കവി ഗദ്യമെഴുതിയത് വായിച്ച് മലയാളം ഏറെ ആഘോഷിച്ചത് ‘പി’ എന്ന പി. കുഞ്ഞിരാമന്‍നായരുടെ എഴുത്തുകളിലൂടെയാണ്. നിത്യകന്യകയെത്തേടി, എന്നെ തിരയുന്ന ഞാന്‍, കവിയുടെ കാല്‍പ്പാടുകള്‍… ഒക്കെയും മലയാളസാഹിത്യത്തിലെ പദ്മപാദങ്ങളാണ്. കവികള്‍ക്ക് പദ്യത്തിനൊപ്പമോ മേലേയോ ഗദ്യം വഴങ്ങും. പക്ഷേ, അത് ഹൃദ്യമാക്കി വിളമ്പി വായനക്കാരന് സദ്യയൂട്ടുന്നവര്‍ ഏറെയില്ലെന്നുമാത്രം. ഒരുപക്ഷേ കവിതയ്ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനാലാവണം.
മഹാകവി അക്കിത്തത്തിന്റെ കവിതകള്‍ അതിപ്രസിദ്ധമാണ്, അതിനൊപ്പം കനവും കനിവും ഇനിവുമുള്ള കനികളാണ് അദ്ദേഹത്തിന്റെ ഗദ്യരചനകളും. ഉപനയനം, സമാവര്‍ത്തനം, സഞ്ചാരീഭാവം, ഹൃദയത്തിലേക്ക് നോക്കി എഴുതൂ, കവിതയുടെ വൃത്തവും ചതുരവും എന്നിങ്ങനെപേരില്‍ സമാഹരിച്ചിരിക്കുന്ന ലേഖനങ്ങള്‍ ലളിതവായനയ്ക്കും ഗഹന ധാരണയ്ക്കും ചേരുന്നതാണ്. ഗദ്യത്തിന്റെ വൃത്തവും ധ്വനിയും പൊന്നാനിക്കളരിയില്‍ ശീലിച്ചതിന്റെ മഹത്വവും സൗന്ദര്യവും തുളുമ്പുന്ന എഴുത്തുകള്‍. മാധവിക്കുട്ടി, എംടി, ചുള്ളിക്കാട് തുടങ്ങി ഒട്ടേറെപ്പേരുണ്ട് ആ പടര്‍വള്ളിയില്‍. അതില്‍ പൂത്തുലഞ്ഞ ഒരു വല്ലരിയാണ് കവി എസ്. രമേശന് നായര്‍. കവി, നാടകകൃത്ത്, അദ്ധ്യാപകന്, പ്രഭാഷകന്‍, ബ്രോഡ്കാസ്റ്റര്‍, വിവര്ത്തകന്, പാട്ടെഴുത്തുകാരന്, സിനിമാഗാന രചയിതാവ്, സംഘാടകന്‍ എന്നിങ്ങനെ എല്ലാ ബോധ- ബോധിവൃക്ഷത്തിലും പടര്‍ന്ന വല്ലി. ഒരുപക്ഷേ അദ്ദേഹത്തിന്റെ പാട്ടുകേട്ട് പലരും തലയാട്ടിയപ്പോള്‍, താളം പിടിച്ചപ്പോള്‍, കവിതവായിച്ച് സ്ഥലകാലം മറന്നപ്പോള്‍ അവരില്‍ രമേശന്‍നായരുടെ ഗദ്യങ്ങളില്‍ കണ്ണയച്ചവരും കാതുകൊടുത്തവരും കുറവാണെന്ന് തോന്നാറുണ്ട്.
എന്തിന് ഗദ്യമെഴുതുന്നു, പ്രസംഗങ്ങള്‍ എഴുതിവായിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ ഒരിക്കല്‍ കവി പറഞ്ഞത് ആവിഷ്കരിക്കാന്‍ രൂപവും ഘടനയും പ്രധാനമാണെന്നാണ്. അതുകൊണ്ടാണ് നാടകവും വിവര്‍ത്തനവും ബാലസാഹിത്യവും കാവ്യവും കവിതകളും പാട്ടും ചെയ്തതെന്നായിരുന്നു വിശദീകരണം. ഗീതങ്ങള്‍ ഗാനങ്ങളായി കേള്‍ക്കുന്നവരും സിനിമയുടെ ഭാഗമായി കണ്ടുകേള്‍ക്കുന്നവരും റേഡിയോയില്‍ നാടകം ശ്രവിക്കുന്നവരും നാടകം വായിക്കുന്നവരും വെവ്വേറേ ആസ്വാദകരാണെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് രമേശന് നായര്‍ പ്രസംഗംഎഴുതിത്തയാറാക്കി നടത്തുന്നത്. അതേക്കുറിച്ച് കവി പറഞ്ഞതിങ്ങനെ: ”എന്റെ ഗുരു, മഹാകവി അക്കിത്തം ഒരിക്കല്‍ പറഞ്ഞു: ‘രമേശന് നായരേ, പ്രസംഗിച്ചാല്‍പോരാ, അവ രേഖപ്പെടുത്തണം. കാറ്റില്‍ പറത്തിക്കളയേണ്ടതല്ല പ്രസംഗങ്ങള്‍. അവ എഴുതിത്തയാറാക്കിക്കൂടേ?’ എന്ന്. അങ്ങനെയാണ് ഞാന്‍ പ്രസംഗം എഴുതിത്തയാറാക്കാന്‍ തുടങ്ങിയത്.” ആ പ്രസംഗങ്ങള്‍ കവിയുടെ അതിസുന്ദരമായ ഗദ്യങ്ങളാണ്.
വാക്കിന് അസാമാന്യമായ വഴക്കം, ആവിഷ്കരണത്തിന് അസാധാരണമായ പാടവം, ആശയത്തിനെ ആഴത്തിലും പരപ്പിലും അനുഭവിപ്പിക്കാനുള്ള അപാരമായ പാണ്ഡിത്യം, ആരേയും നിര്‍നിമേഷരും ദത്തശ്രദ്ധരുമാക്കുന്ന അവതരണ വൈഭവം-ഇതില്‍ ഒന്നോ രണ്ടോമതി ഒരു പ്രസംഗകന് വിജയിക്കാന്‍ എന്നിരിക്കെ രമേശന് നായരില്‍ ഇതെല്ലാം ഉണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം പ്രസംഗങ്ങള്‍ എഴുതിത്തയാറാക്കി വേദികളില്‍വന്നു.
”പ്രസംഗിക്കാന്‍ ഏറ്റാല്‍, അത് ഒരു ചെറിയ സദസ്സിനുവേണ്ടിയാണെങ്കില്‍പ്പോലും ദിവസങ്ങള്‍ അതിന് തയാറെടുക്കുമായിരുന്നു. മുറിയിലും ഹാളിലുമായി തലങ്ങും വിലങ്ങും നടത്തംതന്നെ നടത്തം. ആ പുസ്തകം എവിടെ, മറ്റേ പുസ്തകം കാണുന്നില്ലല്ലോ എന്നിങ്ങനെ ചോദ്യങ്ങള്‍. ഒരു കവിതയെഴുതാന്‍ അദ്ദേഹത്തിന് ചുരുങ്ങിയ സമയംമതി, പ്രസംഗത്തിന് ദിവസങ്ങളുടെ ഒരുക്കമാണ്. എന്തിന് ഈ അദ്ധ്വാനം എന്ന് ചോദിച്ചാല്‍, ‘കവിത എന്റെ ആത്മാവിഷ്കാരമാണ്, ഞാന്‍ മാത്രമാണ് അതിന്റെ ഉത്തരവാദി. പ്രസംഗം ആധികാരിക വിവരങ്ങള്‍ അടങ്ങിയതാണ്. ആയിരംപേരൊന്നും കേള്‍ക്കാനുണ്ടാകില്ലായിരിക്കാം, അഞ്ചാള് കേട്ടാല്‍മതി, അവര്‍ക്ക് തൃപ്തിവരണം, അവര്‍ തെറ്റുധരിക്കാന്‍ ഇടവരരുത്’ എന്നായിരുന്നു നിലപാട്,” രമേശന് നായരുടെ ഭാര്യ രമട്ടീച്ചര്‍ പറയുന്നു; കവിയുടെ ‘ഹൃദ്രമ’യായ പി. രമ.
”പ്രസംഗങ്ങള്‍ ചിലത് 60 പേജ് വരെയുണ്ടാകും. കസേരയിലിരുന്ന് എഴുതിയെഴുതി താഴേക്ക് ഇടും. പേജ് നമ്പര്‍ നോക്കി അത് അടുക്കിക്രമപ്പെടുത്തുന്നത് എന്റെ ജോലിയാണ്. കൂട്ടത്തില്‍ വായനയും. എനിക്കവ പ്രസംഗങ്ങളായല്ല, നീണ്ടകവിതകളായാണ് തോന്നിയിരുന്നത്,” ടീച്ചര്‍ പറയുന്നു.
കാലനില്ലാത്ത കാലം, പത്രദുഃഖം എന്നീ ലേഖന സമാഹാരങ്ങള്‍ രമേശന് നായരുടേതായി ഉണ്ട്. പ്രസംഗങ്ങള്‍ പലതും പ്രകാശിതമായിട്ടില്ല. അവയുടെ കൈയെഴുത്തുപ്രതികള്‍ പരിശോധിച്ചും സമാഹരിച്ചും വെച്ചിരിക്കുന്നു ടീച്ചര്‍.
കന്യാകുമാരിയിലെ കുമാരപുരത്തുനിന്ന് തിരുവനന്തപുരത്തും തൃശൂരും എറണാകുളത്തും പലകാലത്തായി താമസിച്ച് ജോലിയും സര്‍ഗ്ഗ സൃഷ്ടിയും നടത്തിയ കവി, തിരുവനന്തപുരത്തെ ‘പവിഴമല്ലി’ എന്ന സ്വന്തം വീട്ടിലൊഴികെ മറ്റെല്ലായിടത്തും വാടകക്കാരനായിരുന്നു. ഒടുവില്‍ വിശ്രമവും വിശ്രാന്തകാലത്തെ പുതിയ ചില സാഹിത്യ-സാംസ്കാരിക പരിശ്രമങ്ങളും പദ്ധതിയിട്ടാണ് തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ട് സ്വന്തമായി വീടുവെച്ചത്. മേളങ്ങളുടെ താഴ്വരയില് മേളനങ്ങള്‍ക്ക് ഒരിടം എന്നായിരുന്നു സങ്കല്‍പ്പം; അത്ര അകലെയല്ലാതെ സ്വന്തം ഗുരുവായൂരപ്പനുമുണ്ടല്ലോ എന്ന് അധികസന്തോഷവും. വിമോഹനമായ പരിസരം പ്രകൃതിയൊരുക്കിയിരുന്നു. അവിടെ വിനീതവും വിശാലവുമായ ചില പദ്ധതികള്‍ നടപ്പാക്കാനാണ് അത്ര ആസൂത്രിതമായി വീടുവെച്ചത്. അതിന് ‘ഇഷ്ടപദി’യെന്ന തന്റെ ഇഷ്ടകവിതയുടെ പേരുമിട്ടത്. അവിടെ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു, 2021 ജൂണ്‍ 18 ന് അദ്ദേഹത്തിന്റെ ദേഹ വിയോഗം.
ഇപ്പോള്‍ ‘ഇഷ്ടപദി’യില്‍ രമട്ടീച്ചര്‍, കവിയുടെ ‘ഹൃദ്രമ’ ശ്വാസനിശ്വാസങ്ങളിലും ‘സാറിനെ’ കൂട്ടുചേര്‍ത്ത് എന്നപോലെ കഴിയുന്നു. മൂന്നുവര്‍ഷംകൊണ്ട് ആ വിയോഗം സംഭവിച്ചതായി തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. എങ്കിലും ഓരോ നിമിഷവും പുസ്തകങ്ങളായും കാഴ്ചകളായും ചിത്രങ്ങളായും സന്ദര്‍ഭങ്ങളായും ഓര്‍മ്മകളായും സുഹൃത്തുക്കളായും രമേശന് നായര്‍ അവിടെ ഇഷ്ടപദിയില്‍ എല്ലായിടത്തുമുണ്ട്.
പ്രസിദ്ധീകരിക്കാത്ത സൃഷ്ടികള്‍ പരിശോധിച്ച് അവ തരംതിരിക്കുകയാണ് ഇപ്പോള്‍ ടീച്ചര്‍. ഒരു സംഭവം ടീച്ചര്‍ ഓര്‍മ്മിച്ചെടുക്കുന്നു: ”ഞങ്ങളുടെ വിവാഹം കഴിഞ്ഞയിടെ ഒരു ദിവസം അദ്ദേഹത്തിന്റെ കവിതയിലെ ഒരുവാക്കിന് പകരം ഈ വാക്കായാലോ എന്ന് ഞാന്‍ ചോദിച്ചു. കഥയെഴുത്തുകാരി, വായനക്കാരി, അദ്ധ്യാപിക തുടങ്ങിയ എന്റെ ഭാവംകൊണ്ടായിരിക്കാം അങ്ങനെ ചോദിച്ചത്. ‘എന്റെ കവിത തിരുത്താനായിട്ടില്ല,’ എന്ന് മറുപടി വന്നു. പിന്നെ ഞാന്‍ അത്തരം അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല. ഞാനന്നു പറഞ്ഞത് വാസ്തവത്തില്‍ ചേരുന്ന മാറ്റമൊന്നുമല്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ സാറിന്റെ പ്രസംഗങ്ങള്‍, ലേഖനങ്ങള്‍ ഓരോ വാക്കും വായിച്ച് ക്രമപ്പെടുത്തുന്നു. ഇടയ്ക്ക് ഞാന്‍ ചോദിക്കും, ചെയ്യാമല്ലോ അല്ലേ. സാറ് സമ്മതിക്കും, ഉം… എന്നൊരു മൂളല്‍ കേള്‍ക്കുംപോലെ തോന്നും…” ടീച്ചര്‍ വികാരാധിക്യത്താല്‍ മൗനം പൂണ്ടു…
കുസൃതി നിറഞ്ഞ കണ്ണിലൂടെ, പുഞ്ചിരി നിറഞ്ഞ ചുണ്ടിലൂടെ, കൈകള്‍ കോര്‍ത്ത് താങ്ങിപ്പിടിച്ച താടി ഇളകാതെ, തല വലത്തുഭാഗത്തേക്ക് കുറച്ചുകൂടി ചെരിച്ച്, പുരികങ്ങള്‍കൊണ്ട് വിസ്മയം പ്രകടിപ്പിച്ചായിരിക്കണം അദ്ദേഹം ആ അനുമതി നല്കിയിരിക്കുക എന്ന് എനിക്ക് തോന്നുന്നു.
കാലനില്ലാത്ത കാലം കുഞ്ചന്‍ നമ്പ്യാര്‍ വര്‍ണ്ണിക്കുന്നത് പഞ്ചേദ്രോപാഖ്യാനം എന്ന പറയന്‍തുള്ളലിലാണ്. നര്‍മ്മമാണ് അതിന്റെയും അടിത്തറയെങ്കിലും ആശങ്കയും ഉദ്വേഗവുമാണ് അതിന്റെ ആഴത്തിലുള്ള വായനയില്‍ അനുഭവിക്കാനാവുക. ‘കാലനില്ലാത്ത കാലം’ എന്ന എസ്. രമേശന് നായരുടെ ലേഖന സമാഹാരം കാണുമ്പോള്‍ തോന്നാറുണ്ട്, അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ കവി നമുക്കൊപ്പം ഉണ്ടാകുമായിരുന്നുവല്ലോ എന്ന്. നമുക്ക് കാത്തിരിക്കാം കവിയുടെ ഗദ്യമെഴുത്തുകളെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: