കോട്ടയം: ക്രെഡിറ്റെടുക്കല്‍ പിന്നെയാവാം, പദ്ധതികള്‍ ആദ്യം നടപ്പാക്കൂ എന്ന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 17-ാം ഗഡു വിതരണവുമായി ബന്ധപ്പെട്ട് കുമരകം കൃഷി വിജ്ഞാന് കേന്ദ്രത്തില്‍ നടന്ന പരിപാടിയിലാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.
കേന്ദ്രപദ്ധതികള്‍ പലതും സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ 60% ഫണ്ടും കേന്ദ്രം വഹിക്കുന്നതാണ്. ജനോപകാരപ്രദമായ പദ്ധതികള്‍ ആദ്യം കാര്യക്ഷമമായി നടപ്പാക്കണം, അദ്ദേഹം പറഞ്ഞു.
ദക്ഷിണ സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ് പാലുത്പാദനം കുറയുന്നത്. പദ്ധതികള്‍ നടപ്പാക്കുന്നതിലെ വീഴ്ചയാണ് പശു പരിപാലന രംഗത്തിന്റെ തളര്‍ച്ചയ്ക്ക് കാരണം. മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് കിസാന്‍ സമ്മാന്‍ നിധിയുടെ പതിനേഴാം ഗഡു വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്. ചടങ്ങില്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കര്‍ഷകര്‍ക്കു പങ്കെടുക്കുന്നതിനുള്ള രാജ്യത്തെ അന്‍പതു ജില്ലകളിലൊന്നായി കോട്ടയത്തെ തെരഞ്ഞെടുത്തിരുന്നു. കുമരകത്തെ കാര്‍ഷിക സര്‍വകലാശാല കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ വേദിയില്‍ ആണ് ചടങ്ങിന്റെ തല്‍സമയ സ്ട്രീമിങ് നടന്നത്.
കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ജോഷി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു, കുമരകം കൃഷി വിജ്ഞാന് കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ. ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: