ആലപ്പുഴ: സര്‍ക്കാര്‍ സ്കൂളുകളില്‍ സ്ഥിരമായി ജോലി ചെയ്ത് ശമ്പളം വാങ്ങുന്ന നൂറുകണക്കിന് അദ്ധ്യാപകരുടെ നിയമന രേഖകള്‍ ഇല്ലെന്ന് കണ്ടെത്തല്‍. ഈ അധ്യാപകര്‍ എങ്ങനെ അവിടെത്തി എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് യാതൊരു വിവരവുമില്ല.
ആലപ്പുഴ ജില്ലയില്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. ഹക്കിമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ഗുരുതര വീഴ്ച കണ്ടെത്തിയത്.
കഴിഞ്ഞ 23 വര്‍ഷത്തിലേറെയായി ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിയമന രേഖകളില്ലാതെ നിരവധി അദ്ധ്യാപകര്‍ ശമ്പളം വാങ്ങുന്നു. ഇവര്‍ പിഎസ്സി മുഖേന നേരിട്ടുള്ള നിയമനത്തില്‍ വന്നോ, തസ്തിക മാറി വന്നോ, ജില്ലാന്തര സ്ഥലം മാറ്റത്തിലൂടെ എത്തിയോ, ആശ്രിത നിയമനമാണോ എന്നൊന്നും അറിയാന്‍ നിയമനാധികാരിയായ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രേഖകളൊന്നുമില്ല.
വ്യക്തമായ രേഖകളില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിയമനത്തട്ടിപ്പ് നടക്കുന്നുവെന്ന് കായംകുളം കൊറ്റുകുളങ്ങര ഒറകാരിശ്ശേരില്‍ നസ്റിന് ഖാന്റെ പരാതിയെ തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. ഹക്കിമിന്റെ നേതൃത്വത്തില്‍ മൂന്നു പ്രാവശ്യം വിചാരണ നടത്തി. നസ്റിന്‍ഖാന് മുഴുവന്‍ വിവരങ്ങളും സാക്ഷ്യപ്പെടുത്തിയ രേഖാ പകര്‍പ്പുകളും സൗജന്യമായി നല്കാന് ഉത്തരവായിരുന്നു. എന്നാല്‍ അപ്രകാരം കിട്ടിയ രേഖകള്‍ വ്യാജമാണെന്ന് അപേക്ഷകന് കമ്മിഷനെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് കമ്മിഷണര്‍ നേരിട്ട് നടത്തിയ തെളിവെടുപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.
ഈ ഓഫീസില്‍ 2001 വരെ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്കുന്നതു സംബന്ധിച്ച് രജിസ്റ്റര്‍ സൂക്ഷിച്ചിരുന്നില്ല. 2002 ല്‍ ആദ്യമായി രജിസ്റ്റര്‍ തുടങ്ങിയെങ്കിലും സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ പിഎസ്സി വഴിയും സ്ഥലംമാറ്റം മുഖേനയും ആശ്രിത നിയമനത്തിലൂടെയും അധ്യാപകരെ നിയമിച്ചതിന്റെ ഒരു രേഖപ്പെടുത്തലും രജിസ്റ്ററില്‍ കാണാനില്ല. ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രണ്ടു പതിറ്റാണ്ടായി നിയമന തട്ടിപ്പ് നടക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ രേഖകളുടെ തിരിമറി ഉള്‍പ്പെടെ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തുകയും ശക്തമായ നടപടികള്‍ക്ക് ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍ അതിന്മേല് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കമ്മിഷന് കണ്ടെത്തി. ആ റിപ്പോര്‍ട്ട് മുക്കിയവര്ക്കെതിരെയും റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിച്ച് ജൂലൈ 31നകം വിവരം സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിന് കമ്മിഷണര്‍ നിര്‍ദേശം നല്കി ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: