ന്യൂദല്‍ഹി: ദേശീയ പ്രവേശന പരീക്ഷാ ഏജന്‍സിയായ എന്‍ടിഎയുടെ പരിഷ്കരണത്തിനായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഏഴംഗ ഉന്നതതല വിദഗ്ധ സമിതിയെ പ്രഖ്യാപിച്ചു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനും ഐഐടി കാണ്‍പൂര്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ചെയര്‍മാനുമായ ഡോ. കെ. രാധാകൃഷ്ണനാണ് സമിതിയുടെ അധ്യക്ഷന്‍.
സുതാര്യത ഉറപ്പുവരുത്തി സുഗമമായി പരീക്ഷകള്‍ നടത്താനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദേശം. പരീക്ഷാ പ്രക്രിയയിലെ പരിഷ്കരണങ്ങള്‍, ഡേറ്റാ സുരക്ഷാ പ്രോട്ടോക്കോളില്‍ വരുത്തേണ്ട മാറ്റങ്ങള്‍, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവ സമിതി രണ്ടുമാസത്തിനകം മന്ത്രാലയത്തിന് സമര്‍പ്പിക്കും. ദല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ, ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല വിസി പ്രൊഫ. ബി.ജെ റാവു, ഐഐടി മദ്രാസ് പ്രൊഫസര്‍ രാമമൂര്‍ത്തി കെ., കേന്ദ്രസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പരിശീലന സംവിധാനമായ കര്‍മയോഗി ഭാരത് ബോര്‍ഡ് മെമ്പര്‍ പങ്കജ് ബന്‍സല്‍, ഐഐടി ദല്‍ഹി ഡീന്‍ പ്രൊഫ. ആദിത്യ മിത്തല്‍, കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാള്‍ എന്നിവരാണ് ഉന്നതതല സമിതിയിലെ മറ്റംഗങ്ങള്‍.
പരീക്ഷാ നടത്തിപ്പിന്റെ ഓരോ ഘട്ടങ്ങളും വിലയിരുത്തി സംവിധാനങ്ങളില്‍ വരുത്തേണ്ട പരിഷ്കരണങ്ങള്‍ സംബന്ധിച്ച ശിപാര്‍ശകള്‍ സമിതി സമര്‍പ്പിക്കും. എന്‍ടിഎയുടെ പരീക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ച് പ്രോട്ടോക്കോളുകള്‍ ശക്തിപ്പെടുത്താനും ഓരോ തലത്തിലും നിരീക്ഷണം ഏതുവിധം വേണമെന്നും സമിതി തീരുമാനിക്കും. വിവര സുരക്ഷാ പ്രോട്ടോക്കോളുകള്‍ മെച്ചപ്പെടുത്തും. ചോദ്യപേപ്പറുകള്‍ തയാറാക്കുന്നതു മുതലുള്ള എല്ലാ പരീക്ഷാ നടപടിക്രമങ്ങളുടേയും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പുനപരിശോധിക്കും.
എന്‍ടിഎയുടെ നിലവിലുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ പുനഃപരിശോധിക്കും. ഏജന്‍സിയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും സമിതി തയാറാക്കും. എന്‍ടിഎയുടെ സംഘടനാ ഘടനയും പ്രവര്‍ത്തനവും പുനഃപരിശോധിക്കും. പരീക്ഷകളുടെ ഓരോ തലത്തിലും ആര്‍ക്കൊക്കെയാണ് ഉത്തരവാദിത്വം എന്നതടക്കം പുനര്‍ നി
ര്വചിച്ച് റിപ്പോര്‍ട്ട് തയാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: