തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ ഉത്തരം മുട്ടി എം.വി. ഗോവിന്ദന്. പറഞ്ഞത് വിഴുങ്ങിയും മാറ്റിപ്പറഞ്ഞും രക്ഷപ്പെടാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുകയായിരുന്നു.
നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിലും പെരുമാറ്റത്തിലും സര്‍വതല സ്പര്‍ശിയായ തിരുത്തലുകള്‍ വരുത്തുമെന്നും ഇതൊന്നും വ്യക്തിപരമായല്ല പാര്‍ട്ടിയെന്ന നിലയിലാണ് കാണുന്നതെന്നുമാണ് എം.വി. ഗോവിന്ദന് ആദ്യം പറഞ്ഞത്. നേതാക്കളുടെ കാര്യത്തിലായാലും സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരുടെ കാര്യത്തിലായാലും തെറ്റായ ഒരു പ്രവണതയ്ക്കും കൂട്ടുനില്‍ക്കുന്ന സമീപനം പാര്‍ട്ടി സ്വീകരിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ച് ചോദ്യം ഉയര്‍ന്നതോടെ ആദ്യം പറഞ്ഞതെല്ലാം ഒറ്റയടിക്ക് വിഴുങ്ങാനുള്ള ശ്രമവുമുണ്ടായി. മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടതെന്നായി തിരിച്ചുള്ള ചോദ്യം. മാധ്യമങ്ങളാണ് തെറ്റായ ഇമേജുണ്ടാക്കുന്നതെന്നും അതിന് സിപിഎം വഴങ്ങില്ലെന്നും പറഞ്ഞു. അതേ ശ്വാസത്തില്‍ത്തന്നെ പോലീസിന്റെയും നേതാക്കളുടെയും ശൈലി പരിശോധിക്കുമെന്ന ഇരട്ടനിലപാടും വ്യക്തമാക്കി.
പല ചോദ്യങ്ങളോടും പിന്നീട് പറയാം, സമയമാകുമ്പോള്‍ പറയാം എന്നെല്ലാം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. എസ്എന്‍ഡിപിക്കുണ്ടായ മാറ്റം പതിറ്റാണ്ടുകളായി സംഭവിച്ചതാണെന്നും നേതാക്കളെയല്ല സാധാരണക്കാരെയാണ് തിരുത്തി കൂടെ നിര്‍ത്തേണ്ടതെന്നും പറഞ്ഞു. തൊട്ടടുത്ത നിമിഷം തന്നെ എല്ലാരും തെറ്റിദ്ധരിച്ചുപോയെന്ന് കരുതേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. പലചോദ്യങ്ങളും അവഗണിക്കാനും ശ്രമമുണ്ടായി. വലിയ തിരിച്ചടി ഉണ്ടായിട്ടുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും, ഇപ്പോഴും 33.35 ശതമാനം വോട്ട് സിപിഎമ്മിന് കിട്ടിയിട്ടുണ്ടെന്നും വലിയ തിരിച്ചടിയൊന്നുമുണ്ടായിട്ടില്ലെന്നും മാറ്റിപ്പറയുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തിലുടനീളം ഉരുണ്ടുകളിക്കുകയായിരുന്നു ഗോവിന്ദന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: