കോട്ടയം: കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ തുറന്നടിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഒരു കോണ്‍ക്ലേവില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ സാബു തോമസിനെ മുന്നിലിരുത്തിക്കൊണ്ടായിരുന്നു വിമര്‍ശനം. തന്റെ മകള്‍ക്ക് ഉണ്ടായ അനുഭവം പങ്കുവച്ച അദ്ദേഹം കടുത്ത ഭാഷയിലാണ് കേരളത്തിലെ യൂണിവേഴ്‌സിറ്റികളെയും അതിന്റെ തലപ്പത്തിരിക്കുന്നവരെയും വിമര്‍ശിച്ചത്.
”എന്റെ മോള് പത്താം ക്ലാസ് വരെ ഞങ്ങളുടെ തന്നെ സ്‌കൂളിലാണ് പഠിച്ചത്. എന്റെ പിതാവാണ് ആ സ്ഥാപനത്തിന്റെ ചെയര്‍മാന്‍. അവള്‍ക്ക് ടോപ്പ് മാര്‍ക്ക് ആയിരുന്നു എല്ലാത്തിനും. ഒരിക്കല്‍ അവള്‍ പറഞ്ഞു, ‘നമ്മുടെ സ്‌കൂളില്‍ പഠിക്കുന്നത് കൊണ്ട് ടീച്ചര്‍മാര്‍ എനിക്ക് മാര്‍ക്ക് കൂടുതല്‍ തരുന്നു എന്ന് സംശയമുണ്ട്. അതുകൊണ്ട് മറ്റൊരു സ്‌കൂളില്‍ പഠിക്കണം’. അങ്ങനെയാണ് മകളെ കൊടൈക്കനാല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിക്കാന്‍ വിടുന്നത്. കൊടൈക്കനാലിലെ സ്‌കൂളില്‍ ഐബി (International Baccalaureate) ആണ് സിലബസ്. അവിടെ മകള്‍ പഠിച്ചു. അത്യാവശ്യം മാര്‍ക്കോടെ പഠിച്ച് തിരിച്ചെത്തിയ അവള്‍ക്ക് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജില്‍ അഡ്മിഷന്‍ ലഭിച്ചു. അവിടെ ജോയിന്‍ ചെയ്തു”.
”ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എംജി യൂണിവേഴ്‌സിറ്റി അറിയിച്ചത്, മകള്‍ പഠിച്ച കോഴ്‌സ് അംഗീകരിക്കാന്‍ കഴിയില്ല എന്നായിരുന്നു. ഇവിടെ പഠിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. ഐബി പഠിച്ചിട്ട് വന്ന ഒരാളെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പുറത്താക്കി. എന്റെ മകളുടെ ഒരു വര്‍ഷം നഷ്ടപ്പെട്ടു. ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ഇരിക്കുന്നത് എന്ന് മുന്‍ വിസിയെ മുന്നില്‍ ഇരുത്തിക്കൊണ്ട് ഞാന്‍ പറയുകയാണ്. ഇവരാണ് നമ്മുടെ വിദ്യാഭ്യാസത്തെ പരിഷ്‌കരിക്കാന്‍ പോകുന്നത്. അതേ മാര്‍ക്കുമായി മകള്‍ ബാംഗ്ലൂരിലേക്ക് പോയി, സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: