ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ധന വില വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ബിജെപി. വില്പന നികുതി വര്‍ധിപ്പിച്ചതോടെയാണ് ഇന്ധനവിലയിലും മാറ്റം വരുത്തിയത്. ഞായറാഴ്ചയാണ് കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വന്നത്. വില്പന നികുതി (കെഎസ്ടി) പെട്രോളിന് 25.92 ശതമാനത്തില്‍ നിന്ന് 29.84 ശതമാനമായും ഡീസലിന് 14.3 ശതമാനത്തില്‍ നിന്ന് 18.4 ശതമാനമായും നികുതി വര്‍ധിപ്പിച്ചു. പുതിയ നികുതി വര്‍ധന അനുസരിച്ച് പെട്രോളിന് 3 രൂപയും, ഡീസലിന് 3.5 രൂപയുമാണ് വര്‍ധന. ഇതോടെ ബെംഗളൂരുവില്‍ പെട്രോളിന്റെ പുതുക്കിയ വില ലിറ്ററിന് 102.86 രൂപയും ഡീസലിന് 88.94 രൂപയുമാണ്.
വില്പന നികുതി വര്‍ധിപ്പിച്ച സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു. ഉള്ളി മുതല്‍ കര്പ്പൂരത്തിന് വരെ വിലക്കയറ്റം ബാധിച്ചിരിക്കുന്ന സംസ്ഥാനത്ത് ജനങ്ങള്‍ക്ക് അധികഭാരമാണ് പുതിയ തീരുമാനമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. വിലക്കയറ്റം പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്ര പറഞ്ഞു.
പെട്രോള്‍, ഡീസല്‍ വിലവര്‍ധന തീരുമാനം മുഖ്യമന്ത്രിയും സര്‍ക്കാരും പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച സംസ്ഥാനത്തുടനീളം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മറ്റിടങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. ഇന്ധനവില വര്‍ധന തീരുമാനം പിന്‍വലിക്കണമെന്ന് നേരത്തേയും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് നടപ്പാക്കിയ അഞ്ചിന വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അവ നടപ്പാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാണ് ഫണ്ട് ചെലവഴിക്കേണ്ടത്. സംസ്ഥാന ഖജനാവ് ജനങ്ങളുടെ വികസനത്തിനുള്ളതാണ്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഖജനാവ് ഉപയോഗിക്കേണ്ടതില്ലെന്നും വിജയേന്ദ്ര വ്യക്തമാക്കി. വാഗ്ദാനങ്ങള്‍ നിറവേറ്റി ഖജനാവ് കാലിയായപ്പോള്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള മാര്‍ഗവുമായി സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടുവെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. രാജ്യത്ത് വിലക്കയറ്റമുണ്ടെന്ന് കോണ്‍ഗ്രസ് പാ
ര്‍ട്ടി പറയുന്നു, തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ സര്‍ക്കാരുകളും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നു. കര്‍ണാടകയില്‍ അവര്‍ കര്‍ഷക വിരുദ്ധ നയവും മറ്റും നടപ്പാക്കുന്നു. പറയുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്, ഇതാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പദ്ധതികള്‍ കാരണം അവര്‍ കര്‍ണാടകയെ പാപ്പരാക്കിയതിനാലാണ് സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. തീരുമാനത്തില്‍ സംസ്ഥാനത്തെ വാഹനയാത്രികര്‍ അതൃപ്തി രേഖപ്പെടുത്തി. സമ്പന്നര്‍ക്ക് പെട്രോള്‍ താങ്ങാന്‍ കഴിയും, പക്ഷേ സാധാരണക്കാരന് എവിടെ പോകും, അദ്ദേഹം ചോദിച്ചു.
2021 നവംബറിലാണ് അവസാനമായി സംസ്ഥാനത്ത് ഇന്ധന വില പരിഷ്കരിച്ചത്. കൊവിഡിന് ശേഷം സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനായിരുന്നു നടപടി. അന്ന് ബിജെപി നേതൃത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ പെട്രോള്‍ വില ലിറ്ററിന് 13.30 രൂപയും ഡീസല്‍ വില ലിറ്ററിന് 19.40 രൂപയും 2019ല്‍ കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: