കാഞ്ഞങ്ങാട്: വാര്‍ത്താവായന ദിനചര്യയാക്കിയുള്ള ഒരു വിദ്യാര്‍ത്ഥിനിയുടെ ധീരമായ പരിശ്രമം ഈ വായനദിനത്തില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഈ കൊച്ചു മിടുക്കി വാര്‍ത്താ വായനയിലൂടെ നാട്ടിലും പുറത്തും വിദേശ മലയാളികള്‍ക്കിടയിലും ഇന്ന് പ്രിയങ്കരിയാണ്.
കാഞ്ഞങ്ങാട് എസി.കണ്ണന് നായര്‍ സ്മാരക ഗവയുപി സ്കൂളിലെ പഠന കാലത്ത് 2021 ജൂണ്‍ 19ന് ഒരു വായനാദിനത്തിലാണ് ക്ലാസുകളിലും, സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലുമായി വേദിക വാര്‍ത്തകള്‍ ശ്രോതാക്കളുമായി പങ്കുവയ്ക്കാന്‍ തുടങ്ങിയത്. വളരെ പെട്ടെന്ന് ഈ വാര്‍ത്താ വായനാ ഏറെ ചര്‍ച്ചാ വിഷയമായി. അക്ഷരസ്ഫുടതയോടെയും ശ്രുതി മധുരമായിട്ടാണ് വായന.
രാവിലെ വീട്ടിലെത്തുന്ന വിവിധ മലയാള പത്രങ്ങളില്‍ നിന്നും പ്രധാന സംഭവങ്ങള്‍ ശേഖരിക്കുകയും അവ വായിച്ച് റെക്കോര്‍ഡ് ചെയ്ത ശേഷം നാട്ടിലും മറുനാട്ടിലുമുള്ള വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യും. മൂന്നു വര്‍ഷത്തിനിടയില്‍ ഒരുദിവസം പോലും തടസ്സപ്പെട്ടിട്ടില്ല. പത്രവാര്‍ത്തകള്‍ക്ക് മുമ്പ് ഓരോ ദിവസത്തിന്റെയും പ്രാധാന്യവും വ്യക്തമാക്കുന്ന ദേശീയ അന്തര്‍ ദേശിയ ദിനാചരണങ്ങള്‍ സാഹിത്യം, കലാ കായികം, സാംസ്കാരികം,രാഷ്ട്രീയം തുടങ്ങിയവയും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തുന്നു.
ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എല്ലാ കുട്ടികളും വാര്‍ത്ത വായിച്ച് ഗ്രൂപ്പില്‍ അയക്കാനുള്ള പ്രവര്‍ത്തനത്തില്‍ നിന്നാണ് തുടക്കം. മറ്റു കുട്ടികളെല്ലാം ഇടയ്ക്ക് വെച്ച് വായന നിര്‍ത്തിയെങ്കിലും വേദിക, വായന തുടര്‍ന്നു. വായനയില്‍ പുലര്‍ത്തുന്ന ശബ്ദ നിയന്ത്രണവും അക്ഷരസ്ഫുടതയും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടെത്തുന്നതും വാര്‍ത്താ വായനയെ വ്യത്യസ്തമാക്കുന്നു. വേദികയുടെ വാര്‍ത്താ വായനയുടെ വിശേഷങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.
പത്രങ്ങള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ ടെലിവിഷന്‍, ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ശേഖരിച്ചാണ് വായന നടത്തുന്നത്. വേദികയുടെ വാര്‍ത്തകള്‍ക്ക് നാട്ടില്‍ മാത്രമല്ല, ഗള്‍ഫ് നാടുകളിലെ മലയാളി വാട്സ്ആപ് ഗ്രൂപ്പുകളിലും നിരവധി ശ്രോതാക്കളുണ്ട്. അധ്യാപക ദമ്പതികളായ ഗോപി മുളവന്നൂരിന്റെയും പി.ജി.ശ്രീകലയുടെയും മകളായ ഈ പതിമൂന്ന് വയസ്സുകാരി സ്കൂളില്‍ എന്‍സിസി അംഗവും അമ്പലത്തറ കേശവ്ജി സ്മാരക ഗ്രന്ഥാലയത്തിലെ ബാലവേദി പ്രസിഡന്റുമാണ്.
ചെസും വായനയുമാണ് വിനോദം. ഇഷ്ടപ്പെട്ട എഴുത്തുകാരി സുധാ മൂര്‍ത്തി.ഏക സഹോദരി എം.ജി.ദേവിക. ക്ലാസ്സ് മുറികളില്‍ പത്രവായന പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനും ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്താനും എസ്സിആര്ടിയുടെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തേടിയിരിക്കുന്ന പശ്ചാത്തലത്തില്‍ വേദികയുടെ ചുവട് വെയ്പ് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: