ന്യൂദല്‍ഹി: ഭാരതത്തിലെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ ലോകത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ ഏറെ സംതൃപ്തിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇറ്റലിയിലെ അപൂലിയയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ നിര്‍മിതബുദ്ധി, ഊര്‍ജം, ആഫ്രിക്ക, മെഡിറ്ററേനിയന്‍ എന്നിവയെക്കുറിച്ചുള്ള ഔട്ട്റീച്ച് സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
സാങ്കേതികവിദ്യ വിജയിക്കണമെങ്കില്‍ അതു മനുഷ്യ കേന്ദ്രീകൃത സമീപനത്തിലൂടെ അടിവരയിടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതു സേവന വിതരണത്തിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ഭാരതം കൈവരിച്ച വിജയം മോദി ലോകനേതാക്കളുമായി പങ്കുവച്ചു. എല്ലാവര്ക്കും നിര്‍മിതബുദ്ധി എന്ന ആശയത്തില്‍ അധിഷ്ഠിതമായ ഭാരതത്തിന്റെ നിര്‍മിതബുദ്ധി ദൗത്യത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ഈ സാങ്കേതികവിദ്യ ഏവരുടെയും പുരോഗതിയും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാകുമെന്ന് പറഞ്ഞു. വിശാലമായ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് നിര്‍മിതബുദ്ധിക്കായുള്ള ആഗോള പങ്കാളിത്തത്തിന്റെ സ്ഥാപക അംഗമെന്ന നിലയില്‍ ഭാരതം അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നത്.
ഭാരതത്തിന്റെ ഊര്‍ജപരിവര്‍ത്തന പാതയെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി, ലഭ്യത, പ്രവേശനക്ഷമത, താങ്ങാനാകുന്ന നിരക്ക്, സ്വീകാര്യത എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് അതിന്റെ സമീപനമെന്നു ചൂണ്ടിക്കാട്ടി. 2070-ഓടെ ‘നെറ്റ് സീറോ’ എന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യം പരിശ്രമിക്കുകയാണ്. ഭാരതത്തിന്റെ ‘ലൈഫ്’ ദൗത്യം പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലിയാണ്. ലോക പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച അമ്മയ്ക്കായി ഒരു വൃക്ഷം പദ്ധതി ലോകമെങ്ങും വ്യാപിപ്പിക്കേണ്ടതുണ്ടെന്നും മോദി ഉച്ചകോടിയില്‍ പറഞ്ഞു. രണ്ടുദിവസത്തെ ഇറ്റലി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ ഉച്ചയോടെ പ്രധാനമന്ത്രി ദല്‍ഹിയില്‍ തിരിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: