Cricket

ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്; വിന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്തു

Published by

സെന്റ് ലൂസിയ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഞെങ്ങിഞെരുങ്ങി കടന്നുകൂടിയ ടീം ആണ് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട്. എന്നാല്‍ സൂപ്പര്‍ എട്ടിലെ അവരുടെ തുടക്കം വ്യക്തമാക്കുന്നത് സഡകുടഞ്ഞുണര്‍ന്നുവെന്നാണ്. ആതിഥേയരായ വെസ്റ്റിന്‍ഡീസിനെ തകര്‍ത്തുകൊണ്ട് സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തിയിരിക്കുന്നു.

ആദ്യ റൗണ്ടില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ഗംഭീര വിജയങ്ങളോടെ ഗ്രൂപ്പ് ജേതാക്കളായെത്തിയ ടീം ആണ് വിന്‍ഡീസ്. ആതിഥേയര്‍ കൂടിയായ വിന്‍ഡീസിനെതിരെ കരുത്തന്‍ ബാറ്റിങ് മികവില്‍ ഇംഗ്ലണ്ട് ഏകപക്ഷീയമാക്കി മാറ്റുകയായിരുന്നു. ആതിഥേയര്‍ മുന്നില്‍ വച്ച 181 റണ്‍സിന്റെ ലക്ഷ്യം അവര്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ലക്ഷ്യം മറികടക്കുമ്പോള്‍ 15 പന്തുകള്‍ ബാക്കിയുണ്ടായിരുന്നു. ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടും(87) പരിചയ സമ്പന്നനായ ജോണി ബെയര്‍സ്‌റ്റോയും(48) പുറത്താകാതെ നിന്നാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടക്കത്തിലേ വ്യക്തിഗത സ്‌കോര്‍ ഏഴ് റണ്‍സെടുത്തു നിന്ന സാള്‍ട്ടിനെ പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ വിട്ടുകളഞ്ഞു. അക്കീല്‍ ഹൊസെയ്ന്‍ എറിഞ്ഞ പന്ത് സാള്‍ട്ടിന്റെ ബാറ്റിലുരസിയാണ് പൂരന് നേര്‍ക്ക് ചെന്നത്. പക്ഷെ കൈപ്പിടിയിലൊതുക്കാനായില്ല.

പതിഞ്ഞ താളത്തിലാണ് സാള്‍ട്ട് തുടങ്ങിയത്. ജോസ് ബട്ട്‌ലറും(25) മൊയീന്‍ അലിയും(13) കടന്നുപോകുമ്പോള്‍ ഇംഗ്ലണ്ടിന് ഒരോവറില്‍ എട്ട് റണ്‍സ് വച്ചേ ഉണ്ടായിരുന്നുള്ളൂ. നാലാമനായി ക്രീസിലെത്തിയ ജോണി ബെയര്‍സ്‌റ്റോ ആണ് തകര്‍പ്പന്‍ അടികളുമായി സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചത്. ഒരുവശത്ത് താരം കത്തിക്കയറുമ്പോഴും സാള്‍ട്ട് ബട്ട്‌ലറെ പിന്തുണച്ച് നിന്നതേയുള്ളൂ. ബെയര്‍‌സ്റ്റോ 19 പന്തില്‍ 40ന് മേല്‍ സ്‌കോര്‍ ചെയ്തതോടെ ഒന്ന് പതുങ്ങി. പിന്നെ സാള്‍ട്ട് ആക്രമണം കടുപ്പിച്ചു. 37 പന്തില്‍ 49 റണ്‍സുമായി നിന്ന സാള്‍ട്ട് പിന്നീട് നേരിട്ട പത്ത് പന്തുകളില്‍ 38 റണ്‍സ് അടിച്ചുകൂട്ടി.

ഏത് വമ്പന്‍മാരെയും പിന്തുടരാനുള്ള ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്ന പ്രകടനത്തോടെയാണ് ഇംഗ്ലണ്ട് ആദ്യ സൂപ്പര്‍ എട്ട് അവസാനിപ്പിച്ചിരിക്കുന്നത്. ടോസ് നേടി കരുത്തരായ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കാന്‍ തീരുമാനിച്ച ഇംഗ്ലണ്ട് നായകന്‍ ബട്ട്‌ലറുടെ നയത്തില്‍ തന്നെ അക്കാര്യം അറിയിച്ചുതരുന്നു. വിന്‍ഡീസ് ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്(23) കാലിലെ വേദന കാരണം റിട്ടയേഡ് ഹര്‍ട്ട് ആയി. ജോണ്‍സണ്‍ ചാള്‍സ്(38), നിക്കോളാസ് പൂരന്‍(36), റോവ്മാന്‍ പവല്‍(36), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്(പുറത്താകാതെ 28) എന്നിവരുടെ ബാറ്റിങ് മികവാണ് ആതിഥേയര്‍ക്ക് വെല്ലുവിളിക്കാവുന്ന നാലിന് 180 എന്ന ടോട്ടല്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, മൊയീന്‍ അലി, ലയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റ് വീതം നേടി.
അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും ആണ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് രണ്ടിലെ മറ്റ് രണ്ട് ടീമുകള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by