റോം: ഇറ്റലിയുടെ തീരത്ത് രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളിലായി 11 പേര് മരിച്ചതായി റിപ്പോര്‍ട്ട്. 64 പേരെ കാണാതായി. കുടിയേറ്റക്കാര്‍ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്.
ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം. ലിബിയയില്‍നിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജര്‍മന്‍ രക്ഷാപ്രവര്‍ത്തകസംഘമായ റെസ്ക്യൂഷിപ്പ് അറിയിച്ചു. 51 പേരെ ബോട്ടില്‍നിന്ന് രക്ഷപ്പെടുത്തിയതായും അവര്‍ എക്സില്‍ കുറിച്ചു.
സിറിയ, ഈജിപ്റ്റ്, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മിഷണര്‍ ഫോര്‍ റെഫ്യൂജീസ് (യുഎന്‍എച്ച്സിആര്‍) അറിയിച്ചു. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവരെ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറി.
രണ്ടാമതുണ്ടായ ബോട്ടപകടത്തില്‍ അറുപതിലധികം പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ ഇറ്റലിയിലെ കാലാബ്രിയന്‍ തീരത്തുനിന്ന് 100 മൈല്‍ അകലെയായിരുന്നു അപകടം. കാണാതായവരില്‍ 24 പേര് കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുര്‍ക്കിയില്‍നിന്ന് പുറപ്പെട്ട കപ്പലാണിതെന്നാണ് വിവരം.
2014 മുതല്‍ 23,500ലധികം കുടിയേറ്റക്കാര്‍ കടലില്‍ വീണ് മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: