ന്യൂദല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന കേന്ദ്രആഭ്യന്തര മന്ത്രാലയ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നെറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ സിബിഐ അന്വേഷണം ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. കോളജ് അദ്ധ്യാപന യോഗ്യതാ പരീക്ഷയായ നെറ്റ് റദ്ദാക്കി സംഭവത്തേപ്പറ്റിയുള്ള അന്വേഷണം സിബിഐക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം വിട്ടിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന് കീഴിലുള്ള നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് നെറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന സൂചനകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് വിവരം വിദ്യാഭ്യാസ മന്ത്രാലയത്തിനും യുജിസിക്കും നല്‍കുകയും പരീക്ഷ നടന്ന് 30 മണിക്കൂറിനുള്ളില്‍ നെറ്റ് പരീക്ഷ റദ്ദാക്കുകയുമായിരുന്നു.
രാജ്യത്തെ 1,205 കേന്ദ്രങ്ങളിലായി 11.21 ലക്ഷം വിദ്യാര്‍ത്ഥികളാണ് നെറ്റ് പരീക്ഷ എഴുതിയത്. നെറ്റ് പരീക്ഷയുടെ ചോദ്യങ്ങള്‍ ചില ടെലഗ്രാം ചാനലുകളില്‍ കണ്ടെത്തിയ നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പരീക്ഷ റദ്ദാക്കല്‍ നടപടി. പരീക്ഷ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിക്കുകയും പരീക്ഷ റദ്ദാക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ മന്ത്രാലയം ആരംഭിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: