കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ ഉള്‍പ്പെടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ക്ക് തുല്യമോ അതിലധികമോ അധികാരമുള്ള സ്പെഷല്‍ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. മൂന്നാറിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ച് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജികള്‍ 25ന് വീണ്ടും പരിഗണിക്കും. ഇടുക്കി ജില്ലാ കളക്ടറെ സ്ഥലം മാറ്റുന്നതു സംബന്ധിച്ച സംസ്ഥാനത്തിന്റെ ആവശ്യം സ്പെഷല്‍ ഓഫീസര്‍ നിയമന തീരുമാനത്തിനു ശേഷം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
കൈയേറ്റം ഒഴിപ്പിക്കുന്നതിന് പട്ടയം (ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍) നല്‍കുന്നതിനും റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കുന്നതിനും സ്പെഷല്‍ ഓഫീസര്‍ക്ക് ചുമതലയുണ്ടായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ആര്ക്കെങ്കിലുമെതിരെയല്ല പ്രവര്‍ത്തിക്കുന്നത്. മൂന്നാറിനെ മൂല്യവത്തായ വിനോദസഞ്ചാര കേന്ദ്രമായി സംരക്ഷിക്കുകയാണ് ലക്ഷ്യം, കോടതി വ്യക്തമാക്കി. മൂന്നാറിന്റെ പരിസ്ഥിതി നശിക്കുന്നത് വിനോദസഞ്ചാരികളെ തടയുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നല്കി.
മൂന്നാറില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം സംബന്ധിച്ച ആരോപണത്തില്‍ ഡിവിഷന് ബെഞ്ച് അന്വേഷണം നടത്താനും സ്റ്റോപ്പ് മെമ്മോ നല്‍കാനും മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദേശിച്ചു. അനധികൃത നിര്‍മാണം തടയാന്‍ നേരത്തേ നിര്‍ദേശിച്ച ഹൈക്കോടതി മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ബെഞ്ച് വാക്കാല്‍ ചോദിച്ചു. മൂന്നാറിലെ അനധികൃത പട്ടയങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തില്‍ പ്രതികരണം അറിയിക്കാനും സംസ്ഥാനത്തോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: