ശ്രീനഗർ: യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകമെമ്പാടും യോഗ പരിശീലിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. യോഗയിൽ നിന്നുള്ള അന്തരീക്ഷവും ഊർജവും അനുഭവവും ഇന്ന് ജമ്മു കശ്മീരിൽ ഉൾക്കൊള്ളാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിൽ പത്താമത് അന്താരാഷ്‌ട്ര യോഗാ ദിന (IYD) പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
യോഗ അഭ്യസിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും വർധിക്കുകയാണെന്നും യോഗയുടെ ആകർഷകത്വം നിരന്തരം വർധിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗയുടെ പ്രയോജനവും ജനങ്ങൾ അംഗീകരിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, തന്റെ ആശയവിനിമയവേളയിൽ യോഗയെക്കുറിച്ചു ചർച്ച ചെയ്യാത്ത ഒരു ലോകനേതാവും ഉണ്ടാകില്ലെന്നും പറഞ്ഞു. “എല്ലാ ലോക നേതാക്കളും എന്നോട് ആശയവിനിമയം നടത്തുമ്പോൾ യോഗയിൽ അതീവ താൽപ്പര്യം കാണിക്കുന്നു” – അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ലോകമെമ്പാടും യോഗയുടെ സ്വീകാര്യത വർധിച്ചുവരുന്നതിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, 2015-ൽ തുർക്ക്മെനിസ്ഥാൻ സന്ദർശനവേളയിൽ യോഗാകേന്ദ്രം ഉദ്ഘാടനംചെയ്ത കാര്യം അനുസ്മരിച്ചു. യോഗ ഇന്ന് ആ രാജ്യത്തു വളരെ പ്രചാരത്തിലായിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. തുർക്ക്മെനിസ്ഥാനിലെ വൈദ്യശാസ്ത്ര സർവകലാശാലകളിൽ യോഗാ ചികിത്സ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സൗദി അറേബ്യ ഇത് അവരുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും മംഗോളിയൻ യോഗാ ഫൗണ്ടേഷൻ നിരവധി യോഗാ വിദ്യാലയങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
യൂറോപ്പിൽ യോഗയ്‌ക്കു ലഭിച്ച സ്വീകാര്യതയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇതുവരെ 1.5 കോടി ജർമൻ പൗരന്മാർ യോഗാ പരിശീലകരായി മാറിയെന്നു വ്യക്തമാക്കി. ഒരിക്കൽപോലും ഇന്ത്യ സന്ദർശിച്ചിട്ടില്ലെങ്കിലും യോഗയ്‌ക്കു നൽകിയ സംഭാവനകൾ മാനിച്ച് 101 വയസ്സുള്ള ഫ്രഞ്ച് യോഗാധ്യാപികയ്‌ക്ക് ഇന്ത്യ ഈ വർഷം പത്മശ്രീ നൽകി ആദരിച്ചതും അദ്ദേഹം അനുസ്മരിച്ചു. യോഗ ഇന്നു ഗവേഷണവിഷയമായി മാറിയെന്നും നിരവധി ഗവേഷണപ്രബന്ധങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്തുവർഷത്തിനിടയിൽ യോഗയുടെ വികാസത്തിലൂടെ യോഗയെക്കുറിച്ചുള്ള ധാരണകൾ മാറ്റാനായി. യോഗാ ധ്യാനകേന്ദ്രങ്ങൾ, സുഖവാസകേന്ദ്രങ്ങൾ, വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും യോഗയ്‌ക്കുള്ള പ്രത്യേക സൗകര്യങ്ങൾ, യോഗാ വസ്ത്രങ്ങളും ഉപകരണങ്ങളും, വ്യക്തിഗത യോഗാ പരിശീലകർ, യോഗാ-ഏകാഗ്രത-സൗഖ്യ സംരംഭങ്ങൾ നടത്തുന്ന കമ്പനികൾ എന്നിവയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇവയെല്ലാം യുവാക്കൾക്കു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെ, പ്രത്യേകിച്ചു ശ്രീനഗറിലെ, ജനങ്ങളുടെ യോഗയോടുള്ള ആവേശത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി, കേന്ദ്രഭരണപ്രദേശത്തിന്റെ വിനോദസഞ്ചാരസാധ്യതകൾ വർധിപ്പിക്കുന്നതിന് ഇതു വേദിയൊരുക്കുന്നുവെന്നും പറഞ്ഞു. മഴക്കാലം വകവയ്‌ക്കാതെ മുന്നിട്ടിറങ്ങി പിന്തുണ പ്രകടിപ്പിച്ച ജനങ്ങളുടെ മനോഭാവത്തെയും അദ്ദേഹം പ്രശംസിച്ചു. ജമ്മു കശ്മീരിൽ 50,000 മുതൽ 60,000 വരെ ജനങ്ങൾ യോഗാ പരിപാടിയുമായി സഹകരിക്കുന്നത് വലിയ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://x.com/narendramodi/status/1803999394481512904
പ്രതികരിക്കാൻ ഇവിടെ എഴുതുക: