ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന് ആദരാഞ്ജലിയര്‍പ്പിച്ച് മൗനമാചരിച്ച കനേഡിയന്‍ പാര്‍ലമെന്റിന്റെ നടപടിയെ അപലപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍. കനിഷ്‌ക വിമാനദുരന്തത്തിന്റെ മുപ്പത്തൊമ്പതാം വാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് കാനഡ കേന്ദ്രമാക്കിയ ഖാലിസ്ഥാന്‍ ഭീകരവാദത്തിനെതിരെ കേന്ദ്രമന്ത്രി ജയശങ്കര്‍ പ്രതികരിച്ചത്. ഭീകരവാദവും അതിന് പിന്തുണ നല്കുന്നതും ഒരുകാലത്തും പൊറുക്കാനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ചരിത്രത്തിലെ ഏറ്റവും മോശമായ ഭീകരപ്രവര്‍ത്തനങ്ങളിലൊന്നിന്റെ മുപ്പത്തൊമ്പതാം വാര്‍ഷികമാണ് ജൂണ്‍ 23 എന്ന് കേന്ദ്രമന്ത്രി എക്‌സില്‍ കുറിച്ചു. 1985ലെ ഈ ദിവസം എഐ 182 കനിഷ്‌കയ്‌ക്ക് നേരെ നടന്ന ആക്രമണത്തില്‍ 329 നിരപരാധികളാണ് കൊല്ലപ്പെട്ടത്. അവരുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ കുടുംബത്തോടൊപ്പം നിലകൊള്ളുകയാണ് നമുക്ക് ചെയ്യാനുള്ളത്. ഭീകരത ഒരിക്കലും വച്ചുപൊറുപ്പിക്കരുതെന്നാണ് ഈ വാര്‍ഷികം നമ്മെ ഓര്‍മിപ്പിക്കുന്നത്, ജയശങ്കര്‍ കുറിച്ചു.
കനിഷ്‌കയ്‌ക്കെതിരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കാനഡയിലെ ഭാരത കോണ്‍സുലേറ്റ് ജനറല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭീകരവാദഭീഷണിയെ നേരിടാന്‍ ഭാരതം എന്നും മുന്‍പന്തിയിലുണ്ടാകുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.
1985 ജൂണ്‍ 23ന് കാനഡയിലെ മോണ്‍ട്രിയലില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് 31,000 അടി ഉയരത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ ഭീകരരാണ് വിമാനത്തില്‍ ബോംബ് വച്ചത്. ആക്രമണത്തില്‍ 268 കനേഡിയന്‍ പൗരന്മാരും 27 ബ്രിട്ടീഷ് പൗരന്മാരും 24 ഭാരതീയരുമുള്‍പ്പെടെ 329 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: