ന്യൂദല്‍ഹി: കെജ്രിവാളിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം വാദം കേട്ട് ദല്‍ഹി റൗസ് കോടതി പ്രത്യേക ജഡ്ജി ന്യായബിന്ദു കെജ്രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ വിമര്‍ശിച്ച് സീനിയര്‍ ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ. ഇഡി കോടതിയില്‍ സമര്‍പ്പിച്ച ആയിരക്കണക്കിന് പേജുകളുള്ള രേഖകള്‍ വായിക്കാതെയാണ് ന്യായബിന്ദു കെജ്രിവാളിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നല്‍കിയത്.
സത്ത് ഗ്രൂപ്പ് എന്ന രാഷ്‌ട്രീയക്കാരും ബിസിനസുകാരും അടങ്ങുന്ന സ്ഥാപിതതല്‍പരഗ്രൂപ്പിന് ദല്‍ഹിയില്‍ മദ്യവില്‍പനയ്‌ക്കുള്ള സമ്പൂര്‍ണ്ണ അധികാരത്തിനുള്ള ലൈസന്‍സ് നല്‍കിയപ്പോള്‍ 100 കോടി കെജ്രിവാള്‍ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. ഈ കൈക്കൂലിപ്പണം ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെജ്രിവാള്‍ ഉപയോഗിച്ചതായി ഇഡി കണ്ടെത്തുകയും ചെയ്തു. സൗത്ത് ഗ്രൂപ്പ് എന്ന സ്ഥാപിതതല്‍പരഗ്രൂപ്പിന് പിന്നില്‍ തെലുങ്കാനയിലെ മുന്‍മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ.കവിതയും ഉള്‍പ്പെടും. മദ്യനയം സൗത്ത് ഗ്രൂപ്പിന് അനുകൂലമായി തയ്യാറാക്കിയതിലും 100 കോടി കൈക്കൂലി വാങ്ങിയതിലും കവിതയും കെജ്രിവാളും ഗൂഢാലോചന നടത്തിയതായും ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം കണക്കിലെടുക്കാതെയാണ് ന്യായബിന്ദു കെജ്രിവാളിന് ജാമ്യം അനുവദിച്ചത് എന്നാണ് ഇഡിയുടെ പരാതി.
എന്നാല്‍ ഈ കേസില്‍ ഇഡിക്ക് ഗോവയില്‍ പണം ഉപയോഗിച്ചതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാനായിട്ടില്ലെന്നാണ് ന്യായബിന്ദുവിന്റെ വാദം. കെജ്രിവാള്‍ കുറ്റവാളിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നതായിരുന്നു ന്യായബിന്ദു നിരത്തിയ മറ്റൊരു വാദം. 100 കുറ്റവാളികള്‍ രക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുതെന്ന ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെ വചനം ഉദ്ധരിച്ച ന്യായബിന്ദു ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിന് കെജ്രിവാളിന്റെ പേര് സിബിഐ കേസിലോ ഇഡി കേസിലോ ഇല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.
ന്യായബിന്ദുവിനെ വാദത്തിനെതിരെ സീനിയര്‍ ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ നടത്തുന്ന വിമര്‍ശനം
അനാവശ്യമായ ചില നിരീക്ഷണങ്ങള്‍ ന്യായബിന്ദു വിധിയില്‍ നടത്തുന്നതായി പെഴ്സിവല്‍ ബില്ലിമോറിയ പറയുന്നു. ഈ കേസില്‍ ജാമ്യം നല്‍കുക എന്നത് അനാവശ്യമായ ഒരു തീരുമാനമാണ്. “അഴിമതിപ്പണമായി കെജ്രിവാള്‍ വാങ്ങിയ 100 കോടി രൂപ കൈപ്പറ്റിയ വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണല്ലോ ജഡ്ജി ന്യായബിന്ദു നടത്തിയ ഒരു നിരീക്ഷണം. പക്ഷെ ഈ 100 കോടിയില്‍ 40 കോടി എങ്ങിനെ കെജ്രിവാളിന്റെ പക്കല്‍ എത്തിയതെന്ന് ഇഡി വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി 60 കോടിയുടെ വഴിയാണ് കണ്ടെത്താനുള്ളത്. എത്ര സമയം കൊണ്ട് ഈ തുക കണ്ടെത്താനകുമെന്ന് തീര്‍ത്ത് പറയാനാകില്ലെന്നും ഇഡി പറഞ്ഞിട്ടുണ്ട്. എന്തായാലും മനീഷ് സിസോദിയയുടെ കേസില്‍ ജൂലായ് ആദ്യത്തെ ആഴ്ച അടുത്ത കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഇഡി പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ഘട്ടത്തില്‍ കെജ്രിവാളിനെ ജാമ്യം നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല.” – ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ അഭിപ്രായപ്പെടുന്നു.
പിന്നെ എന്തിനാണ് ന്യായബിന്ദുവിന്റെ വാദത്തിനെതിരെ ഇഡി ഹൈക്കോടതിയില്‍ പോയി കെജ്രിവാളിന്റെ ജാമ്യം റദ്ദാക്കിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും ബില്ലി മോറിയ വ്യക്തമായി ഉത്തരം നല്‍കുന്നു. “കെജ്രിവാളിന് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയത് നെറികേടാണെന്ന വാദമാണ് ഇഡിയ്‌ക്കുള്ളത്. മാത്രമല്ല, ഈ കേസില്‍ വാദപ്രതിവാദങ്ങള്‍ വിവിധ കോടതികളില്‍ ഏറെ നടന്നതുമാണ്. ഇരുവിഭാഗങ്ങളും അവരുടെ വാദം ന്യായീകരിക്കാന്‍ ധാരാളം തെളിവുകളും നല്‍കിയിട്ടുണ്ട്. അങ്ങിനെയിരിക്കെ ഇഡിയുടെ ആയിരക്കണക്കിന് പേജുള്ള ന്യായവാദങ്ങള്‍ വായിക്കാന്‍ കഴിയില്ലെന്ന് ന്യായബിന്ദു പറഞ്ഞതിനെ ന്യായീകരിക്കാനാവില്ല. പ്രഥമദൃഷ്ട്യാ ഒരാള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരാളെ ഇഡിയ്‌ക്ക് അറസ്റ്റ് ചെയ്യാനാകൂ. അപ്പോള്‍ ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്യാന്‍ ഹാജരാക്കിയ രേഖകള്‍ നോക്കാന്‍ ജഡ്ജിക്ക് ബാധ്യതയുണ്ട്. ആ രേഖകള്‍ ന്യായബിന്ദു നോക്കാന്‍ കഴിയില്ല എന്നാണ് പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ 19ാം വകുപ്പ് പറയുന്നത് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം എന്നാണ്.” – ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: