കൊച്ചി; ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസിൽ സംസ്ഥാന പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ ഈ കേസ് ഇതുവരെ ഏറ്റെടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം തുടരാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്.
സിബിഐ ഈ കേസ് ഏറ്റെടുക്കുന്നതു വരെയാണ് പൊലീസ് അന്വേഷണം തുടരാൻ ഉത്തരവ്. കേസിൽ മറുപടി സമർപ്പിക്കാൻ സിബിഐ സമയം തേടി. കേസ് അടുത്ത മാസം 17ന് വീണ്ടും പരിഗണിക്കും. 2024 ഏപ്രിൽ എട്ടിനാണ് ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പു കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടത്.
കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇ.ഡി റെയ്ഡിനെത്തുന്ന വിവരങ്ങൾ അടക്കം പ്രതികൾക്ക് ചോർന്നു കിട്ടിയ സാഹചര്യത്തിൽ അതീവ രഹസ്യമായാണ് കേസ് സിബിഐക്ക് വിടാനുള്ള നടപടികൾ സർക്കാർ നടപ്പാക്കിയത്.
പിന്നാലെ കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി ബന്ധപ്പെട്ട പെർഫോമ റിപ്പോർട്ട് അടിയന്തരമായി കേന്ദ്രത്തിന് കൈമാറുകയും ചെയ്തിരുന്നു. സിബിഐ ഈ കേസ് ഏറ്റെടുത്തതായോ ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതായോ ഉള്ള രേഖകളൊന്നും കോടതി മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ അന്വേഷണം എവിടെയും എത്താതെ പോകാൻ പാടില്ല. അതുകൊണ്ട് പരാതികൾ കിട്ടുന്ന മുറയ്‌ക്ക് അവ റജിസ്റ്റർ ചെയ്ത് പൊലീസിന് അന്വേഷണം ആരംഭിക്കാമെന്നും കോടതി വ്യക്തമാക്കി. ചേർപ്പ് പൊലീസാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: