ബെംഗളൂരു: സുരക്ഷ നിയമങ്ങൾ ലംഘിച്ചതിന് ബെംഗളൂരുവിലെ എട്ട് ഗെയിമിംഗ് സോണുകൾ അടച്ചുപൂട്ടി.
കഴിഞ്ഞ മാസം ഗുജറാത്തിലെ രാജ്‌കോട്ടിൽ 28 പേരുടെ മരണത്തിനിടയാക്കിയ ഗെയിമിംഗ് സോണിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നഗരത്തിലുടനീളമുള്ള എല്ലാ ഗെയിമിംഗ് സോണിലും ബിബിഎംപി പരിശോധന നടത്തിയത്. നഗരത്തിലെ 29 ഗെയിമിംഗ് സോണുകളിൽ ബിബിഎംപി സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ഇതിലാണ് എട്ട് സോണുകളിൽ സുരക്ഷാ നടപടികളുടെ അഭാവം കണ്ടെത്തിയ്ത്.
സൗത്ത് സോണിലെ കോറമംഗല ഹെക്സ് എൻ്റർടൈൻമെൻ്റ്, ഈസ്റ്റ് സോണിലെ എച്ച്എഎൽ റോഡിലെ കെംഫോർട്ട് മാൾ, ആർആർ നഗർ സോണിലെ വൈഷ്ണവി മാൾ, യെലഹങ്ക സോണിലെ ഗലേരിയ മാൾ, ബൈതരായണപുരയ്‌ക്ക് സമീപമുള്ള മാൾ ഓഫ് ഏഷ്യ, തനിസാന്ദ്രയിലെ എലമെൻ്റ്‌സ് മാൾ, തനിസാന്ദ്ര മെയിൻ റോഡിലെ ഭാരതീയ സിറ്റി മാളിലെ രണ്ടെണ്ണം എന്നിവയാണ് അടച്ചുപൂട്ടിയത്.
വൈഷ്ണവി മാളിലെ ഗെയിമിംഗ് സോണിന് ട്രേഡ് ലൈസൻസ് ഇല്ലെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. ശേഷിക്കുന്ന ഏഴ് ഗെയിമിംഗ് സോണുകൾ ബെസ്‌കോം, അഗ്നിശമന, പോലീസ് വകുപ്പുകളിൽ നിന്ന് എൻഒസി നേടിയിട്ടില്ല. എല്ലാ സുരക്ഷാ നടപടികളും പാലിക്കുകയും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് എൻഒസി നേടുകയും ചെയ്താൽ കമ്പനികൾക്ക് ഗെയിമിംഗ് സോണുകൾ പുനരാരംഭിക്കാനാകും.
നിലവിൽ ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ ഗെയിമിംഗ് സോണുകൾ ഉള്ളത് യെലഹങ്ക സോണിലാണ് (6). ദാസറഹള്ളി സോണിന് കീഴിൽ ഗെയിമിംഗ് സ്ഥാപനങ്ങളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: