ചെന്നൈ: കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തിന് ഇടയാക്കിയ മെഥനോള്‍ എത്തിയത് ഹൈദരാബാദില്‍ നിന്നെന്ന് തമിഴ്നാട് പോലീസ്. ഇതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും പോലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് മരക്കാനം വ്യാജമദ്യ ദുരന്തക്കേസില്‍ ജയിലിലുള്ള പ്രതികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പിന്നാലെ ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മരക്കാന സ്വദേശികളായ അമരന്, അറുമുഖം, മുത്തു, രവി, മണ്ണങ്ങാട്ടി, ഗുണശീലന് എന്നിവരും മെഥനോള്‍ കടത്തിയ പുതുച്ചേരി രാജ എന്ന ചെന്നൈ തട്ടഞ്ചവാടി ബര്‍കത്തുല്ലയെയും പോലീസ് രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു.
മെഥനോള്‍ ഹൈദരാബാദില്‍ നിന്ന് ട്രെയിനില്‍ ചെന്നൈ വഴി പുതുച്ചേരിയിലെത്തിച്ച് വില്ലുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളിലേക്ക് വിതരണം ചെയ്തതായി വ്യക്തമായിട്ടുണ്ട്. കള്ളക്കുറിച്ചിക്കടുത്തുള്ള കല്‍വരയന്‍ മലയില്‍ നിന്ന് ഹെര്‍ബല്‍ ലിക്കറായ കടുക് ചാരായം ഇവിടെ കൊണ്ടുവന്ന് മെഥനോള്‍ കലര്‍ത്തി ലഹരി ഉണ്ടാക്കിയതാണ് സംഭവത്തിന് വഴിവെച്ചതെന്ന് വെളിപ്പെടുത്തല്‍. അതേസമയം വ്യാജമദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം 54 ആയി. മരിച്ചവരില്‍ ആറ് സ്ത്രീകളുമുള്‍പ്പെടുന്നു. വിവിധ ആശുപത്രികളിലായി 142 പേര് ചികിത്സയിലുണ്ട്.
സംഭവത്തിലിതുവരെ ഏഴുപേര്‍ അറസ്റ്റിലായതായി ക്രൈംബ്രാഞ്ച് അറിയിച്ചു. കന്നുക്കുട്ടിയെന്ന ഗോവിന്ദരാജ്, ഭാര്യ വിജയ, സഹോദരന് ദാമോദരന്‍, ഗോവിന്ദരാജിന് മദ്യം വിതരണം ചെയ്ത ചിന്നദുരൈ, ഇയാള്‍ക്ക് മദ്യം നല്കിയ ശങ്കരപുരം സ്വദേശി രാജയെന്ന ജോസഫ്, രമാര്‍, മദേഷ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: