മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലെ ബ്രോക്കര്‍ കമ്പനിയും ധനകാര്യസേവനസ്ഥാപനവുമായ സെറോദ എന്ന സിഇഒ ആണ് 37കാരനായ നിഖില്‍ കാമത്ത്. തന്റെ കമ്പനിയിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച വിജയം വരിച്ച യുവ ബിസിനസുകാരനാണ് നിഖില്‍ കാമത്ത്. അദ്ദേഹം ബില്‍ ഗേറ്റ്സ് എന്ന മൈക്രോസോഫ്റ്റ് ഉടമയുമായി ഒരു മുഖാമുഖം പരിപാടിയ്ക്കിരുന്നു. ‘പീപ്പിള്‍ ബൈ ഡബ്ല്യു ടിഎഫ്’ എന്ന പോഡ് കാസ്റ്റ് പരിപാടിയുടെ ഭാഗമായാണ് നിഖില്‍ കാമത്ത് മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്സുമായി അഭിമുഖം നടത്തിയത്.
മുതലാളിത്തമാണോ സോഷ്യലിസമാണോ നല്ലത് എന്ന ചോദ്യത്തിന് ബില്‍ ഗേറ്റ്സ് നല്കിയ മറുപടി ‘മുതലാളിത്തമാണ് സോഷ്യലിസത്തേക്കാള്‍ നല്ലത്’ എന്നായിരുന്നു. “മുതലാളിത്തം ഒരു പുതിയ ബിസിനസ് തുടങ്ങാന്‍ സ്വാതന്ത്ര്യം നല്കുന്നു. അതല്ലെങ്കില്‍ ഒരു പുതിയ ഉല്പന്നം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം തരുന്നു. അത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ആശയമാണ്. സാമൂഹ്യനിലവാരം, ജാതി, പശ്ചാത്തലം തുടങ്ങിയ വിവേചനങ്ങളൊന്നും കണക്കിലെടുക്കാതെ നിങ്ങള്‍ക്ക് ഈ സ്വാതന്ത്ര്യം അനുഭവിക്കാം. മാത്രമല്ല, കണ്ടുപിടുത്തത്തിന്റെ ഒരു ശക്തിയും അവിടെ ഉണ്ട്. “- ബില്‍ ഗേറ്റ്സ് പറഞ്ഞു.
ഇന്ത്യക്കാരനായ സത്യ നഡേല്ല മികച്ച സിഇഒ ആണെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. ബില്‍ഗേറ്റ്സിന്റെ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ഇന്ത്യക്കാരനായ സിഇഒ ആണ് സത്യ നഡേല്ല. മൈക്രോസോഫ്റ്റിന്റെ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് ഇന്ത്യയിലാണെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി ബില്‍ഗേറ്റ്സ് പറഞ്ഞു. ഏകദേശം 100 കോടി രൂപയാണ് ഓരോ വര്‍ഷവും ബില്‍ ഗേറ്റ്സ് ഇന്ത്യയില്‍ ചെലവഴിക്കുന്നത്. ആരോഗ്യം, ജനാരോഗ്യസംരക്ഷണത്തിനുള്ള ശുചീകരണം, ലിംഗസമത്വം, പാവങ്ങളെ ധനപരമായി ശാക്തീകരിക്കല്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സഹായിക്കാന്‍ ബില്‍ ഗേറ്റ്സിന്റെ ജീവകാരുണ്യ സംഘടന കേന്ദ്രസര്‍ക്കാരുമായും മറ്റ് സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും തുക ചെലവഴിക്കുന്നത്. ബില്‍ ആന്റ് മെലിന്റെ ഗേറ്റ്സ് ഫൗണ്ടേഷന് എന്ന ജീവകാരുണ്യ സംഘടനയിലൂടെയാണ് ഈ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
മൈക്രോസോഫ്റ്റ് സ്ഥാപിക്കുകയും അതിനായി ഇന്ത്യയില്‍ നിന്നും ഐടി എഞ്ചിനീയര്‍മാരെ യുഎസിലെ സിയാറ്റിലേക്ക് കൊണ്ടുപോകുന്നതോടെയാണ് ഇന്ത്യയുമായുള്ള തന്റെ ബന്ധം തുടങ്ങുന്നതെന്നും ബില്‍ഗേറ്റ്സ് പറഞ്ഞു. 1975 ഏപ്രില്‍ നാലിനാണ് ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: