കണ്ണൂര്‍ : ടി പി ചന്ദ്രശേഖരന്‍ വധ കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള പട്ടിക തയാറാക്കിയത് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി. പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം വിവാദമായതിന് പിന്നാലെ ജയില്‍ ഡിജിപിക്ക് ജയില്‍ സൂപ്രണ്ട് വിശദീകരണം നല്‍കി.
അതേസമയം,ടി പി കേസിലെ പ്രതികള്‍ക്ക് ഇളവ് നല്‍കില്ലെന്ന് ജയില്‍ മേധാവി വ്യക്തമാക്കി.
ടിപി കേസിലെ പ്രതികളുടെ റിപ്പോര്‍ട്ട് ചോദിച്ചത് ആഭ്യന്തര വകുപ്പ് ഇറക്കിയ ചട്ട പ്രകാരമെന്നാണ് ജയില്‍ സൂപ്രണ്ട് നല്‍കിയ വിശദീകരണത്തിലുളളത്.ശിക്ഷ ഇളവ് നല്‍കാനായി 188 തടവുകാരുടെ പട്ടിക തയാറാക്കി. 2022 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ മാനദണ്ഡമനുസരിച്ചാണ് ടിപി കേസ് പ്രതികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. 188 പേരുടെയും വിടുതല്‍ സംബന്ധിച്ചും പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഒഴിവാക്കല്‍ നടക്കുന്നതെന്നും ജയില്‍ മേധാവിക്ക് നല്‍കിയ വിശദീകരണത്തില്‍ സൂപ്രണ്ട് പറയുന്നു.
ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയയ്‌ക്കാനുളള നീക്കം വിവാദമായിരുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പുറത്തുവിടാനുള്ള നീക്കം വെളിവായതോടെ രാഷ്‌ട്രീയ വിവാദത്തിനും തിരിതെളിച്ചു.
ഹൈക്കോടതി വിധി മറികടന്നാണ് ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം. 20 വര്‍ഷം വരെ ശിക്ഷാ ഇളവ് പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രതികളുടെ അപ്പീല്‍ തള്ളിയായിരുന്നു ശിക്ഷ വര്‍ധിപ്പിച്ചത് കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: