Article

ഇന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം: മനുഷ്യ പ്രയത്‌നത്തിന്റെ മഹാകാവ്യം

Published by

ഡോ. പി.ടി. ഉഷ എംപി
പ്രസിഡന്റ്, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍

വേദനകളെയും വെല്ലുവിളികളെയും വേഗവും വീര്യവും കൊണ്ട് വെല്ലുന്ന മനുഷ്യ പ്രയത്‌നത്തിന്റെ മഹാകാവ്യമാണ് ഓരോ നാല് വര്‍ഷത്തിലും അരങ്ങേറുന്ന ഒളിമ്പിക്‌സ് എന്ന മഹാകായിക ഗാഥ. ഏതാണ്ട് മൂവായിരം വര്‍ഷം മുമ്പ് പ്രാചീന ഗ്രീസിലെ പെലോ പോനിസില്‍ ആരംഭിച്ചു എന്ന് കണക്കാക്കപ്പെടുന്ന ഒളിമ്പിക്‌സ് മത്സരങ്ങള്‍ നാല് വര്‍ഷ കാലയളവില്‍ നടത്തപെട്ടിരുന്നു, ഈ കാലയളവ് ‘ ഒളിംപ്യാഡ് ‘ എന്നറിയപ്പെട്ടിരുന്നു. 1894 ല്‍, പിയറി ദു കുബര്‍ട്ടിന്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ വേണ്ട പദ്ധതികള്‍ക്ക് തുടക്കമിടുകയും 1896 ല്‍ ഏഥന്‍സില്‍ ആധുനിക ഒളിമ്പിക് മത്സരങ്ങള്‍ക്ക് കൊടിയേറുകയും ചെയ്തു. നിലവിലെ രേഖകള്‍ പ്രകാരമുള്ള ആദ്യ ഒളിമ്പിക് ചാമ്പ്യന്‍ എലിസ് എന്ന പട്ടണത്തില്‍ നിന്നുള്ള കൊറോബിയസ് എന്ന പാചകക്കാരന്‍ ആണ്, 776 ബി സി യില്‍ നടന്ന മത്സരത്തില്‍ സ്പ്രിന്റ് റേസില്‍ വിജയിച്ച അദ്ദേഹം ഒളിമ്പിക്‌സ് മത്സരത്തിന്റെ സാര്‍വ്വ ജനീന സ്വഭാവം കൂടി വെളിവാക്കുന്നു.

എന്താണ് ഒളിംപിസം

ഒളിംപിസം എന്ന ആശയം ഒളിമ്പിക്‌സ് മത്സരങ്ങളുടെ പിറകിലെ തത്വശാസ്ത്രമാണ് . ശരീരം, മനസ്സ്, നിശ്ചയം എന്നീ മൂന്ന് ഗുണങ്ങളെ സമതുലിതമായി പ്രയോഗിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ജീവനപദ്ധതി. പരിശ്രമത്തിന്റെ സന്തോഷം , സാമൂഹിക ഉത്തരവാദിത്വം, അടിസ്ഥാന നൈതികത എന്നിവ ചേര്‍ന്ന നല്ല മാതൃകകളാണ് ഓരോ ഒളിമ്പ്യനും ആവേണ്ടത് എന്ന രീതിശാസ്ത്രം കൂടിയാണ് ഒളിംപി
സം. കായിക മത്സരങ്ങള്‍ മനുഷ്യ രാശിയുടെ ഐക്യത്തോടെയുള്ള പുരോഗതിക്കായി വിനിയോഗിക്കാനും മനുഷ്യാന്തസ്സിന്റെ സംരക്ഷണത്തിലൂടെ സമാധാനത്തില്‍ നിലകൊള്ളുന്ന മനുഷ്യ സമൂഹം നിര്‍മ്മിക്കാനും ഓരോ കായികതാരത്തിനും ഉത്തരവാദിത്തമുണ്ട്.

ഇന്ത്യയുടെ ഒളിമ്പിക് കുതിപ്പ് കരുത്തുറ്റ നേതൃത്വത്തിന് കീഴില്‍ വളരെയധികം സാധ്യതകള്‍ ഉണ്ടായിട്ടും ഭാരതത്തിന്റെ കായിക ശക്തിയും സാദ്ധ്യതകളും പരിമിതമായ നിലയില്‍ മാത്രമാണ് പ്രകാശിപ്പിക്കപ്പെട്ടത്.

1900 ല്‍ പാരിസില്‍ നടന്ന ഒളിമ്പിക്‌സ് മത്സരത്തില്‍ ഭാരതത്തിന്റെ ഒരേയൊരു പ്രതിനിധി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്ന് ഏകദേശം ഒരു നൂറ്റാണ്ട് നീണ്ട ഒളിമ്പിക് ചരിത്രത്തില്‍ ഭാരതം ഒളിമ്പിക് മത്സരരംഗത്ത് അനവധി ഉയര്‍ച്ച താഴ്‌ച്ചകള്‍ നേരിട്ടുകൊണ്ട് അഭിമാനത്തോടെ മുന്നേറുകയാണ്.

സ്വതന്ത്ര ഇന്ത്യയ്‌ക്കായി കെ. ഡി. ജാദവിന്റെ ആദ്യ വ്യക്തിഗത ഒളിമ്പിക് മെഡലും, ബീജിംഗ് ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്ര നേടിയ സ്വര്‍ണ്ണ മെഡലും, ടോക്കിയോ ഒളിമ്പിക്‌സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളിലെ നീരജ് ചോപ്രയുടെ സ്വര്‍ണ്ണ മെഡലും അഭിമാന നേട്ടങ്ങളാണ്. 1984, 1988 കാലങ്ങളിലെ മത്സരങ്ങളില്‍ നേരിട്ട പ്രതികൂല സാഹചര്യങ്ങളും ഭാരതം സധൈര്യം നേരിട്ടു.

2016 ല്‍ റിയോ ഡി ജനീറോ ഒളിമ്പിക്ക്സില്‍ 117 കായികതാരങ്ങളെ ഉള്‍പ്പെടുത്തി ഒരു വെള്ളി മെഡലും ഒരു വെങ്കല മെഡലും നേടിയെങ്കില്‍, 2020 ലെ ടോക്കിയോ ഒളിമ്പിക്ക്‌സില്‍ 124 കായികതാരങ്ങളെ ഉള്‍പ്പെടുത്തി ഒരു സ്വര്‍ണ്ണ മെഡലും രണ്ട് വെള്ളി മെഡലും, നാല് വെങ്കല മെഡലും നേടി ആഗോള ഒളിമ്പിക്‌സ് റാങ്കിംഗില്‍ 48 -മത് സ്ഥാനം നേടിയിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ഭാരതത്തിന്റെ മറ്റെല്ലാ മേഖലയിലും എന്ന പോലെ കായിക മേഖലയിലും വന്‍കുതിപ്പാണ് നടത്തുന്നത്. സമീപകാല ഒളിമ്പിക് മത്സരങ്ങളില്‍ ഇന്ന് നമ്മള്‍ മികച്ച പുരോഗതിയാണ് നേടിയിരിക്കുന്നത്, ഒപ്പം തന്നെ ഭാവിയിലേക്കുള്ള സുപ്രധാനമായ ദീര്‍ഘവീക്ഷണത്തോടെയുള്ള നയപരിപാടികള്‍ കൈക്കൊണ്ടുവരുന്നു. 2036 – ല്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് ഭാരതത്തില്‍ നടത്താനുള്ള സാധ്യതകള്‍ കൂടി പരിശോധിക്കപ്പെടുന്നു.

ഭാരതത്തിന്റെ കായിക ബജറ്റ് , ഖേലോ ഇന്ത്യ ഗെയിംസ്, ടോപ്‌സ് ( ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീം) എന്നിങ്ങനെയുള്ള അനവധി പദ്ധതികള്‍ ഭാരതത്തിലെ കായിക അടിസ്ഥാന സൗകര്യ, ശേഷി വികസന നയങ്ങളുടെ മികച്ച ഉദാഹരണങ്ങളാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ പ്രധാനമന്ത്രി നേരിട്ട് ഓരോ കായിക താരങ്ങളുടെയും ക്ഷേമവും പുരോഗതിയും അന്വേഷിക്കുകയും , അവരുടെ പുരോഗതിയില്‍ ആത്മാര്‍ഥമായി സന്തോഷിക്കുകയും ചെയ്യുന്ന സാഹചര്യം ഓരോ കായികതാരത്തിനും അനന്യമായ അനുഭവമാണ്.

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം ഇന്ന് ‘ചലനം, പഠനം, കണ്ടെത്തല്‍ – ഒരു മികച്ച ലോകസൃഷ്ടിക്കായി ‘ ‘ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് രൂപവല്‍കരിച്ചിരിക്കുന്നത്. ചലനം എന്ന ആശയം ഏതു പ്രായത്തിലും ഏതു തരം കഴിവും ഉള്ള വ്യക്തികള്‍ക്ക് എല്ലാത്തരം കായിക പ്രവര്‍ത്തികളിലും ഏര്‍പ്പെടാന്‍ സാധിക്കും എന്നതിന്റെ പ്രകാശനമാണ്.

പഠനം എന്ന ആശയം ഒളിമ്പിക്‌സ് മൂല്യങ്ങളായ മികവ്, സൗഹൃദം, ആദരവ് എന്നീ ആശയങ്ങളെക്കുറിച്ച് പഠിക്കാനും കായിക മത്സരങ്ങള്‍ ഓരോ ജനസമൂഹത്തിലും നല്‍കുന്ന ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, ആഗോള സമാധാനം എന്നീ മഹത്തായ സംഭാവനകളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനുമുള്ള അവസരം കൂടിയാണ്. കണ്ടെത്തല്‍ എന്ന ആശയം വ്യക്തികള്‍ പുതിയ കായിക മത്സരങ്ങളും കായിക പ്രവര്‍ത്തികളും പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു.

ഇത്തരത്തിലുള്ള മഹത്തായ ആശയങ്ങള്‍ ആണ് ഓരോ ഒളിമ്പിക് ദിനവും നല്‍കുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ എന്ന നിലയില്‍ ഭാരതത്തിന്റെ ഓരോ പൗരനും കായികവിനോദങ്ങള്‍, ശാരീരിക ക്ഷമത വര്‍ദ്ധന , കായിക മത്സരങ്ങളിലൂടെ വ്യക്തികളിലെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കല്‍ എന്നിങ്ങനെ ഉന്നതമായ മൂല്യങ്ങള്‍ നേടുമെന്ന് ഈ ഒളിമ്പിക് ദിനത്തില്‍ പ്രത്യാശിക്കുന്നു.

മനസ്സിന്റെയും ശരീരത്തിന്റെയും സമതുലിതമായ അവസ്ഥയുടെ പ്രകാശനം കൂടിയായ സക്രിയമായ ധ്യാനമാണ് കായിക വിനോദങ്ങള്‍ എന്ന് സൂചിപ്പിച്ചു കൊണ്ട് എല്ലാ ഭാരതീയര്‍ക്കും ഒളിമ്പിക് ദിനാശംസകള്‍ നേരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക