കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ലഭിച്ചത് ശക്തമായ മഴ. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പടിഞ്ഞാറന്‍ കാറ്റിന് ശക്തി കുറഞ്ഞതോടെ മഴ ഒറ്റപ്പെട്ട ഇടങ്ങളില്‍ മാത്രമാണ് ഏറെനേരം നീണ്ടു നിന്നത്. പുലര്‍ച്ചെയും രാവിലെയും മഴ ഇടവേളകളോടെ പരക്കെ കിട്ടിയെങ്കിലും പിന്നീട് ശക്തി കുറഞ്ഞു. പിന്നീട് രാത്രിയില്‍ മധ്യകേരളത്തില്‍ വിവിധ ഇടങ്ങളില്‍ മഴ തിരിച്ചെത്തി. പ്രവചിച്ചതുപോലെ കാറ്റ് ശക്തമാകാതെ വന്നതോടെ മഴ മേഘങ്ങളില്‍ ഭൂരിഭാഗവും കടലില്‍ തന്നെ പെയ്‌തൊഴിഞ്ഞു. വലിയ മഴ ഭീഷണിയില്‍ നിന്ന് കേരള രക്ഷപ്പെടുകയും ചെയ്തു.
ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.
മഹാരാഷ്‌ട്ര മുതല്‍ കേരളതീരം വരെ അറബിക്കടലില്‍ ന്യൂനമര്‍ദപാത്തി തുടരുകയാണ്. തെക്കന്‍ ഛത്തീസ്ഗഡിലും തെക്കന്‍ മഹാരാഷ്‌ട്രയിലുമായി രണ്ട് അന്തരീക്ഷ ചുഴികളും നിലയിലുണ്ട്. ഏതാനും ദിവസം കൂടി ഇതിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. എന്നാല്‍ നാളെ മുതല്‍ മഴയുടെ ശക്തി കുറഞ്ഞു തുടങ്ങും. വടക്കന്‍ കേരളത്തില്‍ രണ്ടുദിവസം കൂടി മഴ തുടരും. കാലവര്‍ഷത്തില്‍ ഇതുവരെ 43% മഴയുടെ കുറവുണ്ട്. 48.86 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 27.79 സെന്റീമീറ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: