ചങ്ങനാശ്ശേരി: സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ വര്‍ഗീയ സ്പര്‍ധ വളര്‍ത്തുന്നതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസ് ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുകളും രാഷ്‌ട്രീയപാര്‍ട്ടികളും മുന്നാക്ക സമുദായത്തെ അകറ്റി നിര്‍ത്തുകയാണ്. സമസ്ത മേഖലകളിലും വര്‍ഗീയതയാണിപ്പോള്‍. എല്ലാ മേഖലയിലും മുന്നാക്ക സമുദായം അവഗണിക്കപ്പെടുകയാണ്, അദ്ദേഹം പറഞ്ഞു.
പരാജയത്തില്‍ നിന്നു പാഠം പഠിച്ചില്ലെങ്കില്‍ ഇനിയും തിരിച്ചടികളുണ്ടാകും. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ സേവനം ചെയ്യുന്ന സംഘടനയാണ് എന്‍എസ്എസ്. എന്നിട്ടും സ്‌കൂള്‍, കോളജുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്താവുന്ന സാഹചര്യമല്ല ഇന്ന്. എയ്ഡഡ് സ്‌കൂളുകളിലെ നിയമന കാര്യങ്ങളിലും ജീവനക്കാരുടെ അംഗീകാര കാര്യത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കാനാകില്ല.
ചിലര്‍ അഴിമതിക്കാരായേക്കാമെന്നതിനാല്‍ മുഴുവന്‍ എയ്ഡഡ് മാനേജ്മെന്റുകളെയും അടച്ചാക്ഷേപിക്കുന്നതു ഭൂഷണമല്ല. അഴിമതിക്കെതിരേ നടപടിയെടുക്കാതെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും സമ്മതിക്കില്ല. സംവരണ ഇളവുകള്‍ വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളിലെ യോഗ്യതയില്‍ വെള്ളം ചേര്‍ക്കും. വോട്ടു രാഷ്‌ട്രീയത്തിനായി ജനങ്ങളെ ജാതീയമായി വിഭജിക്കുന്ന ജാതി സംവരണം അവസാനിപ്പിച്ച് ജാതി- മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന ബദല്‍ സംവിധാനം നടപ്പാക്കണമെന്ന് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: