ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥരോ കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരോ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിഡിയോ കോള്‍ വഴി പണം തട്ടാന്‍ വ്യാപക ശ്രമം. ജാഗ്രത പാലിക്കണമെന്നു ജില്ലാ പോലീസ് അറിയിച്ചു. പോലീസ്, കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരുടെ യൂണിഫോമിലുള്ള വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണു വിഡിയോ കോള്‍ തട്ടിപ്പ് നടത്തുന്നതെന്നും ഇത്തരം വിളികളോ സന്ദേശങ്ങളോ കിട്ടിയാല്‍ ഉടന്‍ ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷനിലോ 1930 എന്ന ഹെല്‍പ് ഡെസ്‌ക് നമ്പറിലോ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ അറിയിച്ചു.
തട്ടിപ്പിന്റെ പൊതുസ്വഭാവം ഇങ്ങനെ… നിങ്ങള്‍ ഉള്‍പ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാകും ഭീഷണി. കേസില്‍ നിന്ന് ഒഴിവാക്കാന്‍ പണം ആവശ്യപ്പെടും. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നാണെന്നു പറഞ്ഞു വിളിക്കാം. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ രാജ്യദ്രോഹ, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറയും.
കേസില്‍ നിന്ന് ഒഴിവാക്കാന്‍ പണം ആവശ്യപ്പെടും. നിങ്ങള്‍ വിദേശത്തേക്ക് അയച്ച പാഴ്‌സലിലോ നിങ്ങളുടെ പേരില്‍ വന്ന പാഴ്‌സലിലോ ലഹരി മരുന്നോ മറ്റോ കണ്ടെത്തിയെന്നു പറഞ്ഞാകും ഒഴിവാക്കാന്‍ പണം ചോദിക്കുക. ഓഹരി വിപണി പോലുള്ള മേഖലകളില്‍ നിക്ഷേപിക്കുന്നതിനു മുന്‍പ് സ്ഥാപനം സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. രാജ്യദ്രോഹക്കുറ്റങ്ങളില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെട്ടെങ്കില്‍ ഒഴിവാക്കാന്‍ പണം ചോദിച്ച് ഉത്തരവാദപ്പെട്ടവരാരും വിളിക്കില്ല.
പാഴ്‌സലില്‍ ലഹരി വസ്തു കണ്ടെത്തിയെന്ന മട്ടിലുള്ള വിളികളോട് പ്രതികരിക്കരുത്. ഉടന്‍ പോലീസ് സൈബര്‍ വിഭാഗത്തെ അറിയിക്കുക. സൈബര്‍ ഹെല്‍പ്ലൈന്‍: https://cybercrime.gov.in സൈബര്‍ പോലീസ്, ആലപ്പുഴ: 0477 2230804, 94979 76000, 94979 81288.
പ്രതികരിക്കാൻ ഇവിടെ എഴുതുക: