ആലുവ : പതിനാറു വയസ്സുകാരനെ കാറിൽ തട്ടി കൊണ്ടു പോയി ഉപദ്രവിച്ചവർ അറസ്റ്റിൽ. പള്ളിപ്പുറം ചെറായി തൃക്കടപ്പള്ളി ഭാഗത്ത് കല്ലൂർ വീട്ടിൽ ജിതിൻ (35), പള്ളിപ്പുറം ചെറായി തൃക്കടപ്പള്ളി ഭാഗത്ത് പുത്തൻപുരയ്‌ക്കൽ വീട്ടിൽ ജിജു(43), പള്ളിപ്പുറം ചെറായി കടുവങ്കൽ വീട്ടിൽ ഹരിശങ്കർ (26) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് കുട്ടികൾ തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്നുള്ള വൈരാഗ്യത്തിലാണ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിക്കണമെന്ന് പ്രതികൾക്ക് ഉദ്ദേശം ഉണ്ടായത്. കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇരു കൂട്ടരുടെയും രക്ഷകർത്താക്കൾ അധ്യാപകരുടെ സാന്നിധ്യത്തിൽ സംസാരിച്ചെങ്കിലും ഒത്തു തീർപ്പായില്ല.
തുടർന്ന് പ്രതികൾ ഒരു ഇന്നോവ കാറുമായി പറയാട് ഭാഗത്ത് വന്ന് വിദ്യാർത്ഥിയെ ഫോണിൽ വിളിച്ച് പറയാട് ഭാഗത്തേക്ക് വരാൻ നിർദ്ദേശിച്ചു. വന്നില്ലെങ്കിൽ വീട്ടിൽ കയറി ആക്രമിക്കും എന്ന് ഭീഷണിപ്പെടുത്തി തുടർന്ന് പറയാട് ഭാഗത്തെത്തിയ കുട്ടിയെ കാറിലിരുന്ന മൂന്ന് പ്രതികളും കൂടി ബലംപ്രയോഗിച്ച് കാറിലേക്ക് വലിച്ചുകയറ്റി മാല്യങ്കര മുനമ്പം റോഡെ ഓടിച്ചു ചെറായി പാടം ഭാഗത്തേക്ക് കൊണ്ടു പോയി. കാറിൽ വച്ച് കുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും കുട്ടിയോട് സ്കൂളിൽനിന്ന് നിർബന്ധമായി ടി.സി മേടിച്ചു പോകണം എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു .
തുടർന്ന് ഇവർ കുട്ടിയുമായി മുനമ്പം പോലീസ് സ്റ്റേഷന് പരിസരത്ത് വരികയും ആ സമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞ് വടക്കേക്കര പോലിസ് പിന്തുടർന്ന് സമയ ബന്ധിതമായി മുനമ്പത്തെത്തി കുട്ടിയെ തട്ടി കൊണ്ടു പോയ കാറിൽ പ്രതികൾക്കൊപ്പം കുട്ടിയെ കണ്ടെത്തുകയുമാണുണ്ടായത്. കുട്ടിയെ തട്ടി കൊണ്ടു പോകാൻ ഉപയോഗിച്ച ഇന്നോവ കാറും പോലിസ് കസ്റ്റഡിയിലെടുത്തു.
അന്വേഷണ സംഘത്തിൽ വടക്കേക്കര ഇൻസ്പെക്ടർ കെ. ആർ.ബിജു, സബ് ഇൻസ്പെക്ടർമാരായ പി.കെ വിനോദ്, വി.എം റസാഖ്,, ടി.എസ് ഗിരീഷ് അഭിലാഷ് , ജയകൃഷ്ണൻ സീനിയർ സിവിൽ പോലീസ് ഓഫീസർരായ പി.ഡി പ്രവീൺ ദാസ് ,പി.ബി ശ്രീകാന്ത് , സേതുനാഥ് അനീഷ് കുമാർ ,നവീൻ സി ജോൺ, ജിനുമോൻ എന്നിവരാണ് ഉണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക