ന്യൂദല്‍ഹി: പൊതു പ്രവേശന പരീക്ഷകളില്‍ ക്രമക്കേട് കാണിക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും ഒരു കോടി രൂപ പിഴയും ഉറപ്പാക്കുന്ന നിയമം പ്രാബല്യത്തില്‍. പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്സാമിനേഷന് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ആക്ട് 2024 കേന്ദ്രം വിജ്ഞാപനം ചെയ്തു. ഫെബ്രുവരിയിലാണ് പാര്‍ലമെന്റ് നിയമം പാസാക്കിയത്.
പരീക്ഷാ ക്രമക്കേട് സംഘടിത കുറ്റമാണെന്ന് തെളിഞ്ഞാല്‍ അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. വ്യക്തി ഒറ്റയ്ക്ക് ചെയ്ത കുറ്റമാണെങ്കില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും പത്തു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. എല്ലാ കുറ്റങ്ങളിലും ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്യാം.
യുപിഎസ്സിയും എസ്എസ്സിയും നടത്തുന്ന പരീക്ഷകളിലും നീറ്റ്, ജെഇഇ, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകളിലും പേപ്പര്‍ ചോര്‍ച്ചയും സംഘടിത ക്രമക്കേടുകളും തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം. ചോദ്യ പേപ്പര്‍, ഉത്തരസൂചിക, ഒഎംആര്‍ ഷീറ്റ് എന്നിവ ചോര്‍ത്തല്‍, ഗൂഢാലോചന, ആള്‍മാറാട്ടം, കോപ്പിയടിക്കാന്‍ സഹായിക്കല്‍, ഉത്തര സൂചിക പരിശോധന അട്ടിമറിക്കല്‍, മത്സരപ്പരീക്ഷയില്‍ ചട്ടങ്ങളുടെ ലംഘനം, റാങ്ക് ലിസ്റ്റ് രേഖകളിലെ തിരിമറി, സുരക്ഷാസംവിധാനങ്ങളുടെ ലംഘനം, പരീക്ഷാഹാളിലെ ഇരിപ്പിടം, തീയതി, ഷിഫ്റ്റ് തുടങ്ങിയവയിലെ ക്രമക്കേടുകള്‍, വ്യാജ വെബ്സൈറ്റ് ഉണ്ടാക്കല്‍, വ്യാജ അഡ്മിറ്റ് കാര്‍ഡുകള്‍, പണ ലാഭത്തിനായുള്ള കത്തിടപാടുകള്‍ എന്നിവയാണ് കുറ്റകൃത്യങ്ങള്‍.
കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാത്ത പരീക്ഷാസേവന ദാതാക്കള്‍ക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്തും. കുറ്റം ചെയ്യാന്‍ അനുവദിക്കുകയോ പങ്കാളിയാകുകയോ ചെയ്യുന്ന ഉദ്യോഗസ്ഥന് മൂന്ന് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കും. ഒരു കോടി രൂപ പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: