Football

സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പന്തുതട്ടാന്‍ കാലിക്കറ്റ് ഫുട്ബോള്‍ ക്ലബ്

Published by

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങി പുതിയ ക്ലബ് വരുന്നു. കോഴിക്കോട് കേന്ദ്രമാക്കി കാലിക്കറ്റ് ഫുട്ബോള്‍ ക്ലബ്ബാണ് സൂപ്പര്‍ ലീഗ് കേരളയില്‍ അരങ്ങേറ്റം കുറിക്കുക. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫ്രാഞ്ചൈസി ഉടമ വി.കെ. മാത്യൂസാണ് പുതിയ ക്ലബിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിച്ചത്. ഐബിഎസ് സോഫ്റ്റ്വെയറിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ് ക്ലബ്ബ് ഉടമ വി.കെ. മാത്യൂസ്.

ടീമിന്റെ ഔദ്യോഗിക ലോഗോ കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്റെ സാന്നിധ്യത്തില്‍ കോഴിക്കോട് എംപി എം.കെ. രാഘവന്‍ പ്രകാശനം ചെയ്തു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പര്‍ലീഗ് കേരള സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായികടൂര്‍ണമെന്റായി ഇതു മാറും. വിവിധ ജില്ലകളില്‍ നിന്നുള്ള ആറ് ടീമുകളാണ് എസ്എല്‍കെയിലുള്ളത്. സെപ്തംബര്‍ ഒന്നിന് കൊച്ചിയിലാണ് ഉദ്ഘാടനമത്സരം. പ്രാഥമിക റൗണ്ടില്‍ ഓരോ ടീമും പത്ത് മത്സരങ്ങള്‍ വീതം കളിക്കും. അഞ്ചെണ്ണം ഹോം ഗ്രൗണ്ടിലും അഞ്ചെണ്ണം പുറത്തുമായിരിക്കും. പ്രാഥമിക റൗണ്ടില്‍ നിന്ന് ആദ്യ നാല് സ്ഥാനക്കാര്‍ പ്ലേ ഓഫില്‍ എത്തും.

കാലിക്കറ്റ് ഫുട്ബോള്‍ ക്ലബ്ബില്‍ ആകെ 25 കളിക്കാരാണുള്ളത്. അതില്‍ ആറ് വിദേശ താരങ്ങളും ദേശീയതലത്തില്‍ കളിക്കുന്ന ഏഴ് പേരും അതോടൊപ്പം കേരളത്തില്‍ നിന്ന് 12 പേരുമായിരിക്കും. ഹെഡ് കോച്ച് വിദേശത്തു നിന്നാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്.

പൊതു സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കോഴിക്കോട് ഒരു അന്തര്‍ദേശീയ ഫുട്ബോള്‍ സ്റ്റേഡിയത്തിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ലോഗോ പ്രകാശനം ചെയ്ത് എം.കെ. രാഘവന്‍ പറഞ്ഞു.

രാജ്യത്തെ ഫുട്ബോള്‍ ആവേശമാണ് കേരളം. ഈ ആവേശത്തിന്റെ പ്രഭവകേന്ദ്രം കോഴിക്കോടാണെന്നും ഫ്രാഞ്ചൈസി ഉടമ വി.കെ. മാത്യൂസ് പറഞ്ഞു. നാട്ടിലെ വളര്‍ന്നു വരുന്ന ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് അന്താരാഷ്‌ട്ര മത്സരങ്ങളുടെ അനുഭവസമ്പത്ത് പകര്‍ന്ന് നല്‍കുന്നതിലൂടെ കേരളത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കണം. കോഴിക്കോട് പുതിയ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബ് ആരംഭിക്കുന്നത് പോലെ മറ്റൊരു മാര്‍ഗം ഇതിനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രൊഫഷണല്‍ ഫുട്ബോളിലൂടെ മാന്യമായ ജീവിതസാഹചര്യമുണ്ടായാല്‍ കേരളത്തിലെ ഫുട്ബോള്‍ മേഖലയില്‍ അത്ഭുതകരമായ മാറ്റമുണ്ടാകുമെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു. സബ്ജൂനിയര്‍ തലം മുതല്‍ മികച്ച പരിശീലനവും പ്രൊഫഷണലിസവും കൊണ്ടു വന്നാല്‍ മാത്രമേ സീനിയര്‍ തലത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കൂ. അതിനു വേണ്ടിയാണ് വര്‍ഷം 2,100 കളിയെങ്കിലും സംസ്ഥാനത്ത് നടത്താനുള്ള സാഹചര്യമുണ്ടാക്കുന്നത്. സൂപ്പര്‍ലീഗ് കേരള ഈ ലക്ഷ്യത്തിലേക്കുള്ള ഉദ്യമമാണെന്നും അദ്ദേഹം പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക