കാവാലം: അപൂര്‍വ ജനിതക രോഗത്തിന്റെ പിടിയിലായി മൂന്ന് വയസുകാരന്. ആലപ്പുഴ കാവാലം കുന്നുമ്മ 13-ാം വാര്‍ഡില്‍ ചോതിരം വീട്ടില്‍ ബിനീഷ്- സൂര്യ ദമ്പതികളുടെ ഏക മകനായ ഹരിനാരായണനാണ് ബീറ്റാ തലസീമിയ മേജര്‍ എന്ന രോഗം മൂലം ദുരിതം അനുഭവിക്കുന്നത്.
കുഞ്ഞ് ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ തുടര്‍ച്ചയായ പനി ഉണ്ടായിരുന്നു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹീമോഗ്ലോബിന്റെ അളവ് അപകടകരമായ രീതിയില്‍ താഴ്ന്നെന്ന് കണ്ടെത്തി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം ഐസിഎച്ച് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ശരീരത്തില്‍ രക്തം ഉത്പാദിപ്പിക്കാതിരിക്കുകയും കയറ്റുന്ന രക്തം ശരീരം സ്വയം നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിന്റെ പ്രത്യേകത.
അമൃത ആശുപത്രിയിലും കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററിലുമായാണ് തുടര്‍ ചികിത്സകള്‍ നടന്നത്. തുടര്‍ച്ചയായി രക്തം കയറ്റുന്നതിനെ തുടര്‍ന്ന് ശരീരത്തില്‍ ഇരുമ്പിന്റെ അംശം വലിയതോതില്‍ ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി മജ്ജമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് എംവിആര്‍ കാന്‍സര്‍സെന്ററിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് മാത്രം വേണ്ടിവരുന്നത്.
നിര്‍ധനരായ കുടുംബം ഇത്രയും ഭീമമായ തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. സുമനസുകള്‍ കനിഞ്ഞാലേ ഹരിനാരായണിന് മുന്നോട്ടുള്ള ചികിത്സ സാധ്യമാകൂ. അമ്മ സൂര്യ കെ.വി.യുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പുളിങ്കുന്ന് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 0073053000023236. IFSC: SIBL0000073.
ഫോണ്‍: 7593971695.
പ്രതികരിക്കാൻ ഇവിടെ എഴുതുക: