ഐസിയുവിന്റെ ചില്ലുപാളിയില്‍ കണ്ണുകള്‍ ചേര്‍ത്തുവച്ച് നോക്കിയിട്ടും മങ്ങിയ കാഴ്ചകളാണ് കാണാന്‍ കഴിഞ്ഞത്. രണ്ട് ദിവസമായി പുറത്തുകാത്തുനില്ക്കുന്നവരില്നിന്ന് വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞെങ്കിലും ഒന്നു കാണണമെന്നുണ്ടായിരുന്നു. പക്ഷേ എന്റെ സുഹൃത്തിന്റെ ജീവന് വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നതിനാല്‍ ആഗ്രഹം മനസ്സിലൊതുക്കി. അശുഭകരമായതൊന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയോടെയാണ് ആശുപത്രി വിട്ടത്. പിറ്റേന്നും ചെല്ലാമെന്നു വിചാരിച്ചു. അതുവേണ്ടി വന്നില്ല. രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ ആ ജീവന് അതിദുര്ബലമായിത്തീര്ന്നിരുന്ന ശരീരത്തെ ഉപേക്ഷിച്ചുപോയി.
നീലീശ്വരത്തെ വീട്ടില്‍ നിശ്ചലനായിക്കിടക്കുന്ന എന്റെ സുഹൃത്തിനെ അവസാനമായി ഒന്നു കണ്ടശേഷം പുറത്തിറങ്ങിയപ്പോള്‍ അകത്തും പുറത്തും വലിയൊരു ശൂന്യത. മടക്കയാത്രക്കിടെ മനസ്സ് നാല് പതിറ്റാണ്ട് പിന്നോട്ടുപോയി. അത് ചെന്നുനിന്നത് നിലാവില് കുളിച്ചുകിടക്കുന്ന പൂര്‍ണാനദിയുടെ മണല്‍പ്പരപ്പിലാണ്. അവിടെവച്ചാണ് ഞാനും പ്രവീണും ആദ്യമായി കാണുന്നത്. പണ്ടുകാലത്ത് ആര്‍എസ്എസില്‍ പതിവായിരുന്ന ‘ചന്ദന്‍’ പരിപാടിക്കെത്തിയതായിരുന്നു.
കാലടി ശ്രീശങ്കരാ കോളജില്‍ ഒരുമിച്ച് പഠിക്കാനെത്തിയപ്പോഴാണ് ഞങ്ങള്‍ സൗഹൃദത്തിലായത്. പിന്നീട് നീലീശ്വരം എസ്എന്‍ഡിപി സ്കൂളില്‍ സംഘശിബിരം നടന്നപ്പോള്‍ പ്രവീണിന്റെ വീട്ടില്പ്പോവുകയും, മാതാപിതാക്കളെ പരിചയപ്പെടുകയും ചെയ്തു. അതിനോടകം ഞാന്‍ ആര്‍എസ്എസ് പ്രചാരകനായിക്കഴിഞ്ഞിരുന്നു. ആറുവര്‍ഷത്തെ പ്രചാരകജീവിതത്തിനുശേഷം ഞാന്‍ ജന്മഭൂമിയിലെത്തി. അധികകാലം കഴിയുന്നതിനു മുന്‍പ് പ്രവീണും അവിടെ ആര്‍ട്ടിസ്റ്റായി നിയമനം നേടി. പിന്നീടങ്ങോട്ട് ഞങ്ങളുടെ സൗഹൃദം ആത്മബന്ധമായി വളരുകയായിരുന്നു.
വരയുടെ ലോകത്ത്
വരയിലും സംഗീതത്തിലും ഒരേപോലെ വ്യാപരിച്ച അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു പ്രവീണ്‍. ഇതു രണ്ടും ജന്മസിദ്ധമായി കിട്ടിയതാണ്. ജന്മഭൂമിയിലും മറ്റ് മാധ്യമങ്ങളിലും കഥകള്‍ക്കും കവിതകള്‍ക്കും ഫീച്ചറുകള്‍ക്കും പ്രവീണ്‍ വരച്ച ചിത്രങ്ങളും രേഖാചിത്രങ്ങളും കാരിക്കേച്ചറുകളും നിരവധിയായിരുന്നു. ജന്മഭൂമിക്ക് ഒരു മുതല്‍ക്കൂട്ടാണ് ഈ യുവാവ് എന്നു തോന്നിച്ചു.
കുമ്മനം രാജശേഖരന് ജന്മഭൂമി മാനേജിങ് എഡിറ്ററായിരിക്കുമ്പോഴാണ് പ്രവീണ്‍ ജന്മഭൂമിയില് ചേരുന്നത്. അക്കാലത്തെ ഓണപ്പതിപ്പുകള്‍ അധികവും ചെയ്തിരുന്നത് പ്രവീണും നാസര്‍ ഒ.ബിയുമാണ്. രാവും പകലും ഇവര്‍ പണിയെടുത്തു. വലിയൊരു ആത്മബന്ധം ഇവര്‍ക്കിടയിലുണ്ടായിരുന്നു. ‘ഓ ഫാബി’ എന്ന ആനിമേഷന്‍ ചിത്രത്തിനുവേണ്ടി വരയ്ക്കാന്‍ ഇരുവരും മുംബൈയില്‍ പോയപ്പോള്‍ അവിടെ വര്‍ഗീയകലാപം പൊട്ടിപ്പുറപ്പെട്ട് അടച്ചിട്ട മുറിയില്‍ ദിവസങ്ങളോളം കഴിയേണ്ടി വന്നു. നാസര്‍ പിന്നീട് ഒരു ഗള്‍ഫ് പത്രത്തിലെ ആര്‍ട്ടിസ്റ്റായി. മലയാള മനോരമയില്‍ കുറെക്കാലം പ്രവര്‍ത്തിച്ച പ്രവീണ്‍ അവിടെനിന്ന് ജനയുഗത്തിലേക്ക് പോയി. തിരിച്ചുവന്ന് മെട്രോ വാര്‍ത്തയില്‍ ചേര്‍ന്നു. വീണ്ടും ജന്മഭൂമിയിലെത്തി. ഈ രണ്ടാം വരവില്‍ പൊരുത്തക്കേടിന്റെ പ്രശ്നങ്ങളൊന്നും പ്രവീണിനുണ്ടായിരുന്നില്ല. കാരണം ജന്മഭൂമിയിലുള്ള ഏതാണ്ട് എല്ലാവരുമായും ബന്ധം പുലര്‍ത്തിയിരുന്നു. തൃശൂരില്‍ ജന്മഭൂമി സംഘടിപ്പിച്ച ലജന്‍ഡ്സ് ഓഫ് കേരള എന്ന പേരിലുള്ള അവാര്‍ഡ് നൈറ്റില്‍ പ്രവീണ്‍ വരച്ച സിനിമാ സംവിധായകന് കെ.എസ്. സേതുമാധവന്റെ ചിത്രം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സാന്നിധ്യത്തില്‍ നേരിട്ട് സമ്മാനിച്ചത് ആ ജീവിതത്തിന്റെ ധന്യമായ നിമിഷങ്ങളിലൊന്നായിരുന്നു. ആര്‍എസ്എസ് പ്രചാരകനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന പി. മാധവ്ജിയുടെ ചിത്രം വെളിയത്തു നാട്ടിലെ തന്ത്രവിദ്യാപീഠത്തില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് കെ.എസ്. പരിപൂര്ണന് സമ്മാനിക്കുകയുണ്ടായി. മിഴിവുറ്റ ആ ചിത്രം കണ്ട് ആരാണിത് വരച്ചതെന്ന് ജസ്റ്റിസ് അത്ഭുതംകൂറുകയുണ്ടായി. പ്രവീണിന്റെ ഗുരുസ്ഥാനീയനായ ഗോപാലകൃഷ്ണന് കുഞ്ഞിയുടെ പ്രേരണയിലാണ് ഈ ചിത്രം വരച്ചത്.
ഒരുപാട് പുസ്തകങ്ങളുടെ കവര്‍ചിത്രങ്ങളും പ്രവീണ്‍ വരച്ചു. ഫീച്ചര്‍ പേജുകളുടെ ലേഔട്ടില്‍ വിസ്മയിപ്പിക്കുന്ന മികവുകളാണ് പ്രവീണ്‍ പുറത്തെടുത്തിട്ടുള്ളത്. അനുയോജ്യമായ ടൈറ്റിലുകള്‍ വരയ്ക്കുന്നതിലും, ഒന്നിനൊന്ന് വ്യത്യസ്തമായ കളര്‍ കോമ്പിനേഷനുകള്‍ കൊണ്ടുവരുന്നതിലും പ്രതിഭയുടെ തിളക്കമുണ്ടായിരുന്നു. ജന്മഭൂമി വാരാദ്യപ്പതിപ്പിനു വേണ്ടി എന്റെ നിരവധി കവര്‍ സ്റ്റോറികള്‍ രൂപകല്‍പ്പന ചെയ്തത് പ്രവീണായിരുന്നു.
പാട്ടിന്റെ കൂട്ടുകാരന്
സംഗീതത്തില്‍ പ്രവീണിനുണ്ടായിരുന്ന താല്‍പ്പര്യം അപാരമായിരുന്നു. ചെറുപ്പം മുതല്‍ പാട്ടിന് നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കൊപ്പവും പ്രൊഫഷണല്‍ ഗായകര്‍ക്കൊപ്പവും ഒരേപോലെ പാടാന്‍ മടിയില്ലായിരുന്നു. ജന്മഭൂമിയുടെ കുടുംബസംഗമങ്ങളിലും മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകളിലും പ്രവീണിന്റെ പാട്ടുകള്‍ കേട്ടുകൊണ്ടേയിരുന്നു. സിനിമാഗാനങ്ങളെക്കുറിച്ചും അവയില്‍ ഉപയോഗിച്ചിരിക്കുന്ന രാഗങ്ങളെക്കുറിച്ചും നല്ല അറിവായിരുന്നു. ചലച്ചിത്ര സംഗീതത്തെക്കുറിച്ച് പില്ക്കാലത്ത് ചിലര്‍ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ഇതിനും എത്രയോ വര്‍ഷങ്ങള്‍ മുന്‍പുതന്നെ പ്രവീണിന് ഇക്കാര്യത്തിലുള്ള ജ്ഞാനം നേരിട്ടറിയാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പാട്ടിന്റെ എല്ലാ വഴികളിലൂടെയും പ്രവീണ്‍ നടന്നു. ക്ലാസിക്കല്‍ പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളും ഭക്തിഗാനങ്ങളും ഹിന്ദുസ്ഥാനിയിലെ ആലാപനങ്ങളും ഒരേപോലെ വഴങ്ങിയിരുന്നു. കേരളീയ സംഗീതത്തിന് ഹിന്ദുസ്ഥാനിയുടെ കുറവുണ്ടെന്നും, കുട്ടികള്‍ അത് പഠിക്കണമെന്നും പറയുന്നത് കേട്ടിട്ടുണ്ട്. പാട്ട് എവിടെയുണ്ടോ അവിടെ പ്രവീണുണ്ട്. സ്കൂള്‍ യുവജനോത്സവത്തിലെ ജഡ്ജും ശ്രോതാവുമായിരുന്നു. ആര്‍ട്ടിസ്റ്റ് ഹരിദാസ് നരീക്കലായിരുന്നു പലപ്പോഴും ഇതിന് കൂട്ട്.
അതിരുകളില്ലാത്ത സൗഹൃദത്തിന്റെ ആളായിരുന്നു പ്രവീണ്‍. ജന്മനാട്ടില് സൗഹൃദത്തിന്റെ ഒരു മഹാവലയമുണ്ടായിരുന്നു. ഇതിന്റെ ഭാഗമാകാന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട്. ഇതിലൊരാള്‍ പ്രവീണിന്റെ ജ്യേഷ്ഠന് പീതാംബരന് നീലീശ്വരമാണ്. നാടകവും എഴുത്തും ഒരുപോലെ വഴങ്ങുന്നയാള്‍. നീലീശ്വരത്തിന്റെ എഴുത്തുകാരന്. സാന്നിദ്ധ്യംകൊണ്ടുതന്നെ ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന ബൈജു ഐക്കുളത്ത്, ഷാരൂഖ് ഖാന്റെ അശോക സിനിമയുടെ ക്യാമറാസംഘത്തില് ഉണ്ടായിരുന്ന ജെഫിന്, പ്രൊഡക്ഷന്‍ കണ്ട്രോളറും ബാഹുബലി സിനിമയില്‍ ബാഹുബലിയുടെ കുഞ്ഞുപ്രായം അവതരിപ്പിച്ച കുട്ടിയുടെ അച്ഛനുമായ വത്സന് നീലീശ്വരം, ആര്‍ട്ടിസ്റ്റും വെബ് ഡിസൈനറുമായ രജി ഐക്കുളത്ത്, ആര്‍ട്ടിസ്റ്റ് ബിജു, പുല്ലാങ്കുഴല്‍ വാദകനും പ്രവീണിന്റെ ആത്മസുഹൃത്തുമായ സദാശിവന് കുഞ്ഞി എന്നിവരൊക്കെ ഇതില്‍പ്പെടുന്നു.
പ്രവീണ്‍ എവിടെപ്പോയാലും അവിടങ്ങളില്‍ അതിവേഗം സൗഹൃദത്തിന്റെ ഒരു വലയം സൃഷ്ടിക്കും. വളരെ കുറഞ്ഞകാലംകൊണ്ട് പാട്ടും സിനിമയുമായും ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വളര്‍ത്തിയെടുത്ത സൗഹൃദം അതിശയിപ്പിക്കുന്നതായിരുന്നു. സ്വന്തം നാട്ടിലേതുപോലെയുള്ള സൗഹൃദം. ഇവരുമായി നിരന്തരം ബന്ധം പുലര്‍ത്തും. ഒരു ഘട്ടമെത്തിയപ്പോള്‍ വരയുടെ ലോകത്തുനിന്ന് പ്രവീണ്‍ പാട്ടിന്റെ ലോകത്തേക്ക് മാറിയതുപോലെ തോന്നി. സൗഹൃദംപോലെ വിശാലമായിരുന്നു സംഗീത സൗഹൃദവും. ഗായകന് എന്നതിനു പുറമെ സംഗീതത്തെക്കുറിച്ചും പാട്ടിനെക്കുറിച്ചുമുള്ള പ്രവീണിന്റെ അറിവായിരുന്നു ഈ സൗഹൃദത്തിന്റെ കാതല്‍. സോഷ്യല്‍ മീഡിയ വഴി നിമിഷംപ്രതി ഓരോ പാട്ടിനൊപ്പവും അവയുടെ രാഗങ്ങളും വിനിമയം ചെയ്യപ്പെട്ടു. കേരളത്തിനകത്തും പുറത്തുമുള്ള സംഗീതസംവിധായകരെക്കുറിച്ച് അതിവിപുലമായ അറിവ് പ്രവീണിനുണ്ടായിരുന്നു. സലില്‍ ചൗധരിയുടെയും ഇളയരാജയുടെയും മറ്റും നാള്‍വഴികള്‍ ഹൃദിസ്ഥമായിരുന്നു.
പാട്ടുകാരനെന്നതിനുപരി തികഞ്ഞ ആസ്വാദകനായിരുന്നു പ്രവീണ്‍. ഓരോ പാട്ടിലും ഉപയോഗിച്ചിട്ടുള്ള രാഗങ്ങളും, വ്യത്യസ്ത സംഗീത സംവിധായകര്‍ അവയ്ക്ക് നല്കിയ പരിചരണങ്ങളുമൊക്കെ വളരെ കൃത്യമായി മനസ്സിലാക്കിയിരുന്നു. ഇത്തരം അറിവുകളാണ് പാട്ടുകൂട്ടങ്ങളില്‍ പ്രവീണിനെ പ്രിയങ്കരനാക്കിയത്. പാട്ടെഴുത്തുകാരില്‍ തന്നെ പലര്‍ക്കും അന്യമായ അറിവുകളുടെ സമാഹാരമാണ് പ്രവീണിന്റെ ‘രാഗിലം’ എന്ന പുസ്തകം. ”ശുദ്ധ സംഗീതത്തെ ഉപാസിക്കുന്ന ഒരാള്‍ക്കു മാത്രമേ ഈ വിധമൊരു കൃതി രചിക്കാനാവൂ. ശാസ്ത്രീയ സംഗീതം സാധാരണ സംഗീതപ്രേമികള്‍ക്ക് അപ്രാപ്യമാണെന്ന ധാരണ തിരുത്താന്‍ പോന്നതാണ് ഈ രചന.” അവതാരികയില്‍ കെ. ജയകുമാര്‍ ഐഎഎസ് പറയുന്നത് വലിയ അംഗീകാരമാണ്. മറ്റു പല പാട്ടെഴുത്തുകാരും ഒരു പാട്ടിന്റെ പശ്ചാത്തലം വിവരിക്കുമ്പോള്‍ പ്രവീണ്‍ ആ പാട്ടിനുള്ളിലേക്ക് നേരിട്ട് പ്രവേശിച്ച് അതിന്റെ ആത്മാവിനെ എടുത്തുകാട്ടുന്നു.
വേര്‍പാടിന്റെ വേദന
പ്രവീണുമൊത്ത് എവിടെയെല്ലാം പോയിരിക്കുന്നു, ആരെയൊക്കെ കണ്ടിരിക്കുന്നു. അതിനെക്കുറിച്ചൊക്കെ എത്രപറഞ്ഞാലും തീരില്ല. ഒരുമിച്ചിരുന്നു പാട്ടുകേട്ടും, ഒരു സിനിമ ഒരേ തീയേറ്ററില്‍ ഒന്നിലധികം തവണ കണ്ടും നടന്ന നാളുകള്‍. പത്മരാജന്റെ തൂവാനത്തുമ്പികളും മൂന്നാംപക്കവും, ബസുദേവ് ഭട്ടാചാര്യയുടെ ആസ്ഥ, ഗുല്‍സാറിന്റെ മാച്ചിസ്… സിനിമ അസ്ഥിക്ക് പിടിച്ച നാളുകള്‍. തൂവാനത്തുമ്പികളെക്കുറിച്ച് പ്രവീണ്‍ വല്ലാതെ വാചാലനാവുമായിരുന്നു. ആ സിനിമയ്ക്ക് ആധാരമായ ‘ഉതകപ്പോളകള്’ എന്ന പത്മരാജന്റെ തന്നെ നോവല്‍ കാലടി എസ്എന്‍ഡിപി ലൈബ്രറിയില്‍നിന്ന് പ്രവീണ്‍ എടുത്തുകൊണ്ടുവന്നതും, അത് വായിക്കണമെന്ന് നിര്‍ബന്ധിച്ചതും സിനിമയോടുള്ള ഗൗരവ സമീപനത്തിന് തെളിവാണ്. തിരുവനന്തപുരത്തെ ചലച്ചിത്രോത്സവങ്ങളിലെ പതിവുകാരനായിരുന്നുവല്ലോ പ്രവീണ്‍.
പ്രവീണ്‍ കുറെക്കാലം എറണാകുളത്ത് ഒന്നിലധികം വീടുകളില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. മഹാനഗരത്തിന്റെ നിശബ്ദമായ രാത്രികള്‍ താണ്ടി, കയ്യിലുള്ള കാശ് നുള്ളിപ്പെറുക്കി അതിന് കിട്ടുന്ന ഭക്ഷണം വാങ്ങിക്കഴിച്ച് ഞങ്ങള്‍ വീട്ടിലെത്തും. പിന്നെയും ഉറങ്ങാതിരുന്ന് കണ്ടുമടുക്കാത്ത സിനിമകളെക്കുറിച്ച് ചര്‍ച്ച നടത്തും. മനസ്സിന്റെ തിരശ്ശീലയില്‍ ഓര്‍മച്ചിത്രങ്ങളായി അതൊക്കെ ഇപ്പോള്‍ വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. ഒരിക്കല്‍പ്പോലും കരുതിയില്ല പൊടുന്നനെയുള്ള ഈ വേര്‍പാട്. പാടിത്തീരാത്ത പാട്ടുകളും വരച്ചുതീരാത്ത ചിത്രങ്ങളും മുഴുപ്പിക്കാന്‍ എന്റെ സുഹൃത്ത് വീണ്ടും ജനിക്കുമായിരിക്കും. ഒപ്പമുണ്ടായിരിക്കാന്‍ എന്നെപ്പോലുള്ളവരും ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. അതുവരെയുള്ള ഇടവേളയില്‍ ആസ്വദിക്കാനുള്ളത്രയും സംഗീതം അവശേഷിപ്പിച്ചിട്ടുണ്ടല്ലോ.
ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട സംഗീത സംവിധായകനായിരുന്നു ജോണ്സണ് മാസ്റ്റര്‍. സമകാലിക മലയാളം വാരികയില്‍ ജോണ്‍സനെക്കുറിച്ച് ഞാന്‍ എഴുതിയ ‘പവിഴംപോല്‍ പവിഴാധരം പോല്‍…’ എന്ന അനുസ്മരണം അത് അച്ചടിച്ചുവന്നപ്പോള്‍ എന്നെക്കാള്‍ മുന്‍പ് വാങ്ങി വായിച്ച് അതിന്റെ കോപ്പിയുമായി വന്നയാളാണ് നീ. നാല് പതിറ്റാണ്ടുകാലത്തെ സൗഹൃദത്തിനിടെ വല്ലപ്പോഴുമൊക്കെ ഉണ്ടാകുമായിരുന്ന പരിഭവങ്ങള്‍ക്കിടയിലും സ്നേഹത്തിന്റെ തടുക്കാനാവാത്ത അടിയൊഴുക്കുകള്‍ ഞാന്‍ അനുഭവിച്ചിരുന്നു. വേര്‍പാടിന്റെ വേദന മുഴുവന്‍ ഘനീഭവിക്കുന്ന ഇസബെല്ല എന്ന ചിത്രത്തിലെ ഗാനശകലത്തോടെയാണ് ‘രാഗില’ത്തില്‍ ജോണ്‍സനെക്കുറിച്ചുള്ള എഴുത്ത് പ്രവീണ്‍ അവസാനിപ്പിക്കുന്നത്. ”ശ്രുതി നേര്‍ത്തു നേര്‍ത്തു മായും/ ഋതുരാഗഗീതിപോലെ പറയൂ, നീ എങ്ങുപോയി…” പ്രവീണിന്റെ വേര്‍പാടിലും ഇതേ ചോദ്യം ഉയരുന്നു. വിധി എന്ന വാക്കിന് പ്രപഞ്ചത്തോളം വ്യാപ്തിയുണ്ടല്ലോ. അങ്ങനെ സമാധാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: