Business

ബിഎസ്എന്‍എല്‍ ആസ്തികള്‍ വില്‍ക്കാനൊരുങ്ങുന്നു; സാമ്പത്തിക സ്ഥിരത കൈവരിക്കുക ലക്ഷ്യം

Published by

കൊച്ചി: ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമികളും കെട്ടിട ആസ്തികളും വില്‍പന നടത്തി ധനസമ്പാദനത്തിനുള്ള നയം ടെലികോം വകുപ്പ് അംഗീകരിച്ചു.

പരമാവധി ആസ്തി വിനിയോഗത്തിലൂടെ സാമ്പത്തിക സ്ഥിരത കൈവരിക്കുകയെന്ന തന്ത്രപരമായ ആവശ്യം നിറവേറ്റുന്നതിനുള്ള നയമാണ് ബിഎസ്എന്‍എല്‍ കോര്‍പറേറ്റ് ഓഫീസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സാങ്കേതിക നവീകരണവും 2020ലെ ജീവനക്കാരുടെ സ്വയം വിരമിക്കലും കാരണം രാജ്യത്തുടനീളം അധിക ഭൂമിയും കെട്ടിടങ്ങളിലെ സ്ഥല ലഭ്യതയും ഉണ്ടായിട്ടുണ്ട്. അങ്ങനെ ഉപയോഗിക്കാത്തതോ മിച്ചമുള്ളതോ ആയ ഭൂമി ആസ്തികള്‍ സ്ഥാപനത്തിന്റെ ധനസമ്പാദന ആവശ്യത്തിനായി വില്‍ക്കുന്നതിനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.

ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ 24 മിച്ചഭൂമി പാഴ്സലുകള്‍ ആണ് ഇങ്ങനെ കണ്ടെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒഴിഞ്ഞുകിടക്കുന്ന രണ്ടു ഭൂമികളാണ് ഇ- ടെന്‍ഡര്‍ വഴിയും തുടര്‍ന്ന് എംഎസ്ടിസി വഴി ഇ- ലേലത്തിലൂടെയും വില്‍ക്കാനുള്ള നടപടികള്‍ കേരള സര്‍ക്കിളില്‍ ആരംഭിച്ചിരിക്കുന്നത്. മത്സരാധിഷ്ഠിത ലേല പ്രക്രിയയിലൂടെയാണ് വില്‍പന. അതില്‍ ഒന്ന് എറണാകുളം ബിസിനസ് മേഖലയില്‍ ആലുവ ചൂണ്ടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലാണ്. 16.47 കോടി കരുതല്‍ വിലയുള്ള 9000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് വില്‍പനക്കുള്ളത്.

വിശദാംശങ്ങള്‍ https://www.mstcecommerce.com എന്ന പോര്‍ട്ടലില്‍ ലഭ്യമാകുമെന്ന് ബിഎസ്എന്‍എല്‍ എറണാകുളം ബിസിനസ് ഏരിയ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ വി. സുരേന്ദ്രന്‍ അറിയിച്ചു. ലേല ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 1 ന് ഉച്ചക്ക് 3 മണിയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by