ബെംഗളൂരു: അവസാന ഓവര്‍ ത്രില്ലറില്‍ ഭാരതത്തിന്റെ വനിതകള്‍ക്ക് ത്രസിപ്പിക്കുന്ന ജയം. ഏകദിന പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ ദക്ഷിണാഫ്രിക്കയെ ഭാരതം നാലു റണ്‍സിനു തോല്‍പ്പിച്ചു.
ഭാരതത്തിന്റെ 325 റണ്‍സ് ലക്ഷ്യം ഉജ്വലമായി പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ വിജയത്തിനടത്തു വച്ച് പ്രതിരോധിച്ചത് അവസാന ഓവര്‍ എറിഞ്ഞ പൂജ വസ്ത്രാക്കര്‍. ഭാരതത്തിന്റെ ഈ മീഡിയം പേസ് ബൗളര്‍ നാല്‍പ്പത്തൊമ്പതാം ഓവറില്‍ തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി വിജയം തിരിച്ചു പിടിച്ചു.
സ്മൃതി മന്ഥാനയുടേയും(136) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റേയും(103 നോട്ടൗട്ട്) ഉജ്വല സെഞ്ചറികളുടെ കരുത്തിലാണ് ഭാരത വനിതകള്‍ സന്ദര്‍ശകര്‍ക്കെതിരെ കൂറ്റന്‍ സ്കോര്‍ നേടിയത്. എന്നാല്‍ ലോറ വോള്‍വാര്‍ഡിന്റെയും(135 നോട്ടൗട്ട്) മരിസാനെ കാപ്പിന്റെയും(114) സെഞ്ച്വറികളുടെ മികവില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ അവര്‍ക്ക് വേണ്ടിയിരുന്നത് 11 റണ്‍സ്. എന്നാല്‍ മൂന്നാമത്തേയും നാലാമത്തെയും പന്തുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി പൂജ ആതിഥേയര്‍ക്ക് വിജയം സമ്മാനിച്ചു. സന്ദര്‍ശകരുടെ പോരാട്ടം അമ്പതോവറില്‍ ആറു വിക്കറ്റിന് 321 റണ്‍സില്‍ അവസാനിച്ചു. ലോറ വോള്‍വാര്‍ഡ് 12 ബൗണ്ടറികളും മൂന്നു സിക്സറുകളും അടിച്ചു. 11 ബൗണ്ടറികളും മൂന്നു സ്ക്സറുകളും അടങ്ങുന്നതാണ് മരിസാനയുടെ സെഞ്ച്വറി ഇന്നിംഗ്സ്. ഭാരതത്തിനായി പൂജയും ദീപ്തി ശര്‍മയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. അരുന്ധതി റെഡ്ഡിയും സ്മൃതി മന്ഥാനയും ഓരോ വിക്കറ്റ് പങ്കിട്ടു. മൂന്ന് മത്സര പരമ്പരയില്‍ രണ്ടാം മത്സരവും ജയിച്ച് ഭാരതം പരമ്പര സ്വന്തമാക്കി.
അമ്പത് ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വന്‍ ലക്ഷ്യമുയര്‍ത്തി. സ്മൃതിയുടെ ഏഴാം ഏകദിന സെഞ്ച്വറിയോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികളടിക്കുന്ന താരമെന്ന റിക്കാര്‍ഡില്‍ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനൊപ്പമെത്തി സ്മൃതി. തുടര്‍ച്ചയായി രണ്ട് ഏകദിനങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഭാരത വനിതാ താരവുമായി സ്മൃതി.
ടോസ് നേടി ഫീല്ഡിങ്ങിനിറങ്ങാനുആദ്യ ഏകദിനത്തില്‍ 117 റണ്‍സെടുത്ത് ആതിഥേയരുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച സ്മൃതി ഇന്നലെയും ഫോം നിലനിര്‍ത്തി. ഷഫാലി വര്‍മയും(20) ഹേമലതയും(24) പുറത്തായതിനു ശേഷമാണ് സ്മൃതിയും ഹര്‍മനും ഒന്നിച്ചത്. 120 പന്തില്‍ 136 റണ്‍സെടുത്ത് ലാബയുടെ പന്തില്‍ ബ്രിട്സിനു ക്യാച്ച് നല്കി സ്മൃതി പുറത്താവുമ്പോള്‍ 18 ബൗണ്ടറികളും രണ്ടു സിക്സറുകളും അടിച്ചിരുന്നു. സ്മൃതിയാണ് കളിയിലെ താരം.
നാലാം വിക്കറ്റില്‍ ഹര്‍മനും റിച്ച ഘോഷും ചേര്‍ന്ന് 25 പന്തില്‍ അമ്പതു റണ്‍സെടുത്ത് സ്കോര്‍ 300 കടത്തി. അവസാന ഓവറില്‍ ബൗണ്ടറിയടിച്ച് 87 പന്തുകളില്‍ നിന്ന് ഹര്മന് സെഞ്ച്വറി തികച്ചു. ഒന്‍പതു ബൗണ്ടറികളും മൂന്നു സിക്സറുകളുമായി 103 റണ്‍സെടുത്ത് ക്യാപ്റ്റന്‍ പുറത്താവാതെ നിന്നു. ഒപ്പം 13 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്സറുമടിച്ച് 25 റണ്‍സെടുത്ത് റിച്ചയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: