പട്ന: പഴയ പാടലീപുത്രമെന്ന ഇന്നത്തെ പട്നയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ രാജ്ഗൃഹ നഗരത്തില്‍ (ഇന്ന് രാജ്ഗീര്‍) നിലകൊണ്ടിരുന്ന ഭാരതത്തിലെ പുരാതന സര്‍വകലാശാലയാണ് നളന്ദ. അതിനൊപ്പം വളര്‍ന്ന തക്ഷശില വിഭജനത്തിനു ശേഷം പാകിസ്ഥാനിലാണ്. പുരാതന കാലത്തെ ലോകത്തെ അറിവിന്റെ ഏറ്റവും വലിയ കേന്ദ്രങ്ങളില്‍ രണ്ടാമത്തെതായിരുന്നു നളന്ദ. ഗുപ്ത സാമ്രാജ്യകാലത്ത് പണിതുയര്‍ത്തിയ ഇവിടം 13-ാം നൂറ്റാണ്ടു വരെ ഭംഗിയായി പ്രവര്‍ത്തിച്ചിരുന്നു.
ശാസ്ത്രം, ഗണിത ശാസ്ത്രം, കല, ഭാഷ, മതം തുടങ്ങി മിക്ക വിഷയങ്ങളും പഠിപ്പിച്ചിരുന്ന ഇവിടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പഠിക്കാന്‍ എത്തിയിരുന്നു. 1200-ാമാണ്ടില്‍ ഭാരതത്തെ ആക്രമിച്ച മുഹമ്മദ് ബക്തിയാര്‍ ഖില്‍ജിയാണ് അറിവിന്റെ കേദാരമായിരുന്ന നളന്ദ സര്‍വകലാശാല തച്ചുതകര്‍ത്തത്.
അക്ഷര വൈരിയായിരുന്ന ഇയാള്‍ അവിടുത്തെ ലക്ഷക്കണക്കിന് ഗ്രന്ഥങ്ങളും കത്തിച്ചു കളഞ്ഞു. എന്നിട്ടും കുറേക്കാലം കൂടി നളന്ദ പിടിച്ചു നിന്നു. ബുദ്ധ-ഹിന്ദു മതങ്ങള്‍, വേദങ്ങള്‍, വൈദ്യശാസ്ത്രം, യോഗ, ഗണിത ശാസ്ത്രം, ശാസ്ത്രം, ജ്യോതിശാസ്തം തുടങ്ങിയവയിലെയെല്ലാം വിശാരദന്മാരാണ് ഇവിടെ പഠിപ്പിച്ചിരുന്നത്.
അമൂല്യങ്ങളായ അനവധി സംസ്കൃത ഗ്രന്ഥങ്ങളാണ് ഖില്‍ജി നശിപ്പിച്ചത്. ഹുയാങ്സാങ് അടക്കമുള്ള വിദേശ സഞ്ചാരികളാണ് പണ്ട് നളന്ദയുടെ കീര്‍ത്തി ലോകമെങ്ങും പടര്‍ത്തിയത്. നളന്ദ സന്ദര്‍ശിച്ചവര്‍ ഇതേക്കുറിച്ച് തങ്ങളുടെ വിവരണങ്ങളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളും രണ്ടായിരം അദ്ധ്യാപകരുമാണ് അവിടെ മുന്‍പ് ഉണ്ടായിരുന്നത്. തുര്‍ക്കിയില്‍ നിന്നുള്ളവര്‍ പോലും പഠിക്കാന്‍ എത്തിയിരുന്നു.
നളന്ദയുടെ അവശിഷ്ടങ്ങള്‍ നാം കാലങ്ങളായി പരിരക്ഷിച്ചുവരുന്നുണ്ട്. യുനസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയ ഇവിടം പുനരുദ്ധരിക്കുക മോദി സര്‍ക്കാരിന്റെ പ്രധാന അജണ്ടകളില്‍ ഒന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: