പട്ന: നളന്ദ ഇന്ത്യയുടെ വിദ്യാഭ്യാസ പൈതൃകത്തിനന്റെയും ഊർജസ്വലമായ സാംസ്കാരിക വിനിമയത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നളന്ദ എന്നത് വെറുമൊരു പേരല്ല. നാളന്ദ ഒരു സ്വത്വമാണ്, ആദരമാണ്, മൂല്യമാണ്, ഒരു മന്ത്രവും അഭിമാനവും ഇതിഹാസവുമാണ്. ഈ പുനരുജ്ജീവനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുവര്‍ണ കാലഘട്ടത്തിന്റെ തുടക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു നരേന്ദ്രമോദി.
നളന്ദ ഇന്ത്യയുടെ ഭൂതകാലത്തിന്റെ നവോത്ഥാനം മാത്രമല്ല, ലോകത്തിലെ പല രാജ്യങ്ങളുടെയും ഏഷ്യയുടെയും പൈതൃകം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യ സുസ്ഥിരത ഒരു മാതൃകയായി ജീവിക്കുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. പുരോഗതിയും പരിസ്ഥിതിയും ഒത്തുചേര്‍ന്നു നാം മുന്നോട്ട് പോകുന്നു. ഇന്ത്യയെ ലോകത്തിന്റെ വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും കേന്ദ്രമാക്കി മാറ്റുക എന്നതാണ് എന്റെ ദൗത്യം. ലോകത്തെ ഏറ്റവും പ്രമുഖമായ വിജ്ഞാന കേന്ദ്രമായി ഇന്ത്യക്കു വീണ്ടും അംഗീകാരം ലഭ്യമാക്കുക എന്നതാണ് എന്റെ ദൗത്യം.
ലോകത്തിലെ ഏറ്റവും സമഗ്രവും സമ്പൂര്‍ണവുമായ നൈപുണ്യ സംവിധാനവും ലോകത്തിലെ ഏറ്റവും നൂതനമായ ഗവേഷണാധിഷ്ഠിത ഉന്നതവിദ്യാഭ്യാസ സമ്പ്രദായവും ഇന്ത്യയില്‍ സൃഷ്ടിക്കുക എന്നതിനാണു ഞങ്ങളുടെ ശ്രമം. നളന്ദ ആഗോളലക്ഷ്യങ്ങളുടെ പ്രധാന കേന്ദ്രമായി മാറുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം തവണയും അധികാരമേറ്റ് പത്ത് ദിവസത്തിനുള്ളില്‍ നളന്ദയില്‍ സന്ദർശിക്കാൻ കഴിഞ്ഞുവെന്നത് സന്തോഷകരം. അഗ്നിക്ക് പുസ്തകങ്ങളെ ഇല്ലാതാക്കാൻ കഴിയും എന്നാല്‍, അറിവിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും മോദി പറഞ്ഞു.
ഇന്ത്യയും കിഴക്കന്‍ ഏഷ്യ ഉച്ചകോടി (EAS) രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തോടെയാണ് സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. 17 രാജ്യങ്ങളിലെ സ്ഥാപനമേധാവികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി വൃക്ഷത്തൈ നടുകയും ചെയ്തു. ഒരുകാലത്ത് ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ജീവസുറ്റ കേന്ദ്രമായിരുന്നു നളന്ദയെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും തുടര്‍ച്ചയായ ഒഴുക്കാണ് നളന്ദയുടെ അര്‍ത്ഥമെന്നും ഇതാണ് വിദ്യാഭ്യാസത്തോടുള്ള ഇന്ത്യയുടെ സമീപനവും ചിന്തയുമെന്നും പറഞ്ഞു.
”വിദ്യാഭ്യാസം അതിരുകള്‍ക്കപ്പുറമാണ്. അത് മൂല്യങ്ങളെയും ചിന്തകളെയും രൂപപ്പെടുത്തുന്നു”- പൗരാണിക നളന്ദ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വ്യക്തിത്വവും ദേശീയതയും പരിഗണിക്കാതെ പ്രവേശനം ലഭിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. പുതുതായി ഉദ്ഘാടനം ചെയ്ത നളന്ദ സര്‍വകലാശാല ക്യാമ്പസില്‍ അതേ പുരാതന പാരമ്പര്യങ്ങള്‍ ആധുനിക രൂപത്തില്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്‌ക്കും അദ്ദേഹം ഊന്നല്‍ നല്‍കി. 20-ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇതിനകം നളന്ദ സര്‍വകലാശാലയില്‍ പഠിക്കുന്നുണ്ടെന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇത് ‘വസുധൈവ കുടുംബക’ത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: