തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കുടിയേറി പാര്‍ത്തവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ നിയമസഭയെ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പും പിന്നാക്ക ക്ഷേമ വികസന വകുപ്പും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പ്രകാരമാണ് റവന്യു വകുപ്പ് സാക്ഷ്യ പത്രങ്ങള്‍ അനുവദിക്കുന്നത്. അപേക്ഷകന്റെ മാതാപിതാക്കളോ പൂര്‍വികരോ 1950ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിനു മുന്‍പ് ഈ സംസ്ഥാനത്ത് കുടിയേറി സ്ഥിര താമസമാക്കിയവരാകുകയും, അവരുടെ സമുദായം ഈ സംസ്ഥാനത്തെ പട്ടികജാതി/പട്ടിക ഗോത്ര വര്‍ഗ പട്ടികയില്‍ ഉള്‍പ്പെട്ടതാവുകയും ചെയ്താല്‍ അങ്ങനെയുളളവര്‍ക്ക് ഈ സംസ്ഥാനത്തു നിന്നും അപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റിനും അര്‍ഹതയുണ്ടായിരിക്കും. എന്നാല്‍ 1950ന് മുന്‍പ് കുടിയേറിയവരുടെ സംഗതിയില്‍ അവര്‍ ഈ സംസ്ഥാനത്തെ പട്ടിക ജാതി/പട്ടിക ഗോത്ര വര്‍ഗ പട്ടികയില്‍ ഉള്‍പ്പെടാതെ വരുന്ന കേസുകളില്‍ അവര്‍ക്ക് ഈ സംസ്ഥാനത്തു നിന്നുളള പട്ടിക ജാതി/പട്ടിക ഗോത്ര വര്‍ഗ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാവില്ല. കൂടാതെ 1950ന് ശേഷം ഈ സംസ്ഥാനത്തേക്ക് കുടിയേറി താമസിച്ച പട്ടിക ജാതി/പട്ടിക ഗോത്രവര്‍ഗ വിഭാഗക്കാര്‍ക്ക് അവരുടെ സമുദായം ഈ സംസ്ഥാനത്തെ പട്ടിക ജാതി/പട്ടിക ഗോത്ര വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ പോലും ഈ സംസ്ഥാനത്തു നിന്ന് പട്ടിക ജാതി/പട്ടിക ഗോത്ര വര്‍ഗ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. കേരളത്തിലേക്ക് കുടിയേറി പാര്‍ത്ത മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഈ നിബന്ധനയോടെ ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച മാര്‍ഗ രേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിലുളള നിബന്ധനകളില്‍ മാറ്റം വരുത്തുന്നതിന് പട്ടിക ജാതി/പട്ടിക വര്‍ഗം, പിന്നാക്കക്ഷേമം, നിയമ വകുപ്പുകളുമായി ചേര്‍ന്ന് വിശദമായ പഠനം നടത്തി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്‌ക്ക് സമര്‍പ്പിക്കുന്നതിനും, ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന യോഗം ചേരുന്നതിനുള്ള തുടര്‍ നടപടികളും സ്വീകരിക്കുന്നതാണെന്ന് റവന്യു മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: