ന്യൂദല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 17-ാം ഗഡു കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടന്ന കിസാന്‍ സമ്മാന്‍ സമ്മേളനത്തിലാണ് പ്രധാനമന്ത്രി തുക കൈമാറിയത്.
9.26 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 20,000 കോടി രൂപയിലധികമാണ് കൈമാറ്റം ചെയ്തത്. മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധിയുടെ ഫയലിലായിരുന്നു. 11 കോടിയിലധികം വരുന്ന കര്‍ഷകകുടുംബങ്ങള്‍ക്ക് ഇതുവരെ പദ്ധതിക്ക് കീഴില്‍ 3.04 ലക്ഷം കോടി രൂപയിലധികം നല്കിയിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം തവണയും തന്നെ തെരഞ്ഞെടുത്തതിന് നരേന്ദ്ര മോദി വാരാണസിയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു.
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിശാലത, സമഗ്രത എന്നിവയുടെ പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാരുടെ വലിയ പങ്കാളിത്തത്തിന് തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. 64 കോടിയിലധികം പേര്‍ വോട്ട് ചെയ്തു. 31 കോടിയിലധികം സ്ത്രീ വോട്ടര്‍മാരായിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും ഒരു സര്‍ക്കാര്‍ തന്നെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുക എന്നത് അപൂര്‍വമായ നേട്ടമാണ്. ഇത്തരത്തിലുള്ള ഹാട്രിക് 60 വര്‍ഷം മുമ്പാണ് ഭാരതത്തില്‍ സംഭവിച്ചത്. യുവാക്കളുടെ അഭിലാഷങ്ങള്‍ വളരെ ഉയര്‍ന്ന ഒരു രാജ്യത്ത്, 10 വര്‍ഷത്തെ ഭരണത്തിനു ശേഷം ഒരു സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത് വന്‍ വിജയവും വലിയ വിശ്വാസവുമാണ്. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ സ്വത്ത്, പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റുന്നതില്‍ കാര്‍ഷിക മേഖല വലിയ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ എല്ലാ തീന്‍മേശകളിലും ഭാരതത്തില്‍ നിന്നുള്ള ഒരു ഭക്ഷ്യ ഉത്പന്നമെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് സ്വപ്നം. കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളിലൂടെ തിന, ഔഷധ ഉത്പന്നങ്ങള്‍, ജൈവ കൃഷി എന്നിവയെ പിന്തുണയ്‌ക്കുന്നതിനായി വലിയ ശൃംഖല സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണ്‍ ദീദി പദ്ധതിക്ക് സമാനമായി സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്ന ചുവടുവയ്‌പ്പാണ് കൃഷി സഖി പദ്ധതി, പ്രധാനമന്ത്രി പറഞ്ഞു. 11 സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന പദ്ധതി രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സ്വാശ്രയസംഘങ്ങളുമായി ബന്ധിപ്പിക്കുമെന്നും മൂന്നു കോടി ലക്ഷാധിപതി ദീദികളെ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും അറിയിച്ചു. പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റും പ്രധാനമന്ത്രി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: