ഇറ്റലിയിലെ അപുലിയയില്‍ സമാപിച്ച ജി-7 ഉച്ചകോടിയില്‍ പതിവുപോലെ ഭാരതവും നരേന്ദ്രമോദിയുമായിരുന്നു താരങ്ങള്‍. ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തുടര്‍ച്ചയായി മൂന്നാമതും അധികാരമേറ്റശേഷമാണ് മോദി ഈ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് പോയത്. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ക്ഷണം അനുസരിച്ചാണ് മോദി ജി- 7 ഉച്ചകോടിയില്‍ പങ്കെടുത്തത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെയും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയുടെയും നേതാവെന്ന നിലയ്ക്കാണ് പ്രധാനമന്ത്രി മോദി ഉച്ചകോടിയില്‍ പങ്കുചേര്‍ന്നത്. ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടി മോദിക്ക് ഒട്ടും അപരിചിതമല്ല. ഇതിനു മുന്‍പ് അഞ്ചു തവണ മോദി ഈ ഉച്ചകോടിയില്‍ പങ്കെടുത്തിട്ടുണ്ട്. ജി-7 രാജ്യങ്ങളുടെ തലവന്മാരുമായി മോദിക്ക് അടുത്ത ബന്ധമുണ്ട്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍ട്സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവര്‍ ഇവരില്‍പ്പെടുന്നു. ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോനിയുമായുള്ള മോദിയുടെ ഊഷ്മളമായ ബന്ധം ഇതിനോടകം വലിയ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. ഭരണകര്‍ത്താക്കള്‍ എന്ന നിലയ്ക്ക് ഇവര്‍ തമ്മിലുള്ള അടുപ്പം ഭാരതവും ഇറ്റലിയുമായുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ നീക്കുകയും ചെയ്തിരുന്നു. ഉച്ചകോടിക്കെത്തിയ മോദിയുമൊത്ത് സെല്‍ഫി എടുക്കുകയും, രണ്ടുപേരുടെയും പേരുകള്‍ ചേര്‍ത്ത് മെലോനി ‘ഹലോ ഫ്രം ദ മെലോഡി ടീം ‘ എന്നു പറഞ്ഞത് ആഗോള മാധ്യമങ്ങള്‍ വലിയ പ്രചാരം നല്‍കുകയും, സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തു.
ജി-7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം ഭാരതത്തിന്റെ ജനാധിപത്യം ഉള്‍ക്കൊള്ളുന്ന കരുത്ത് ഉദ്ഘോഷിക്കുന്നതായിരുന്നു. ഭാരതത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ ലോകത്തിന്റെ വിജയമാണെന്ന് പറഞ്ഞ മോദി, മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്ത് വിജയം വരിച്ച ശേഷം ഉച്ചകോടിയില്‍ എത്തുന്നതില്‍ തനിക്ക് ഏറെ സംതൃപ്തിയുണ്ടെന്നും പറയുകയുണ്ടായി. സാങ്കേതിക വിദ്യയുടെ വികാസം വിജയിക്കണമെന്നുണ്ടെങ്കില്‍ അതിന് മനുഷ്യകേന്ദ്രിത സമീപനം അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ മോദി, പൊതുസേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ഭാരതം കൈവരിച്ച വിജയം ലോകനേതാക്കളുമായി പങ്കുവച്ചു. വലിയ താല്പര്യത്തോടെയാണ് ഈ രംഗത്ത് ഭാരതം നടത്തിയ മുന്നേറ്റത്തെ ലോകനേതാക്കള്‍ നോക്കിക്കാണുന്നത്. ഭാരതത്തിന്റെ നിര്‍മിതബുദ്ധി ദൗത്യത്തെക്കുറിച്ച് ഉച്ചകോടിയില്‍ സംസാരിച്ച മോദി, ഈ സാങ്കേതികവിദ്യ എല്ലാവരുടെയും പുരോഗതിയും ക്ഷേമവും ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് എടുത്തുപറയുകയും ചെയ്തു. നിര്‍മിത ബുദ്ധിക്കായുള്ള ആഗോള പങ്കാളിത്തത്തെ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്ന ഒന്നായാണ് ഭാരതം കാണുന്നത്. പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലിയിലേക്ക് ലോകത്തെ ആനയിക്കുക എന്നതാണ് ഭാരതത്തിന്റെ ദൗത്യമെന്നും പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. അമ്മയ്ക്കായി ‘അമ്മയ്ക്ക് ഒരു വൃക്ഷം’ എന്ന പദ്ധതി ലോകമെമ്പാടും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ലോകനേതാക്കളെ ഓര്‍മ്മപ്പെടുത്തി.
ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി മോദി മറ്റ് ലോകനേതാക്കള്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച ഹൃദ്യവും അര്‍ത്ഥപൂര്‍ണവു മായിരുന്നു. മാര്‍പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഭാരതത്തിലെ ക്രൈസ്തവ മത നേതാക്കളുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു ഇത്. ഇതിനു മുന്‍പും മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മണിപ്പൂരിലേതു പോലുള്ള ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി സമൂഹത്തില്‍ മതപരമായ വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം അടുത്തകാലംവരെ വളരെ സജീവമായിരുന്നു. മോദി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് താഴെയിറക്കുകയെന്ന ദുഷ്ടലാക്ക് ഉണ്ടായിരുന്നു എന്ന വസ്തുത കാണാതിരുന്നുകൂടാ. മണിപ്പൂരിലേത് ഹിന്ദു-ക്രൈസ്തവ സംഘര്‍ഷമായി ചിത്രീകരിച്ചുകൊണ്ടുള്ള കുപ്രചാരണത്തില്‍ ഒരുവിഭാഗം ക്രൈസ്തവരും വീണുപോയി എന്നത് വാസ്തവമാണ്. എന്നാല്‍ മണിപ്പൂരില്‍ നടന്നത് വംശീയ കലാപമാണെന്നും, മതപരമായ കണ്ണിലൂടെ അതിനെ കാണേണ്ടതില്ലെന്നും അഭിവന്ദ്യരായ ചില ക്രൈസ്തവ മതമേധാവികള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളെ ബിജെപിക്ക് എതിരാക്കാനുള്ള ശ്രമം ചിലര്‍ നടത്തിയെങ്കിലും അധികാരത്തില്‍ തുടരാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. തൃശ്ശൂരില്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടെ ക്രൈസ്തവ മതവിശ്വാസികളുടെ പിന്തുണ ബിജെപിക്കും എന്‍ഡിഎയ്ക്കും ലഭിക്കുകയുണ്ടായി. തൃശ്ശൂരില്‍ നിന്ന് ജയിച്ച സുരേഷ് ഗോപിയുടെ വിജയം വ്യക്തമാക്കുന്നതും മറ്റൊന്നല്ല. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലെ കൂടിക്കാഴ്ച വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: