കൊച്ചി: കഴിഞ്ഞ ദിവസം നടന്ന സീറോ മലബാര്‍ സിനഡിലും തീരുമാനമാകാതായതോടെ എറണാകുളം-അങ്കമാലി രൂപതയിലെ ഏകീകൃത കുര്‍ബാന വിഷയം കൂടുതല്‍ സങ്കീര്‍ണമാകുന്നു. സംഭവത്തില്‍ വിശ്വാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ത്തോമ നസ്രാണി സംഘം രംഗത്തെത്തി.
ജൂലൈ 3ന് ശേഷം ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ ഇടവക വികാരി അല്ലാതാവുമെന്നു സഭ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം ഇടവകകളില്‍ രോഗിലേപനം, സംസ്കാരം തുടങ്ങിയ ആവശ്യങ്ങള്‍ ഉണ്ടായാല്‍ വിശ്വാസികള്‍ എന്തുചെയ്യണമെന്ന് സഭാ നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. 14ന് ചേര്‍ന്ന ഓണ്‍ലൈന്‍ സിനഡ് യോഗവും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല.
എറണാകുളം – അങ്കമാലി അതിരൂപതക്കു കീഴില്‍ ഏതാണ്ട് 350 പള്ളികളാണുള്ളത്. ഇതില്‍ 10 പള്ളികളില്‍ മാത്രമാണ് സഭ നിര്‍ദേശിക്കുന്ന രീതിയിലുള്ള കുര്‍ബാന. ബാക്കിയുള്ള പള്ളികളില്‍ നിലവില്‍ കല്യാണം പോലുള്ളവ പോലും നടത്താന്‍ അനുമതിയില്ല. ജൂലൈ 3ന് ശേഷം മരണം പോലുള്ളവ ഉണ്ടായാല്‍ സംസ്കാര ശുശ്രൂഷയുടെ കാര്യവും പ്രതിസന്ധിയിലാകും. വിവാഹം പോലും അസാധുവാകുന്നതിനാല്‍ വിദേശയാത്രയടക്കം മുടങ്ങും.
ഏകീകൃക കുര്‍ബാന വിഷയത്തില്‍ സര്‍ക്കുലര്‍ ഇറക്കി വിശ്വാസികളെ വിഡ്ഢികളാക്കുന്ന പ്രവര്‍ത്തനം മേജര്‍ ആര്‍ച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ എറണാകുളത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സഭയോടൊപ്പം നില്ക്കുന്ന വിശ്വാസികളെ വിശ്വാസത്തിലെടുക്കാതെ ഇവരെ തമ്മില്‍ത്തല്ലിക്കുന്ന പ്രവര്‍ത്തനം മേജര്‍ ആര്‍ച്ച് ബിഷപ്പും അഡ്മിനിസ്ട്രേറ്ററും അവസാനിപ്പിക്കണം. കേവലം ഒരു സര്‍ക്കുലറിലൂടെ വൈദികര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുക എന്നതിലുപരി അവര്‍ അത് അനുസരിക്കുന്നില്ലെങ്കില്‍ വിശ്വാസികളുടെ മുന്നിലുള്ള പോംവഴി എന്ത് എന്നതുകൂടി വ്യക്തമാക്കാന്‍ സഭാ നേതൃത്വം ബാധ്യസ്ഥരാണ്. വിശ്വാസികളുടെ ഈ ആവശ്യങ്ങളില്‍ സഭ മറുപടി നല്‍കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
2022ല്‍ എറണാകുളം ബസിലിക്കയില്‍ 16 മണിക്കൂര്‍ തുടര്‍ച്ചയായി ആഭിചാര കര്‍മങ്ങള്‍ നടത്തിയ 33 വൈദികര്‍ക്കെതിരെ നടപടികള്‍ എടുക്കണമെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചിട്ടും ഇക്കാര്യത്തില്‍ ഇനിയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിമത പുരോഹിതര്‍ നയിക്കുന്ന പള്ളികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണം. സഭാ തലവന്‍ ഇറക്കിയ സര്‍ക്കുലര്‍, പത്ര സമ്മേളനം വിളിച്ചുകൂട്ടി തള്ളിപ്പറഞ്ഞ് കലാപ ആഹ്വാനം നടത്തിയവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സഭ നേതൃത്വം വിഷയത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റെജി ഇളമത ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കടക്കം പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: