മ്യൂണിക്: യൂറോ 2024-ല്‍ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് വിജയത്തുടക്കം. അല്‍ബേനിയയെ 2-1ന് കീഴടക്കി. കളി തുടങ്ങി 23-ാം സെക്കന്‍ഡില്‍ അല്‍ബേനിയ ഗോള്‍ നേടി ഇറ്റലിയെ ഞെട്ടിച്ചെങ്കിലും അഞ്ച് മിനിറ്റിനിടെ രണ്ട് ഗോള്‍ നേടി ഇറ്റലി വിജയം സ്വന്തമാക്കുകയായിരുന്നു. അല്‍ബേനിയയ്‌ക്കായി നെദിം ബ്ജറാമി ലക്ഷ്യം കണ്ടപ്പോള്‍ ഇറ്റലിക്കായി 11-ാം മിനിറ്റില്‍ അലസ്സാന്‍ഡ്രോ ബസ്സോണിയും 16-ാം മിനിറ്റില്‍ നിക്കോളോ ബരെല്ലയും ലക്ഷ്യം കണ്ടു.
പന്ത് കൈവശം വയ്‌ക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇറ്റലിയാണ് ഏറെ മുന്നിട്ടുനിന്നത്. എന്നാല്‍ 23-ാം സെക്കന്‍ഡില്‍ അസൂറികളെ ഞെട്ടിച്ച് അല്‍ബേനിയ ഗോളടിച്ചു. ഇറ്റാലിയന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് നെദിം ബ്ജറാമിയാണ് അല്‍ബേനിയക്കായി സ്‌കോര്‍ ചെയ്തത്. ഇറ്റാലിയന്‍ പ്രതിരോധ താരം ഫെഡെറിക്കോ ഡിമാര്‍ക്കോ തങ്ങളുടെ പെനാല്‍റ്റി ബോക്‌സിനുള്ളിലേക്കെറിഞ്ഞ പന്ത് തട്ടിയെടുത്ത് നെദിം പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളായി ഇത് മാറി. അപ്രതീക്ഷിത ഗോള്‍ വഴങ്ങിയതോടെ ഇറ്റലി കളിയില്‍ പിടിമുറുക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങളുമായി എതിര്‍ബോക്സിലേക്ക് ഇരച്ചുകയറിയ അവര്‍ 11-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. നല്ലൊരു ഹെഡ്ഡറിലൂടെ അലസ്സാന്‍ഡ്രോ ബസ്സോണിയാണ് ലക്ഷ്യം കണ്ടത്. കോര്‍ണര്‍ കിക്കില്‍ നിന്ന് തട്ടി ലഭിച്ച പന്ത് ലോറെന്‍സോ പെല്ലെഗ്രിനി നീട്ടി നല്‍കുകയും വലത് മൂലയില്‍ നിന്ന് അലസ്സാന്‍ഡ്രോ ബസ്സോണി ഹെഡ്ഡറിലൂടെ അത് വലയിലെത്തിക്കുകയുമായിരുന്നു. അഞ്ച് മിനിറ്റിനുശേഷം ഇറ്റലി ലീഡും സ്വന്തമാക്കി. നിക്കോളോ ബരെല്ലയാണ് 16-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ സ്‌കോര്‍ ചെയതത്. സുന്ദരമായ വോളിയിലൂടെയാണ് താരം അല്‍ബേനിയ വല കുലുക്കിയത്.
ആദ്യപകുതിയിലായിരുന്നു ഗോളുകളെല്ലാം പിറന്നത്.
രണ്ടാം പകുതിയിലും ഇറ്റലി നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അല്‍ബേനിയ ഗോളിയുടെ മികച്ച പ്രകടനം കൂടുതല്‍ ഗോളടിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.
വമ്പന്മാരെ ഞെട്ടിച്ച് യോഗ്യതാറൗണ്ടില്‍ കളിച്ച ഗ്രൂപ്പില്‍നിന്ന് ഒന്നാമതായാണ് അല്‍ബേനിയ യൂറോ കപ്പിനെത്തിയത്. യോഗ്യതാറൗണ്ടില്‍ ഒരു മത്സരത്തില്‍ മാത്രം തോറ്റ അവര്‍ക്ക് യൂറോ കപ്പിലെ തങ്ങളുടെ ആദ്യ കളിയില്‍ തന്നെ പാളി. 21ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇറ്റലിക്ക് എതിരാളികള്‍ സ്പെയിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: