്തതാണെന്ന് പറയാം. ഇനി വിപണി കാത്തിരിക്കുന്നത് നിര്‍മ്മല സീതാരാമന്റെ ബജറ്റിനെയാണ്. മൂന്നാം മോദി സര്‍ക്കാര്‍ എന്തൊക്കെ അത്ഭുതങ്ങളാണ് കാത്തിവെച്ചിരിക്കുന്നത്? ജൂലായിലാണ് കേന്ദ്രബജറ്റ്.

നയപ്രഖ്യാപനവും മറ്റ് വികസനപ്രഖ്യാപനങ്ങളും ഏതൊക്കെ ഓഹരികളെയാണ് ചലിപ്പിക്കുക എന്ന ചിന്തയിലാണ് നിക്ഷേപവിദഗ്ധരും സാമ്പത്തിക വിദഗ്ധരും. പക്ഷെ ഫലം വരാന്‍ ജൂലായിലെ ബജറ്റ് ദിവസം വരെ കാത്തിരിക്കണം. പക്ഷെ ഈ ആഴ്ച വിപണിയെ ചലിപ്പിക്കുക കറന്‍സി പലിശനിരക്ക്, നാണ്യപ്പെരുപ്പം, എണ്ണവില, വിദേശ നിക്ഷേപം, ആഗോള സാമ്പത്തിക സൂചനകള്‍ എന്നിവയാണ്.

പ്രധാനമായും ശ്രദ്ധിക്കേണ്ടത് മധ്യേഷ്യയിലെ സംഭവവികാസമാണ്. ഇസ്രയേല്‍ ഹെസ്ബൊള്ള കേന്ദ്രമായ ലെബനനില്‍ ഒരു സമ്പൂര്‍ണ്ണയുദ്ധത്തിനൊരുങ്ങുന്നു. ഹെസ്ബൊള്ളയെ വേരോടെ പിഴുതെറിയുമെന്നാണ് ഇസ്രയേല്‍ പ്രതിജ്ഞ. കുവൈത്ത്, യുഎഇ, സൗദി എന്നീ രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ പിന്‍വലിക്കുകയാണ്. ഇത് അറബ് രാജ്യങ്ങളില്‍ ഒരു പ്രതിസന്ധി സൃഷ്ടിക്കും. എണ്ണവിലയെ ഈ സംഭവവികാസം എങ്ങിനെ ബാധിക്കും എന്നും ലോകം ഉറ്റുനോക്കുന്നു.

കഴിഞ്ഞ ആഴ്ച ബാങ്കുകളുടെ സൂചികയായ ബാങ്ക് നിഫ്റ്റി മൂന്ന് ശതമാനം വളര്‍ന്നു. സ്വകാര്യബാങ്കുകളുടെ ഓഹരികള്‍ കഴിഞ്ഞ 19 മാസമായി ഏറ്റവും വലിയ ഉയര്‍ച്ച നേടി. മറ്റൊരു മേഖല സോഫ്റ്റ് വെയര്‍ കമ്പനികളാണ്. യുഎസ് വിപണിയില്‍ ഐടി രംഗം ഉണര്‍ന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക് നേട്ടമായി. അതിന് ഉദാഹരണമായ ആക്സഞ്ചര്‍ എന്ന കമ്പനി വാര്‍ഷിക വരുമാന വളര്‍ച്ചയില്‍ നല്ലൊരു നേട്ടം പ്രഖ്യാപിച്ചത്.

വിപണി താഴ്ന്നാല്‍ അത് നല്ല സാധ്യതയുള്ള ഓഹരികള്‍ വാങ്ങാനുള്ള അവസരമായി കരുതണം. വിപണിയില്‍ ലാഭം ബുക്ക് ചെയ്യാനുള്ള പ്രവണതയും കാണുന്നുണ്ട്. ബജറ്റവതരണത്തിന് മുന്നോടിയായി നിര്‍മ്മല സീതാരാമന്‍ വിവിധ ബിസിനസ് മേഖലകളിലെ വിദഗ്ധരുമായി ജിഎസ്ടി സംബന്ധിച്ച കൂടിക്കാഴ്ചകള്‍ നടത്തിവരികകയാണ്. ഈ ജിഎസ് ടി തീരുമാനങ്ങള്‍ വിവിധ ബിസിനസ് മേഖലകളെ എങ്ങിനെ ബാധിക്കുമെന്ന് അതത് മേഖലകളിലെ ഓഹരികളെ ബാധിക്കും. ഓണ്‍ലൈന്‍ ഗെയിമിങ് വിപണിക്ക് ഇളവുകള്‍ നല്‍കേണ്ടെന്ന് ഞായറാഴ്ച നടന്ന യോഗത്തില്‍ ധനമന്ത്രി തീരുമാനമെടുത്തത് ഈ മേഖലയിലെ നസാര ടെക് നോളജി പോലുള്ള കമ്പനികളെ പ്രതികൂലമായി ബാധിക്കും. വളത്തിനുള്ള നികുതി കുറച്ചത് വളം നിര്‍മ്മാണ കമ്പനികള്‍ക്ക് അനുഗ്രഹമാകും.

 

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക