ഗാസസിറ്റി: ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പാലസ്തീന് പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ അഭ്യര്‍ത്ഥിച്ചു. വെടി നിര്‍ത്തലിനും മാനുഷിക സഹായങ്ങള്‍ക്ക് വേണ്ടിയും ഭാരതം ഇടപെടണമെന്ന് മുഹമ്മദ് മുസ്തഫ ആവശ്യപ്പെട്ടു. മൂന്നാമതും പ്രധാനമന്ത്രിയായതിന് പിന്നാലെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അയച്ച കത്തിലാണ് പാലസ്തീന് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ആഗോള നേതാവെന്ന നിലയിലും മനുഷ്യാവകാശങ്ങളെയും സമാധാനത്തെയും വിലമതിക്കുന്ന രാഷ്ട്രമെന്ന നിലയിലും ഗാസയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കാന്‍ ഭാരതത്തിന് സാധിക്കും. ഗാസയിലെ ജനങ്ങളെ സഹായിക്കണം. ഉടന്‍ തന്നെ വെടിനിര്‍ത്തലിന് നയതന്ത്രപരമായി ഇടപെടണം. ഗാസയ്ക്ക് മാനുഷിക സഹായം വര്‍ധിപ്പിക്കാനും, പാലസ്തീന് പൗരന്മാരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കാനും ഭാരതം എല്ലാ നയതന്ത്ര മാര്‍ഗങ്ങളും ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും മുഹമ്മദ് മുസ്തഫ കത്തില്‍ പറയുന്നു. പാലസ്തീന് ജനതയെ തുടര്‍ച്ചയായി പിന്തുണയ്ക്കുന്നതിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നതായും മുസ്തഫ പറഞ്ഞു.
രാഷ്ട്ര സേവനത്തോടുള്ള സമര്‍പ്പണത്തിന്റേയും ആഗോള തലത്തിലെ പുരോഗതിയുടെയും നേട്ടമാണ് നരേന്ദ്ര മോദിയെ മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: