ന്യൂദൽഹി: കൊല്ലം തുറമുഖത്തെ അംഗീകൃത ഇമിഗ്രേഷൻ ചെക്പോസ്റ്റായി (ഐസിപി) അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇനി മുതൽ എല്ലാ വിഭാഗം യാത്രക്കാർക്കും അംഗീകൃത തിരിച്ചറിയൽ രേഖകൾ ഹാജരാക്കി രാജ്യത്തിന് അകത്തേയ്‌ക്കും പുറത്തേയ്‌ക്കും കൊല്ലം തുറമുഖം വഴി സഞ്ചരിക്കാനാവും. തിരുവനന്തപുരത്തെ ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസറെ ‘സിവിൽ അതോറിറ്റി’ ആയി നിയമിച്ച് കേന്ദ്രസർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.
1950ലെ പാസ്പോർട്ട് ചട്ടം 3(ബി) പ്രകാരമാണ് നടപടി. വിജ്ഞാപനം ജൂൺ 18 മുതൽ പ്രാബല്യത്തിൽ വന്നു. വിദേശ കപ്പലുകൾ എത്തിയാൽ അനുമതി നൽകേണ്ടത് ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ.) ആണ്. ഇമിഗ്രേഷൻ ചെക്‌പോസ്റ്റ് അനുവദിച്ചതോടെ രാജ്യാന്തര കപ്പലുകൾ ഉൾപ്പെടെ എത്താൻ കഴിയുന്ന സമ്പൂർണ തുറമുഖമായി കൊല്ലം മാറി. യാത്രക്കപ്പലുകൾക്കും വിനോദസഞ്ചാരികളുമായി എത്തുന്ന കപ്പലുകൾക്കും തുറമുഖത്ത് നങ്കൂരമിടാൻ കഴിയും.
കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ രാജ്യാന്തര കപ്പൽ ഗതാഗതത്തിൽ കൊല്ലം ശ്രദ്ധേയമായ ഇടമായി മാറും. ഇടത്തരം തുറമുഖത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. ചരക്ക് കപ്പലുകൾക്കും യാത്രാകപ്പലുകൾക്കുമായി രണ്ട് വാർഫ് ഇവിടെയുണ്ട്.
ഇന്ത്യയിൽ 31സീപോർട്ട് ഇമിഗ്രേഷൻ ചെക്പോസ്റ്റുകളാണുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ പാർലമെൻ്ററി പാനലിനെ അറിയിച്ചിരുന്നു. ഇതിൽ പത്തെണ്ണം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ബ്യൂ റോ ഓഫ് ഇമിഗ്രേഷന് കീഴിലാണ് പ്രവർത്തിക്കുന്നത്. മറ്റുള്ളവ സംസ്ഥാന പോലീസ് ഏജൻസികളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷം ജൂണിൽ ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നൽകുന്ന ഐഎസ് പിഎസ് അംഗീകാരം കൊല്ലം തുറമുഖത്തിന് ലഭിച്ചിരുന്നു. ഇതോടെയാണ് എമിഗ്രേഷൻ ചെക്ക് പോസ്റ്റ് അംഗീകാരം ലഭിക്കാനുള്ള വാതിലുകൾ തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: