ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന്റെ വീട്ടില്‍ വച്ച് ക്രൂരമായ മര്‍ദനത്തിന് ഇരയായ ആംആദ്മി പാര്‍ട്ടി വനിതാ നേതാവും രാജ്യസഭാംഗവുമായ സ്വാതി മാലിവാള്‍ തന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ച് ഇന്‍ഡി മുന്നണി നേതാക്കള്‍ക്ക് കത്തെഴുതി. കേജ്രിവാളിന്റെ അടുത്ത അനുയായിയായ ബിഭവ് കുമാറാണ് മാലിവാളിനെ മര്‍ദിച്ചത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ശിവസേന (യു) നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ക്കാണ് മാലിവാള്‍ കത്തെഴുതിയത്. ഒരു മാസമായി നീതിക്ക് വേണ്ടി പോരാടുമ്പോള്‍ കടുത്ത ഒറ്റപ്പെടലും ക്രൂരമായ വ്യക്തിഹത്യയുമാണ് നേരിടുന്നതെന്ന് കത്തില്‍ സ്വാതി മാലിവാള്‍ ചൂണ്ടിക്കാട്ടി. നീതിക്കായി പോരാടുന്ന പെണ്‍കുട്ടികളെ വേട്ടയാടാന്‍ വിട്ടുനല്‍കരുത്, അവര്‍ക്ക് ധൈര്യം നല്‍കുന്നതിനായി ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും, പ്രതികരണത്തിനായി സമയം കണ്ടെത്തണമെന്നും സ്വാതി ആവശ്യപ്പെട്ടു.
18 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 1.7 ലക്ഷം കേസുകളാണ് വനിതാ കമ്മിഷന്റെ ഭാഗമായി താന്‍ കേട്ടിട്ടുള്ളതെന്നും സ്വാതി മാലിവാള്‍ ചൂണ്ടിക്കാട്ടി. സ്വാതിയുടെ കത്ത് ഇന്‍ഡി മുന്നണിയുടെ ഭാഗമായ ആംആദ്മി പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
മെയ് 13നാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍ വച്ച് സ്വാതി മാലിവാള്‍ അതിക്രമത്തിന് ഇരയായത്. സ്വാതി മാലിവാളിന്റെ കത്ത് സ്ത്രീകള്‍ക്കായി സംസാരിക്കുന്നവരെന്ന് അവകാശപ്പെടുന്ന ഇന്‍ഡി മുന്നണി നേതാക്കളെ വെട്ടിലാക്കിയിരിക്കുകയാണ്.
വിഷയത്തില്‍ ഇടപ്പെട്ടാല്‍ കേജ്രിവാളിന് ഇഷ്ടപ്പെടില്ലെന്നും അത് മുന്നണിയെ തകര്‍ക്കുമെന്നും അറിയാവുന്നതുകൊണ്ട് സംഭവത്തില്‍ നിശബ്ദത പാലിക്കാനാണ് സാധ്യതയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: