സ്വന്തം ജീവിതം ആസ്വദിക്കാൻ ശ്രമിക്കാതെ ജീവിതകാലം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ വിധിക്കപ്പെട്ടവർ ആണ് 99% പ്രവാസികളും. അതുകൊണ്ട് തന്നെ പ്രവാസികളുടെ ദുരിതങ്ങൾ കേൾക്കുമ്പോൾ അത്രയ്‌ക്ക് സങ്കടം വരാറുണ്ട്.
പ്രവാസികളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ മറ്റേണ്ടിയിരിക്കുന്നു. ‘Self Love’ എന്നൊരു കാര്യം ഉണ്ട് എന്നത് മറക്കരുത്. ഏത് പ്രവാസിയോട് ചോദിച്ചാലും എല്ലാവരും പറയുന്ന കാര്യം ‘കടങ്ങൾ ഒത്തിരി ഉണ്ട് ‘ എന്നാണ്.
കടം തീർത്തിട്ട് ജീവിതം ആസ്വദിക്കാം എന്ന് കരുതിയാൽ ഒരിക്കലും സാധിക്കില്ല. കടങ്ങൾ ഉണ്ടാകാതിരിക്കാൻ നോക്കുക എന്നതാണ് ഒരേ ഒരു പോംവഴി. 40 വയസിനു ഉള്ളിൽ കടങ്ങൾ അല്ലെങ്കിൽ ലോണുകൾ എല്ലാം അടച്ച് തീർക്കണം. അതിനനുസരിച്ചുള്ള കടങ്ങളെ എടുക്കാവൂ. അല്ലെങ്കിൽ ജീവിതകാലം EMI അടയ്‌ക്കാൻ വേണ്ടി മാത്രം ഉള്ളതാകും.
സാമ്പത്തീക മേഖലയിൽ ജോലി ചെയ്യുന്നതിന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞാൽ പ്രവാസികളുടെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലൻ നാട്ടിൽ ലോൺ എടുത്തുള്ള വീട് വെയ്‌ക്കൽ ആണ്. പ്രവാസി ആണെങ്കിൽ കുറഞ്ഞത് 75 ലക്ഷം രൂപയുടെ എങ്കിലും വീട് നാട്ടിൽ ഉണ്ടാകണം എന്നത് ഒരു നാട്ടു നടപ്പാണ്. അല്ലെങ്കിൽ അത് വലിയ കുറച്ചിൽ ആണ്.
കാർ, മക്കളുടെ കല്യാണം ഒക്കെ നാട്ടുകാരുടെ കണ്ണ് തള്ളിക്കുന്ന രീതിയിൽ ആയിരിക്കണം.
സ്വന്തം കയ്യിൽ പണം ഉണ്ടായിട്ട് ചെയ്യുന്നു എങ്കിൽ കുഴപ്പമില്ല, എടുത്താൽ പൊങ്ങാത്ത ലോൺ എടുത്ത് ഇതൊക്കെ കാട്ടി കൂട്ടുന്നതാണ് ജീവിതം ദുരിതപൂർണമാക്കുന്നത്.
മിക്കവാറും കുടുംബങ്ങളിൽ പ്രവാസികൾ എന്ന് പറഞ്ഞാൽ കറവ പശുക്കളെ പോലെ ആണ്. ആ കുടുംബത്തിലെ എന്ത് കാര്യവും പ്രവാസിയുടെ തലയിൽ ആണ്. എത്ര കൊടുത്താലും ആർക്കും തികയില്ല. ഒരു ആശുപത്രി കേസ് വന്നാലും അതിന്റെ മുഴുവൻ ചെലവും ആ കുടുംബത്തിൽ ഒരു പ്രവാസി ഉണ്ടെങ്കിൽ അവന്റെ തലയിൽ ആണ്. എന്നാൽ കുടുംബക്കാരോട് ഒരു മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ പറഞ്ഞാലോ, പുച്ഛവും പരിഹാസവും ആണ്.
പലരും മക്കളുടെ കല്യാണം പോലും തീരുമാനിക്കുന്നത് കുടുംബത്തിലെ പ്രവാസികളെ കണ്ടിട്ടാണ്. എത്ര കൊടുത്താലും അവർക്ക് തികയുകയുമില്ല.
അവധിക്ക് നാട്ടിൽ വരുന്ന പ്രവാസികളെ പിഴിയുക എന്നത് മറ്റൊരു ആചാരമാണ്. നാട്ടുകാരുടെ കാര്യം പോട്ടെ എന്ന് വെയ്‌ക്കാം, പക്ഷെ സ്വന്തം വീട്ടുകാർ പോലും പരമാവധി ഊറ്റും.
എന്റെ ഒരു സുഹൃത്ത് ലോൺ എടുത്ത് കാനഡയിൽ പഠിക്കാൻ പോയി, ഇപ്പോൾ പഠനം കഴിഞ്ഞ് കാനഡയിൽ ചെറിയ ഒരു ജോലിയിൽ കയറി. പഠിക്കാൻ വേണ്ടി എടുത്ത വായ്‌പ തിരിച്ചടക്കുന്നുമുണ്ട്. ഇവൾ മിക്കവാറും വാട്സ്ആപ്പ് സ്റ്റാറ്റസ് ഒക്കെ ഇടുമായിരുന്നു. ഇപ്പോൾ അത് കാണാറില്ല.
കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ പറയുവാ ‘ ഞാൻ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടുന്നത് കണ്ട് വീട്ടുകാർ വിചാരിക്കുന്നത് ഞാൻ ഇവിടെ ഭയങ്കര അടിച്ചു പൊളി ജീവിതം ആണെന്നാണ്. ഓരോ മാസം കഴിയുംതോറും വീട്ടിലെ ആവശ്യങ്ങൾ കൂടി വരുന്നു. വീട്ടിലെ ചെലവ് ഇപ്പോൾ മൂന്നിരട്ടി ഒക്കെയായി വർധിച്ചു. വലിയ പണക്കാർ ആണെന്ന് കാണിക്കാൻ പിരിവിനു വരുന്നവർക്ക് ഒക്കെ 5000 ഉം 10000 ഉം ഒക്കെയാണ് കൊടുക്കുന്നത്. ഹരിയാനയിൽ പള്ളി പണിയാൻ സഹായം ചോദിച്ചു വന്ന പള്ളിക്കാർക്ക് 10000 രൂപ ആണത്രെ കൊടുത്തത്..!’
ഇവൾ നാട്ടിൽ വന്നപ്പോൾ കൊച്ചിയിലെ ഒരു മാളിൽ പോയി ഷോപ്പിംഗ് നടത്തിയപ്പോൾ സഹോദരി വാങ്ങിയത് 5400 രൂപയുടെ ലിപ്സ്റ്റിക് ആയിരുന്നത്രെ…!
ജർമനിയിൽ ഉള്ള മറ്റൊരു സുഹൃത്ത് പെങ്ങളുടെ കല്യാണം നടത്തി സാമ്പത്തീകമായി തകർന്ന കഥ പറഞ്ഞ് കരയുക ആയിരുന്നു. അവൻ യൂറോപ്പിൽ ജീവിക്കുന്നത് കൊണ്ട് ആ നിലയ്‌ക്കും വിലക്കും അനുസരിച്ചു പെങ്ങളുടെ കല്യാണം നടത്തണമത്രേ.
അളിയന് ഐ ഫോൺ ലേറ്റസ്റ്റ് മോഡൽ തന്നെ സമ്മാനമായി കൊടുക്കണം എന്ന് പെങ്ങളുടെ വാശി..! അവൻ പറയുവാ, ‘ എടാ ഞാൻ ഉപയോഗിക്കുന്നത് 18000 രൂപയുടെ ഫോൺ ആണ്..!
നമ്മൾ വിചാരിക്കാതെ മറ്റുള്ളവർക്ക് നമ്മളെ പറ്റിക്കാനോ ചൂഷണം ചെയ്യാനോ കഴിയില്ല. No പറയേണ്ടിടത് നോ എന്ന് തന്നെ പറയണം.
ലോൺ എടുത്ത് നാട്ടിൽ പടപണ്ടാരം പോലത്തെ വീടൊക്കെ വെയ്‌ക്കുന്ന ഏർപ്പാടൊക്കെ അവസാനിപ്പിക്കണം. മറ്റുള്ളവരുടെ കണ്ണ് തള്ളിക്കാനും, പലരെയും തൃപ്തിപ്പെടുത്താനും വേണ്ടി ആകരുത് വീട് വെയ്‌ക്കലും, കല്യാണ ആഘോഷവും, കാർ വാങ്ങലും, സംഭാവന നൽകലും.
വീട്ടുകാർക്ക് എല്ലാവർക്കും മെഡിക്കൽ ഇൻഷുറൻസ് എടുത്ത് നൽകുക, മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക. മക്കളുടെ ഉന്നത വിദ്യാഭ്യാസം ഒക്കെ അവർ അവരുടെ പേരിൽ ലോൺ എടുത്ത് പഠിക്കട്ടെ എന്ന് തീരുമാനിക്കണം.
മക്കളുടെ കല്യാണം ഒക്കെ ആർഭാടം ആയി നടത്തണം എങ്കിൽ മക്കൾ ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം കൊണ്ട് നടത്താൻ പറയണം.
ബന്ധുക്കളും, സുഹൃത്തുക്കളുമൊക്കെ പറയുന്ന ചിട്ടികളിലും, സഹകരണ ബാങ്കുകളിലും, ഇൻഷുറൻസിലും, ക്രിപ്റ്റോ കറൻസി, ഷെയർ മാർക്കറ്റ്, ആട്, മാഞ്ജിയം തുടങ്ങിയ ഊഡായിപ്പുകളിലും ഒക്കെ കൊണ്ടുപോയി നിക്ഷേപിക്കാതിരിക്കാൻ ഉള്ള വിവേകം പ്രവാസികൾക്ക് ഇനിയെങ്കിലും ഉണ്ടാകണം.
കഴുതയെ പോലെ പണിയെടുത്ത് സമ്പാദിക്കുന്നതിൽ കാര്യമില്ല, അത് എങ്ങനെ ബുദ്ധിപൂർവം വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം.
ഗൾഫിൽ ജോലി ചെയ്യുന്ന ഡോക്ടർ ആയ ഒരു സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു ‘ പണം ഉണ്ടാക്കുക എന്ന വ്യഗ്രതയിൽ സ്വന്തം ആരോഗ്യം പോലും പ്രവാസികൾ ശ്രദ്ധിക്കാറില്ല. ഫ്രൂട്ട്സ് ഒക്കെ കഴിക്കണം എന്ന് രോഗികളോട് പറയുമ്പോൾ, അത് മേടിക്കുന്ന പണം കൂടി നാട്ടിലോട്ട് അയക്കാമല്ലോ ഡോക്ടറേ’ എന്നാണത്രെ പല പ്രവാസികളും തിരിച്ചു പറയുന്നത്..!
ആദ്യം പറഞ്ഞത് പോലെ ‘Self Love’ എന്നൊന്നുണ്ട്. നമുക്ക് വേണ്ടി കൂടി ജീവിക്കണം. എന്നുവെച്ച് സമ്പാദിക്കുന്നത് എല്ലാം അടിച്ചു പൊളിച്ചു തീർക്കണം എന്നല്ല. സാമ്പത്തീക അച്ചടക്കം പാലിച്ചും നമുക്ക് ജീവിതം അടിപൊളി ആക്കാം. No എന്ന് പറയാൻ കഴിയുക എന്നത് വലിയ കാര്യമാണ്.
പ്രവാസികൾ കറവപ്പശുക്കൾ ആകുന്നു എങ്കിൽ അതിന്റെ ഉത്തരവാദികൾ അവർ മാത്രമാണ്.
പ്രവാസികളോട് ബന്ധുക്കളുടെയും, നാട്ടുകാരുടെയും സമീപനം മാറില്ല, മാറേണ്ടത് പ്രവാസികൾ ആണ്.
‘Blood is not thicker than mental health’ എന്നത് ഓർക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: