Business

സൗദി എണ്ണക്കച്ചവടത്തിന് ഡോളര്‍ ഉപയോഗിക്കുന്നത് നിര്‍ത്തി; ഇനി ഇന്ത്യന്‍ രൂപയില്‍ സൗദി എണ്ണ വാങ്ങാം; സൗദിയും ഡോളര്‍ ആധിപത്യത്തിനെതിരെ നീങ്ങുന്നോ?

Published by

റിയാദ്: സൗദി എണ്ണക്കച്ചവടത്തിന് ഡോളര്‍ ഉപയോഗിക്കുന്നത് നിര്‍ത്തി. അമേരിക്കയുമായുള്ള പെട്രോ ഡോളര്‍ കരാറില്‍ നിന്നും പിന്‍വാങ്ങിയതായി കഴിഞ്ഞ ദിവസം സൗദി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ 50 വര്‍ഷമായി ഡോളറില്‍ മാത്രം കച്ചവടം നടത്തിയിരുന്ന സൗദിയാണ് ഇപ്പോള്‍ ഡോളറിലല്ലാതെയും എണ്ണക്കച്ചവടം നടത്തുമെന്ന് തീരുമാനമെടുത്തിരിക്കുന്നത്.

1974ല്‍ അമേരിക്കന്‍ പ്രസിഡ‍ന്‍റ് റിച്ചാഡ് നിക്സനും സൗദി റോയല്‍ ഫാമിലിയും തമ്മില്‍ ഒപ്പുവെച്ച കരാറാണ് സൗദി ഈ ജൂണ്‍ ഒമ്പതിന് റദ്ദാക്കിയത്. ഇതോടെ ഇനി ഏത് വിദേശ കറന്‍സിയിലും സൗദിയുടെ എണ്ണ വാങ്ങാന്‍ കഴിയും. ഇന്ത്യന്‍ സര്‍ക്കാരിന് ഇന്ത്യന്‍ രൂപയിലും സൗദിയുമായി ഇടപാട് നടത്താനാവും.

ഡോളറില്‍ മാത്രമേ എണ്ണക്കച്ചവടം നടത്തുകയുള്ളൂ എന്നതാണ് പെട്രോഡോളര്‍ കരാര്‍. ഇതോടെ അമേരിക്കയ്‌ക്ക് സൗദിയുടെ മേലുള്ള പിടി അയയുകയാണ്. സൗദിയുടെ തീരുമാനം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെയും അമേരിക്കന്‍ ഡോളറിനെയും ദുര്‍ബലപ്പെടുത്തുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. ഡോളറിലല്ലാതെയുള്ള എണ്ണക്കച്ചവടം ഡോളറിന്റെ വിലയിടിക്കും. ഇത് അമേരിക്കന്‍ വിപണിയില്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കും. അവിടുത്തെ ബോണ്ട് മാര്‍ക്കറ്റിന്റെ വിലയിടിക്കുകയും ചെയ്യും.

ഡീ ഡോളറൈസേഷന്‍ റഷ്യയുടെയും ചൈനയുടെയും പദ്ധതി

ഡോളര്‍ എന്ന കറന്‍സിയുടെ ലോകത്തിലെ ആധിപത്യം അവസാനിപ്പിക്കുക എന്നത് റഷ്യയും ചൈനയും തുടങ്ങിവെച്ച ഗൂഢപദ്ധതിയാണ്. ഉക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയ ശേഷം റഷ്യയ്‌ക്കെതിരെ അമേരിക്ക ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഡോളറിലല്ലാതെയുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ റഷ്യ ശ്രമം തുടങ്ങിയത്. ചൈനയും ഈ ശ്രമങ്ങള്‍ക്കൊപ്പം നിന്നതോടെ അന്താരാഷ്‌ട്ര ഇടപാടുകളില്‍ നിന്നും ഡോളറിനെ ഒഴിവാക്കുക എന്ന ഡീ-ഡോളറൈസേഷന്‍ പദ്ധതിയ്‌ക്ക് ശക്തി കൂടി. റഷ്യന്‍ റൂബിളിനെയും ചൈനയുടെ യുവാനെയും അന്താരാഷ്‌ട്ര ഇടപാടുകള്‍ക്ക് ഉപയോഗിക്കാവുന്ന കറന്‍സിയാക്കി മാറ്റുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഈ ട്രെന്‍ഡിനൊപ്പിച്ച് ഇന്ത്യയും രൂപയെ അന്താരാഷ്‌ട്ര കറന്‍സിയാക്കി മാറ്റാന്‍ ശ്രമം തുടങ്ങി. ഇപ്പോള്‍ യുഎഇ, ശ്രീലങ്ക എന്നിവിടങ്ങളില്‍ രൂപ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാവുന്നുണ്ട്. റഷ്യയും ഈയിടെ അവരുടെ എണ്ണയ്‌ക്ക് ഇന്ത്യന്‍ രൂപ സ്വീകരിച്ച് തുടങ്ങി. ഇതോടെ ഡോളറിന്റെ പിടി മെല്ലെ ദുര്‍ബലമാവുകയാണ്.

സൗദി ഇനി റഷ്യ-ചൈന ലോബിയിലേക്ക് നീങ്ങുന്നുവോ?

ഇതുവരെ അമേരിക്കക്കൊപ്പം നിന്ന സൗദി അറേബ്യ റഷ്യയുടെയും ചൈനയുടെയും മുന്നണിയിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉണര്‍ത്തുന്നതാണ് ഡോളറിനെ ഒഴിവാക്കിക്കൊണ്ടുള്ള സൗദിയുടെ ശ്രമം. .ഇറാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഹൂതി തീവ്രവാദികളില്‍ നിന്നും സൗദിക്കുള്ളില്‍ വിമതരില്‍ നിന്നും വെല്ലുവിളികള്‍ നേരിടുന്ന സൗദിയെ ഇതുവരെ രക്ഷിച്ചിരുന്നത് അമേരിക്കയുടെ സൈനികശക്തിയാണ്. പെട്രോ ഡോളര്‍ കരാറില്‍ നിന്നും പിന്‍വാങ്ങുന്നതോടെ അമേരിക്കയുടെ സൈനിക സഹായവും ഭാവിയില്‍ സൗദി നിഷേധിക്കുമോ എന്ന ചോദ്യവും ഉയരുന്നു.

മധ്യേഷ്യയില്‍ ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലിന് ശേഷം അമേരിക്ക, ഇസ്രയേല്‍ അച്ചുതണ്ടിനെതിരെ ഇസ്ലാമിക രാജ്യങ്ങളും കൂട്ടായ്മ ഉയര്‍ന്നുവരുന്നുണ്ട്. ഇതിന് റഷ്യയും ചൈനയും പിന്തുണയും നല്‍കുന്നുണ്ട്. എന്തായാലും ലോകത്തിന്റെ തന്നെ അധികാരസമവാക്യങ്ങള്‍ മാറ്റിമറിക്കുന്ന പരിവര്‍ത്തനങ്ങളാണ് ഭാവിയില്‍ ലോകം കാണാനിരിക്കുന്നത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക