കോട്ടയം: അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഊരും പേരും ഒഴിവാക്കിയിട്ട് എന്ത് കാര്യം എന്നതാണ് ഉയരുന്ന ചോദ്യം. . പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന് ലോക്സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് ഒപ്പുവച്ച ഫയലിലാണ് കോളനി, ഊര്, സങ്കേതം എന്നീ വാക്കുകള്‍ നീക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. എന്നാല്‍ പ്രായോഗികവും സാമൂഹ്യവുമായ വശങ്ങളെക്കുറിച്ച് ചിന്തിക്കാതെ വൈകാരികമായി എടുത്ത ഒരു തീരുമാനം എന്നാണ് ഇതു പൊതുവേ വിലയിരുത്തപ്പെടുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ മൂന്നു വാക്കുകള്‍ അപമാനകരമാണെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ കോളനി എന്ന വാക്ക് പട്ടികജാതി വര്‍ഗ്ഗ കോളനികള്‍ക്ക് മാത്രമല്ല സമ്പന്നര്‍ താമസിക്കുന്ന ഹൗസിംഗ് കോളനികള്‍ക്കും ഉപയോഗിക്കുന്നുണ്ട്. സങ്കേതം എന്ന വാക്കാണെങ്കില് പലര്‍ക്കും അര്‍ത്ഥം പോലും അറിയാത്ത ഒന്നാണ്. ഈ കൂട്ടത്തില്‍ ഏറ്റവും ജനകീയമെന്നു പറയാവുന്ന വാക്ക് ആദിവാസി സമൂഹം വ്യാപകമായി ഉപയോഗിക്കുന്ന ഊരാണ്. അവരുടെ താമസ സ്ഥലങ്ങളാണ് ഊര് . ഊര്കൂട്ടം എന്ന അവരുടെ കൂട്ടായ്മയെ വിശേഷിപ്പിക്കാറുണ്ട് . കോളനി എന്ന വാക്ക് മാത്രമാണ് ഒരു പക്ഷേ അപമാനകരം എന്ന് വിശേഷിപ്പിക്കാവുന്നവിധം ഇക്കൂട്ടത്തില്‍ ഉള്ളത്. അത് ചില മൂന്നാംകിട സിനിമകളില്‍ ഉപയോഗിച്ച് വഷളാക്കിയ വാക്കാണ്. അതല്ലാതെ മറ്റു രണ്ടു വാക്കുകളും അപമാനകരമെന്ന് ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ഊരാണെങ്കില്‍ കേരളത്തിലെ മിക്കവാറും സ്ഥലനാമങ്ങള്‍ക്ക് ഒപ്പം ഉള്ളതുമാണ് . കൊടുങ്ങല്ലൂര്‍, കുമാരനല്ലൂര്‍, കടുങ്ങല്ലൂര്‍, കരുമാലൂര്‍ തുടങ്ങി ആയിരക്കണക്കിന് സ്ഥലനാമങ്ങള്‍ക്കൊപ്പം ഊരുണ്ട്. എല്ലാ വിഭാഗങ്ങളും പാര്‍ക്കുന്ന പൊതു പ്രദേശങ്ങളുടെ പേരായി ഇതൊക്കെയും നിലനില്ക്കുന്നു. ആദിവാസി മേഖലയിലുള്ളവര്‍ അഭിമാനപൂര്‍വ്വം ഉപയോഗിക്കുന്ന ആ വാക്ക് അവരില്‍ നിന്ന് പറിച്ചെടുത്ത് മാറ്റുന്നത് ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമാവില്ല.
വ്യക്തികള്‍ ആയാലും സ്ഥലങ്ങള്‍ ആയാലും പേര് മാറ്റിയത് കൊണ്ട് ഒരു അപമാനവും അഭിമാനമാകുന്നില്ല എന്ന് തിരിച്ചറിവ് മന്ത്രിക്ക് ഉണ്ടാകേണ്ടിയിരുന്നു. ഈ പേരിനു പകരം നഗര്‍ എന്നും പ്രകൃതി എന്നും ഉന്നതി എന്നും മറ്റും വിശേഷിപ്പിച്ചാല്‍ ആ വാക്കുകള്‍ക്കും പിന്നീട് അര്‍ത്ഥലോപം സംഭവിക്കാവുന്നതേയുള്ളൂ. പിന്നാക്കത്തില്‍ കഴിയുന്ന ജനവിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുകയും അവരെ പൊതുസമൂഹത്തോട് ഇടകലര്‍ന്നു ജീവിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ മാത്രമേ അവരുടെ സാമൂഹികമായ സമത്വത്തിലേക്ക് ഉള്ള ചുവടുവെപ്പ് ആവുകയുള്ളൂ. അതല്ലാതെ പോകുന്ന പോക്കിന് ചുളുവില്‍ ചരിത്രത്തില്‍ കയറിപ്പറ്റാനുള്ള ലൊടുക്കുവിദ്യയല്ല കാട്ടേണ്ടിയിരുന്നത്. ഇത്രയും കാലം വകുപ്പ് കൈകാര്യം ചെയ്തിട്ട് ഈ വിഭാഗങ്ങള്‍ക്കായി ചെയ്തതെന്തൊക്കെയെന്ന് വ്യക്തമാക്കാന്‍ മന്ത്രി ഇതിനിടയില്‍ മറന്നു പോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: